Lung Cancer : പുകവലി നിര്‍ത്തിയാലും ക്യാൻസര്‍ സാധ്യതയോ?

ശ്വാസകോശ അർബുദം തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അത് ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കും. ചെറിയ ട്യൂമറുകൾ ആണെങ്കിൽ ശസ്ത്രക്രിയ നടത്തി അവ നീക്കം ചെയ്യാം.

smoking is the leading cause for lung cancer says experts

“പുകവലി ആരോഗ്യത്തിന് ഹാനികരം!”... സിനിമയുടെ ടൈറ്റിൽ മുതൽ സിഗരറ്റിന്റെ പാക്കറ്റിൽ വരെ നാം ദിവസവും കാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു മുന്നറിയിപ്പാണിത്. എന്നിട്ടും ഇതിവിടെ വീണ്ടും എടുത്തുപറയുന്നത് ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ കാൻസർ ( Lung Cancer ) ദിനമായത് കൊണ്ടാണ്. അതുകൊണ്ട്, പതിവ് പോലെ ഇതിനെയും അവഗണിക്കാതെ, ആരോഗ്യമുള്ള നല്ല നാളെകൾക്കായി തുടർന്ന് വായിക്കുക. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റായി തുടങ്ങിയ ശീലമായിരിക്കും പുകവലി. സുഹൃത്തുക്കളുടെയോ സിനിമകളുടെയോ സ്വാധീനം കൊണ്ടായിരിക്കും പലരും പുകവലിച്ചു തുടങ്ങുന്നത്. പക്ഷെ ആ  ശീലം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഗൗരവം ( Smoking Causes Cancer ) തിരിച്ചറിഞ്ഞാൽ, ഒരിക്കലും നിങ്ങൾ പുകവലിച്ച് തുടങ്ങില്ല.

നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ആളുകളിൽ കാണുന്ന അർബുദമാണ് ശ്വാസകോശ ക്യാൻസർ ( Lung Cancer ) . ലോകത്താകമാനം ഏറ്റവുമധികം ആളുകളെ കൊല്ലുന്ന രോഗങ്ങളിൽ ഒന്നും അതുതന്നെ. ശ്വാസകോശ അർബുദത്തിന് ചികിത്സ തേടിയെത്തുന്നവരിൽ പത്തിൽ ഒമ്പത് പേരും പുകവലിക്കാരാണ്.എന്നാൽ ഇപ്പോൾ ഈ ക്യാൻസറിന് ചികിത്സ തേടിയെത്തുന്നവരിൽ 25% വും പുകവലിക്കാത്തവരാണ്. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു.

പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതാണ് അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഒരു വീട്ടിൽ സ്ഥിരമായി പുകവലിക്കുന്ന ഒരാളുണ്ടെങ്കിൽ ആ വീട്ടിലെ മുഴുവൻ ആളുകളും ശ്വാസകോശ അർബുദത്തിന്റെ റിസ്കിലാണ് എന്നർത്ഥം.

പക്ഷെ ശ്വാസകോശ കാൻസറിന്റെ തുടക്കത്തിൽ പുറമെ ലക്ഷണങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. കാരണം ശ്വാസകോശത്തിന്റെ ഉള്ളിലായിരിക്കും ആദ്യം ട്യൂമറുകൾ ഉണ്ടാവുക. പ്രാഥമിക ടെസ്റ്റുകൾ നടത്തിനോക്കിയാൽ പോലും അതെളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയില്ല. പിന്നീട് ട്യൂമറുകൾ വലുതാവുകയും  ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്യുമ്പോൾ മാത്രമാണ് പലരിലും രോഗം തിരിച്ചറിയുന്നത്.

പുകവലിക്കുന്നവർ അറിയേണ്ടത്.

അമ്പത് വയസിനു ശേഷവും സ്ഥിരമായി പുകവലിക്കുന്നവർ  ( Smoking Causes Cancer ) ശ്വാസകോശ അർബുദം ഉണ്ടോയെന്ന് കണ്ടെത്താൻ പരിശോധനകൾക്ക് വിധേയമാകുന്നത് നല്ലതാണ്. ലോ ഡോസ് സിടി സ്കാനിലൂടെ രോഗം നേരത്തെ കണ്ടെത്താനും ചികിൽസിക്കാനും കഴിയും. പ്രായമേറുന്തോറും അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടും. അതുകൊണ്ട് പുകവലിക്കുന്നവർ ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാകണം. സ്ത്രീകളിൽ മുപ്പത് വയസിനു മുകളിലുള്ളവരിലും ഇപ്പോൾ ഈ രോഗം കണ്ടുവരുന്നു.

വർഷങ്ങൾക്ക് മുൻപേ പുകവലി നിർത്തിയവരും ക്യാൻസറിന്റെ റിസ്കിൽ നിന്നും മോചിതരാവണം എന്നില്ല. അങ്ങനെയുള്ളവരും എല്ലാവർഷവും ലോ ഡോസ് സിടി സ്കാനിന് വിധേയരാകേണ്ടത് അത്യാവശ്യമാണ്. സാധാരണ സിടി സ്കാനിലൂടെ ശ്വാസകോശ അർബുദം കണ്ടെത്താൻ കഴിയില്ല.

പെട്ടെന്നുണ്ടാകുന്ന ഒരു രോഗാവസ്ഥയല്ല കാൻസർ. അതൊരു ജീവിതശൈലി രോഗമാണ്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചില ശീലങ്ങൾ കാരണം ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. വർഷങ്ങളോളം സിഗരറ്റ് വലിച്ചിരുന്ന ഒരാൾ പുകവലി നിർത്തിയാലും കാൻസർ വന്നേക്കാം. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ സിഗരറ്റുകൾ വലിക്കുന്നവരും റിസ്കിലാണ്. പുകവലി നിർത്തേണ്ട കാര്യം ഇല്ല എന്ന് ഇതിന് അർഥമില്ല. പുകവലി നിർത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൃദയം ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങളുടെ ആരോഗ്യം പതിയെ മെച്ചപ്പെട്ടു തുടങ്ങും. കാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയുകയും ചെയ്യും. അതേസമയം സിഗരറ്റ് വലി തുടരുന്ന കാലത്തോളം കാൻസർ വരാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലായി തുടരുകയും ചെയ്യും. എത്രയും വേഗം നിർത്തുന്നുവോ അത്രയും നല്ലത്.

സിഗരറ്റിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നേരെ ചെല്ലുന്നത് നമ്മുടെ ശ്വാസകോശത്തിലേക്കാണ്. ഈ കെമിക്കലുകൾ നമ്മുടെ ശരീരത്തിന്റെ ഡി.എൻ.എയെ ബാധിക്കുന്നു. ഡിഎൻഎ ഘടന മാറുന്നതോടെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ട്യൂമറുകൾ ഉണ്ടാവുകയും ചെയ്യുന്നു. എല്ലാ അർബുദത്തിലും എന്ന പോലെ ശ്വാസകോശത്തെയും ക്യാൻസർ ബാധിക്കുന്നത് ഇങ്ങനെ തന്നെയാണ്. പക്ഷെ ഇവിടെ പാരമ്പര്യത്തിന് വലിയ റോളില്ല.ശ്വാസകോശ അർബുദം ഗുരുതരമായി കഴിയുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. കഫത്തിൽ രക്തം, ശ്വാസംമുട്ട്, നെഞ്ചുവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ.

ആധുനിക ചികിത്സാ രീതികൾ

ശ്വാസകോശ അർബുദം തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അത് ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കും. ചെറിയ ട്യൂമറുകൾ ആണെങ്കിൽ ശസ്ത്രക്രിയ നടത്തി അവ നീക്കം ചെയ്യാം. പ്രായമായവരിൽ ഓപ്പറേഷൻ സാധ്യമല്ലെങ്കിൽ റേഡിയേഷൻ തെറാപ്പിയിലൂടെയും രോഗത്തെ തോൽപ്പിക്കാം.

മുഴ വലുതാണെങ്കിൽ ഓപ്പറേഷന് ശേഷവും കീമോ, റേഡിയേഷൻ തെറാപ്പികൾ നടത്താറുണ്ട്. ഇത് ക്യാൻസർ മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലാണ്.
ഡിഎൻഎയിൽ വരുന്ന മാറ്റങ്ങൾ കാരണം ഉണ്ടാകുന്ന അർബുദത്തെ ചെറുക്കാൻ  ഇപ്പോൾ ടാർഗെറ്റഡ് മോളിക്യൂലർ തെറാപ്പി പ്രയോജനപ്പെടുത്താറുണ്ട്. ബയോപ്സി ടെസ്റ്റിലൂടെ ജീനിൽ വന്നിട്ടുള്ള മാറ്റങ്ങളെ നേരത്തെ തിരിച്ചറിയാം. അതുവഴി കൃത്യമായ മരുന്നുകളിലൂടെ വലിയ ഒരളവ് വരെ കാൻസറിനെ ചെറുക്കാൻ കഴിയും.

ശ്വാസകോശ അർബുദത്തിന്റെ ചികിത്സയിൽ ഇമ്മ്യൂണോ തെറാപ്പിയ്ക്കും വലിയ പങ്കുണ്ട്. ക്യാൻസറിന്റെ അവസാന സ്റ്റേജിൽ (സ്റ്റേജ് 4) എത്തിയവരിൽ 20% പേർക്ക് ഇമ്മ്യൂണോ തെറാപ്പിയിലൂടെ രോഗം ഭേദമായതായി പുതിയ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതൊരു വിലയേറിയ ചികിത്സാ രീതിയാണ്.

വായുമലിനീകരണവും വില്ലൻ

പുകവലിക്കാത്തവരെയും ശ്വാസകോശ അർബുദം ബാധിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നതും വായുമലിനീകരണവും അതിന് കാരണമാകുന്നു. തൊഴിലിടങ്ങളിൽ നിന്നും വിഷാംശമുള്ള പുക ശ്വസിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. അത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും പ്രത്യേക മാസ്ക് ധരിച്ചിരിക്കണം.ശ്വാസകോശ ക്യാൻസറിനെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാവുന്നത് പുകവലി പോലെയുള്ള റിസ്ക് ഫാക്ടറുകൾ പരമാവധി ഒഴിവാക്കുക എന്നതാണ്. നല്ല ഭക്ഷണ ശൈലിയും വ്യായാമവും ശീലമാക്കുക. മദ്യപാനം ഒഴിവാക്കുക. വിഷവായു, പദാർത്ഥങ്ങൾ ശ്വസിക്കാൻ ഇടയാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

വളരെ പെട്ടെന്ന് സ്ഥിതി വഷളാക്കുന്ന ഒരു രോഗാവസ്ഥയാണ് ശ്വാസകോശ അർബുദം. വിട്ടുമാറാത്ത ചുമയും കടുത്ത വേദനയും രോഗിയുടെ നില കഠിനമാക്കും. അങ്ങനെയുള്ളവർക്ക് നിരന്തരം ഓക്സിജൻ കൊടുക്കേണ്ടത് ആവശ്യമായി വരും. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ പാലിയേറ്റിവ് കെയറിന് വലിയ പ്രാധാന്യമുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. അരുണ്‍ ആര്‍ വാര്യര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

Also Read:- വിശപ്പില്ലായ്മ തൊട്ട് അസ്വസ്ഥതകള്‍; അറിയാം ആമാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios