30-40 വയസുള്ളവര്‍ ഉറക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ബാധിക്കാവുന്ന പ്രശ്നം...
11 വര്‍ഷത്തോളം നീണ്ട പഠനമായിരുന്നു ഇത്. വ്യക്തികളുടെ ഉറക്കത്തിന്‍റെ 'ക്വാളിറ്റി'യും അത് എങ്ങനെ തലച്ചോറിനെ സ്വാധീനിക്കുന്നു എന്നതും അമേരിക്കയില്‍ നിന്നുള്ള ഗവേഷകസംഘം സൂക്ഷ്മമായി പഠിച്ചു
നമ്മള്‍ യൗവനകാലത്ത് എത്ര ആരോഗ്യകരമായി ജീവിച്ചോ, അതിന്‍റെ പ്രതിഫലനമാണ് ഏറെക്കുറെ തുടര്‍ന്നുള്ള കാലത്ത് അവരുടെ ആരോഗ്യത്തിലുണ്ടാവുക. വിവിധ രോഗങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, ആരോഗ്യാവസ്ഥകളെല്ലാം ഇത്തരത്തില്‍ വരാറുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ട് ആണിനി പങ്കുവയ്ക്കുന്നത്.
'ന്യൂറോളജി' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. യൗവനകാലത്ത് ഉറക്കത്തില്‍ സന്ധി ചെയ്യുന്നത് പില്‍ക്കാലത്ത് നമ്മെ എങ്ങനെയാണ് ബാധിക്കുകയെന്നാണ് പഠനം വിശദീകരിക്കുന്നത്.
അതായത് രാത്രിയില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം വേണം എന്നാണല്ലോ പറഞ്ഞുകേള്‍ക്കാറ്. ഇതനുസരിച്ച് നേരത്തേ കിടന്ന് എങ്ങനെയെങ്കിലും ഇത്രയും മണിക്കൂര്‍ കിടക്കയില്‍ ചിലവിടാനാണ് പലരും ശ്രമിക്കുക. പക്ഷേ ഇങ്ങനെ ആവശ്യമായത്ര മണിക്കൂറുകള്‍ കിടക്കയില്‍ ചിലവിട്ടതുകൊണ്ട് മാത്രമായില്ല. ആ ഉറക്കം ആഴത്തിലുള്ളതോ സുഖകരമോ അല്ല എന്നുണ്ടെങ്കില്‍ കാര്യമില്ല.
ഇതാണ് ഈ പഠനത്തിന്‍റെയും ആധാരം. എന്നുവച്ചാല്‍ മുപ്പതുകളിലോ നാല്‍പതുകളിലോ എല്ലാം പതിവായി അസുഖകരമായ ഉറക്കമാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ അത് പത്ത് വര്‍ഷം കഴിയുമ്പോള്‍ നിങ്ങളില്‍ ഓര്‍മ്മക്കുറവുണ്ടാക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഓര്‍മ്മക്കുറവ് മാത്രമല്ല ചിന്താശേഷിയെയും ഇത് ബാധിക്കുമത്രേ.
11 വര്‍ഷത്തോളം നീണ്ട പഠനമായിരുന്നു ഇത്. വ്യക്തികളുടെ ഉറക്കത്തിന്‍റെ 'ക്വാളിറ്റി'യും അത് എങ്ങനെ തലച്ചോറിനെ സ്വാധീനിക്കുന്നു എന്നതും അമേരിക്കയില്‍ നിന്നുള്ള ഗവേഷകസംഘം സൂക്ഷ്മമായി പഠിച്ചു. അഞ്ഞൂറിലധികം പേരെയാണ് ഗവേഷകര്‍ ഈ പഠനത്തിനായി ഉപയോഗിച്ചത്.
ഉറക്കം ശരിയായി ലഭിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കും. ഇക്കാര്യം ഏവര്‍ക്കും അറിയാവുന്നത് തന്നെയാണ്. എങ്കില്‍ക്കൂടിയും അത് അമ്പതുകളുടെ അന്ത്യത്തിലേക്ക് എത്തുമ്പോഴേക്ക് ഓര്‍മ്മക്കുറവും ചിന്താവൈകല്യവും കൊണ്ടുവരുമെന്ന് ഒരു പഠനം തന്നെ അടിവരയിട്ട് പറയുമ്പോള്‍ സുഖകരമായ ഉറക്കം എത്രമാത്രം പ്രധാനമാണ് എന്ന കാര്യമാണ് ഉയര്‍ന്നുവരുന്നത്.
Also Read:- ഭക്ഷണം അധികം കഴിക്കാതിരിക്കാൻ ഒഴിവാക്കാം ഈ ശീലങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-