സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
സ്ട്രോക്കിന്‍റെ കാരണങ്ങളും പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് - ന്യൂറോളജിസ്റ്റ് ഡോ. സി കെ രാജീവ് നമ്പ്യാർ എഴുതുന്ന ലേഖനം.
തലച്ചോറിനെ ബാധിക്കുന്ന ഒരു ഗുരുതര ആരോഗ്യ പ്രശ്മാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. സ്ട്രോക്കിന്‍റെ കാരണങ്ങളും പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് - ന്യൂറോളജിസ്റ്റ് ഡോ. സി കെ രാജീവ് നമ്പ്യാർ എഴുതുന്ന ലേഖനം.
ലോകമെമ്പാടുമുള്ള മരണത്തിനും ദീർഘകാല വൈകല്യത്തിനും സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം ഒരു പ്രധാന കാരണമാണ്. രോഗ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയുകയും അതിവേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കാനും തുടർന്നുണ്ടാകുന്ന വൈകല്യങ്ങൾ കുറയ്ക്കാനും സഹായിക്കും.
സ്ട്രോക്കുകൾ പ്രാഥമികമായി രണ്ട് തരങ്ങളായി തിരിച്ചിരിക്കുന്നു:
- ഇസ്‌കെമിക് സ്‌ട്രോക്ക്: തലച്ചോറിലെ രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടസ്സം സൃഷ്ടിക്കുന്നത്.
- ഹെമറാജിക് സ്ട്രോക്ക്: ക്ഷതമേറ്റ് തലച്ചോറിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവത്തിലേക്ക് നയിക്കുമ്പോൾ സംഭവിക്കുന്നു.
കാരണങ്ങൾ:
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, പുകവലി, അമിതവണ്ണം, ഉറക്കപ്രശ്നങ്ങൾ തുടങ്ങിയവ സ്ട്രോക്കിലേക്ക് നയിക്കുന്ന അപകടഘടകങ്ങളിൽ പ്രധാനമാണ്.
നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും:
ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് നിർണായകമാണ്. FAST-ഫാസ്റ്റ്: (മുഖം ഒരു വശത്തേക്ക് കോടൽ, കൈകളുടെ ബലക്കുറവ്, സംസാരത്തിനു ബുദ്ധിമുട്ടുകൾ, അടിയന്തര സേവനങ്ങളെ വിളിക്കാനുള്ള സമയം) എന്ന ചുരുക്കപ്പേരിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ പ്രധാന സൂചനകൾ എടുത്തുകാണിക്കുന്നു.
നൂതന ചികിത്സാ പ്രോട്ടോക്കോളുകൾ:
സ്ട്രോക്ക് ചികിത്സയിലെ സമീപകാല മുന്നേറ്റങ്ങൾ രോഗി പരിചരണത്തിൽ വിപ്ലവമാണ് സൃഷ്ടിച്ചത്.
- ഇൻട്രാവീനസ് ത്രോംബോലൈസിസ് (IVT): സ്ട്രോക്ക് ആരംഭിച്ച് 4.5 മണിക്കൂറിനുള്ളിൽ കട്ട പിടിച്ചുണ്ടായ ബ്ലോക്കുകൾ അലിയിപ്പിച്ചു കളയുന്നതിന് ആവശ്യമായ മരുന്നുകൾ (tPA) നൽകുന്നത് വഴി രക്തയോട്ടം പുനഃസ്ഥാപിക്കും.
- ത്രോംബെക്ടമി: തലച്ചോറിലെ രക്തക്കുഴലിൽ നിന്ന് കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്ന മിനിമലി ഇൻവേസീവ് നടപടിക്രമം. ലക്ഷണം കണ്ടു 24 മണിക്കൂറിനുള്ളിൽ ഈ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ കഴിയും. ഇതിൽ തന്നെ ആദ്യത്തെ ആറു മണിക്കൂറിനുള്ളിലാണെങ്കിൽ കൂടുതൽ ഫലപ്രദമാകും.
- ന്യൂറോപ്രൊട്ടക്റ്റീവ് ഏജൻ്റ്സ്: ഈ മരുന്നുകൾ ലക്ഷ്യമിടുന്നത് മസ്തിഷ്കാഘാതം ഉണ്ടാകുമ്പോൾ മസ്തിഷ്കത്തെ നാശത്തിൽ നിന്ന് സംരക്ഷിക്കുകയാണ്, ഇത് സംബന്ധിച്ച ഗവേഷണങ്ങൾ ഇപ്പോഴും സജീവമായി നടന്നുകൊണ്ടിരിക്കുന്നു.
പുനരധിവാസം:
പക്ഷാഘാതത്തിനു ശേഷമുള്ള പുനരധിവാസം നിർണായകമാണ്. റോബോട്ട്-അസിസ്റ്റഡ് തെറാപ്പി, വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ തുടങ്ങിയ നൂതന സംവിധാനങ്ങൾ രോഗികളെ പ്രവർത്തനം വീണ്ടെടുക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന നൂതന മാർഗങ്ങളാണ്.
പ്രതിരോധം :
വ്യായാമം പതിവാക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, പുകവലി നിർത്തുക, രക്തസമ്മർദ്ദം നിയന്ത്രിച്ചു കൊണ്ടുപോകുക തുടങ്ങിയ ജീവിതശൈലി നിയന്ത്രണങ്ങളിലൂടെ മസ്തിഷ്കാഘാതം വരുന്നതിന് ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.
സമഗ്ര സ്ട്രോക്ക് സെൻ്ററുകളുടെ പ്രാധാന്യം:
അത്യാധുനിക സാങ്കേതികവിദ്യയും മൾട്ടി ഡിസിപ്ലിനറി ടീമുകളും ഉൾക്കൊള്ളുന്ന സമഗ്രമായ സ്ട്രോക്ക് സെൻ്ററുകൾ വഴി രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉടനടി ചികിത്സ, തുടർ പരിചരണം, പുനരധിവാസം എന്നിവ നൽകുന്നതിൽ നിർണായകമാണ് ഈ കേന്ദ്രങ്ങൾ.
ചികിത്സാ പ്രോട്ടോക്കോളുകളിലും സംവിധാനങ്ങളിലും നാം വളരെയേറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സ്ട്രോക്ക് കെയറിൽ അതിനിർനായകം എന്നത് സ്ട്രോക്ക് സംഭവിച്ച ഏറ്റവും കുറഞ്ഞ സമയത്ത് ലഭ്യമാക്കുന്ന മികച്ച ചികിത്സ തന്നെയാണ്. നേരത്തെയുള്ള തിരിച്ചറിയൽ, വേഗത്തിലുള്ള ഇടപെടൽ, സമഗ്രമായ പരിചരണം എന്നിവയ്ക്ക് രോഗികളുടെ ഫലങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കാനും സാധിക്കും. വ്യക്തികൾക്കും ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്കും മേൽ മസ്തിഷ്കാഘാതവും അതിനുശേഷം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും ചെലുത്തുന്ന ഭാരം വളരെ വലിയതാണ്. സുവർണ്ണ മണിക്കൂറുകളിൽ ലഭിക്കേണ്ട ചികിത്സ യുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നത് അതുകൊണ്ടുതന്നെ വളരെ നിർണായകവും ആണ്.