ഹാര്‍ട്ട് അറ്റാക്ക് പോലെ തന്നെ അപകടകരമായ അസുഖം; ലക്ഷണങ്ങള്‍ മനസിലാകാതെ പോകാം...
പക്ഷാഘാതം സംഭവിച്ചാല്‍ രോഗി മരണത്തിലേക്ക് പോകാനുള്ള സാധ്യതകളേറെയാണ്. രക്ഷപ്പെട്ടാല്‍ തന്നെ തളര്‍ന്നുകിടക്കുക, മറ്റ് വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ച് പറയുമ്പോഴെല്ലാം മിക്കവരും ഏറെ ഗൗരവത്തോടെയാണ് അത് കേട്ടിരിക്കുക. അല്ലെങ്കില്‍ ഹൃദയാഘാതം സംബന്ധിച്ച വിവരങ്ങള്‍- പ്രത്യേകിച്ച് അതിന്‍റെ ലക്ഷണങ്ങള്‍, പ്രാഥമിക ചികിത്സ, തുടര്‍ ചികിത്സ എന്നീ കാര്യങ്ങളെ കുറിച്ചെല്ലാം അധികപേരും അന്വേഷിച്ച് മനസിലാക്കാറുണ്ട്.
എന്നാല്‍ ഹൃദയാഘാതം പോലെ തന്നെ പ്രധാനമായിട്ടുള്ള- അത്രതന്നെ ഗൗരവമുള്ള, പ്രതിവര്‍ഷം ധാരാളം പേരുടെ മരണത്തിന് ഇടയാക്കുന്ന മറ്റൊരു പ്രശ്നമുണ്ട്. സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ചാണ് പറയുന്നത്.
ഇതിനെ കുറിച്ച് ഇപ്പോഴും അധികപേരും മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം. പക്ഷാഘാതം സംഭവിച്ചാല്‍ രോഗി മരണത്തിലേക്ക് പോകാനുള്ള സാധ്യതകളേറെയാണ്. രക്ഷപ്പെട്ടാല്‍ തന്നെ തളര്‍ന്നുകിടക്കുക, മറ്റ് വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ സ്ട്രോക്ക് സമയത്തിന് തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടതുമുണ്ട്.
ഇതിനായി ആദ്യം സ്ട്രോക്കിന്‍റെ ഭാഗമായി രോഗിയില്‍ പ്രകടമാകുന്ന ലക്ഷണങ്ങളെ കുറിച്ചാണ് മനസിലാക്കേണ്ടത്. തലച്ചോറിനെ ബാധിക്കുന്ന സ്ട്രോക്കിന്‍റെ ലക്ഷണങ്ങളെ കുറിച്ചറിയാം.
സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍...
സ്ട്രോക്കിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി തന്നെ അതിന്‍റെ ലക്ഷണങ്ങളാണ്. പലരിലും നേരത്തെ സ്ട്രോക്ക് അനുബന്ധ ലക്ഷണങ്ങള്‍ കാണിക്കില്ല. പ്രകടമാകുന്ന ലക്ഷണങ്ങളാകട്ടെ, പലരും നിസാരമായ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിച്ച് തള്ളിക്കളയാനും സാധ്യതയുണ്ട്. എങ്കിലും സ്ട്രോക്കിന്‍റേതായി രോഗിയില്‍ കണ്ടേക്കാവുന്ന ചില ലക്ഷണങ്ങള്‍ നിര്‍ബന്ധമായും മനസിലാക്കണം.
നടക്കാൻ പ്രയാസം തോന്നുക, തളര്‍ച്ച, നടക്കുമ്പോള്‍ ബാലൻസ് നഷ്ടമാകല്‍, സംസാരിക്കാൻ പ്രയാസം അനുഭവപ്പെടല്‍, കൃത്യമായി അതത് അവസരങ്ങളില്‍ സംസാരിക്കാൻ കഴിയാത്ത അവസ്ഥ, കാഴ്ച മങ്ങല്‍ , തലവേദന എന്നിവയെല്ലാം സ്ട്രോക്കിന്‍റെ ലക്ഷണമായി വരാവുന്ന പ്രശ്നമാണ്.
ഇതിന് പുറമെ മാനസികാവസ്ഥ പെട്ടെന്ന് മാറിമറിഞ്ഞുകൊണ്ടിരിക്കുക, വിറയല്‍, തലകറക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ശ്രദ്ധിക്കണം.
രോഗിയുടെ മുഖത്തിന്‍റെ ഒരു ഭാഗം കോടിപ്പോകുന്ന അവസ്ഥ, കൈകാലുകള്‍ തളരുക, സംസാരിക്കാൻ കഴിയാത്ത അവസ്ഥ, ഒന്നും കാണാൻ പറ്റാത്ത അവസ്ഥ, നടക്കാൻ കഴിയാത്ത അവസ്ഥ,നല്ല തലവേദന എന്നീ ലക്ഷണങ്ങളെല്ലാം കാണപ്പെടുന്നപക്ഷം ഉടൻ തന്നെ ആശുപത്രിയിലെത്തിക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളും കാണുന്നപക്ഷം ആശുപത്രിയിലെത്തി പരിശോധന നടത്തുന്നതാണ് ഏറ്റവും ഉചിതം. ആരോഗ്യപ്രശ്നങ്ങള്‍ വച്ചുകൊണ്ടിരിക്കുന്നത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതയുണ്ടാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-