കണ്ണിലെ കലക്കവും വേദനയും കൊവിഡ് ലക്ഷണമാകുമോ? പഠനം പറയുന്നത്...
നേരത്തേ കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണ് നേത്രരോഗമായ 'കണ്‍ജംഗ്റ്റിവൈറ്റിസ്' (ചെങ്കണ്ണ് എന്ന് പറയപ്പെടുന്ന അസുഖം). ഇപ്പോഴിതാ ഇതിനോട് ചേര്‍ത്തുവായിക്കാവുന്നൊരു നിരീക്ഷണം പങ്കുവയ്ക്കുകയാണ് പുതിയൊരു പഠനം
കൊവിഡ് 19 എന്ന മഹാമാരിയുടെ ലക്ഷണങ്ങളെ കുറിച്ച് ഇപ്പോള്‍ അടിസ്ഥാനപരമായ അവബോധമെല്ലാം സാധാരണക്കാര്‍ക്കുണ്ട്. എന്നാല്‍ പൊതുവേ കാണുന്നതിന് പുറമെ രോഗികളില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളില്‍ പലതിനെ ചൊല്ലിയും ഇപ്പോഴും തര്‍ക്കങ്ങളും ആശയപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്.
പലപ്പോഴായി ലോകാരോഗ്യ സംഘടന തന്നെ പല ലക്ഷണങ്ങളും കൂട്ടിച്ചേര്‍ക്കുകയും വ്യക്തത വരുത്തുകയുമെല്ലാം ചെയ്തിരുന്നു. മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം കൊവിഡ് 19 പുതിയൊരു വെല്ലുവിളി ആയിരുന്നു. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നമ്മള്‍ പഠിച്ചും മനസിലാക്കിയുമെല്ലാം വരുന്നതേയുള്ളൂ എന്ന് വേണം കരുതാന്‍.
നേരത്തേ കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണ് നേത്രരോഗമായ 'കണ്‍ജംഗ്റ്റിവൈറ്റിസ്' (ചെങ്കണ്ണ് എന്ന് പറയപ്പെടുന്ന അസുഖം). ഇപ്പോഴിതാ ഇതിനോട് ചേര്‍ത്തുവായിക്കാവുന്നൊരു നിരീക്ഷണം പങ്കുവയ്ക്കുകയാണ് പുതിയൊരു പഠനം.
കണ്ണിലെ കലക്കം, വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും കൊവിഡ് ലക്ഷണമായി വരാമെന്നാണ് ഈ പഠനം വാദിക്കുന്നത്. 'ബിഎംജെ ഓപ്പണ്‍ ഒപ്താല്‍മോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന് നമുക്കറിയാം. എന്നാല്‍ മറ്റ് പല അവയവങ്ങളുടെ പ്രവര്‍ത്തനത്തേയും ഇത് തകരാറിലാക്കുന്നതായും നാം കണ്ടു.
എന്തുകൊണ്ടാണ് ഒരു ശ്വാസകോശ രോഗമായിട്ടുകൂടി കൊവിഡ് മറ്റ് അവയവങ്ങളേയും ബാധിക്കുന്നതെന്ന് വ്യക്തമായി വിശദമാക്കാന്‍ പലപ്പോഴും വിദഗ്ധര്‍ക്കാവുന്നില്ല. കണ്ണിന്റെ കാര്യവും അങ്ങനെ തന്നെ. 'കണ്‍ജംഗ്റ്റിവൈറ്റിസ്' വളരെ കുറവ് ശതമാനം രോഗികളില്‍ മാത്രമേ ലക്ഷണമായി വരികയുള്ളൂവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പുതിയ പഠനം പറയുന്നത്, കൊവിഡ് മൂലം കണ്ണിനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കലക്കവും വേദനയുമാണെന്നാണ്. ഇത് തീവ്രമായ പ്രശ്‌നമായി മാറാത്തതിനാല്‍ തന്നെ അത്രമാത്രം ശ്രദ്ധ ലഭിക്കാതെ പോവുകയാണെന്നും പഠനം വിശദമാക്കുന്നു.
18 ശതമാനം കൊവിഡ് രോഗികള്‍ക്ക് വെളിച്ചം കാണുന്നത് പ്രശ്‌നമാകുന്ന 'ഫോട്ടോഫോബിയ'യും 17 ശതമാനം പേര്‍ക്ക് കണ്ണില്‍ ചൊറിച്ചിലും 16 ശതമാനം പേര്‍ക്ക് കണ്ണ് വേദനയും അനുഭവപ്പെടുമെന്ന് പഠനം പറയുന്നു. 'കണ്‍ജംഗ്റ്റിവൈറ്റിസ്' തന്നെ വെവ്വേറെ തരം ഉണ്ടെന്നും കണ്ണില്‍ വേദനയും കലക്കവും ഉണ്ടാകുന്ന എല്ലാ സാഹചര്യത്തേയും 'കണ്‍ജംഗ്റ്റിവൈറ്റിസ്' ആയി കണക്കാക്കാനാവില്ലെന്നും ആരോഗ്യവിദഗ്ധരും സൂചിപ്പിക്കുന്നു. ഒപ്പം തന്നെ മറ്റ് കൊവിഡ് ലക്ഷണങ്ങളായ ചുമ, പനി, തൊണ്ടവേദന തുടങ്ങിയ ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം. ഈ ലക്ഷണങ്ങളെല്ലാം ഒരുമിച്ച് കണ്ടാല്‍ തീര്‍ച്ചയായും ഐസൊലേഷനില്‍ പോവുകയും പിന്നീട് ടെസ്റ്റ് നടത്തുകയും ചെയ്യേണ്ടതാണ്.