ദിവസവും ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ; അറിയാം കുരുമുളകിന്‍റെ ഗുണങ്ങള്‍...
കഴിയുന്നതും ദിവസേന മിക്ക വിഭവങ്ങളിലും കുരുമുളക് ചേര്‍ക്കാൻ സാധിച്ചാല്‍ അത് ആരോഗ്യത്തിന് പലവിധത്തിലുമുള്ള ഗുണങ്ങളേകും. ഇത്തരത്തില്‍ പതിവായി കുരുമുളക് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
കുരുമുളക് നാം മിക്കപ്പോഴും പാചകത്തിനുപയോഗിക്കുന്നൊരു ചേരുവ തന്നെയാണ്. എങ്കിലും കുരുമുളക് പതിവായി ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. നല്ലൊരു സ്പൈസ് എന്ന നിലയില്‍ എരിവിനും ഫ്ളേവറിനുമെല്ലാം വേണ്ടി ചില വിഭവങ്ങളില്‍ മാത്രമാണ് നാം കുരുമുളക് ചേര്‍ക്കാറ്. പ്രത്യേകിച്ച് നോണ്‍- വെജ് വിഭവങ്ങളില്‍.
എന്നാല്‍ കഴിയുന്നതും ദിവസേന മിക്ക വിഭവങ്ങളിലും കുരുമുളക് ചേര്‍ക്കാൻ സാധിച്ചാല്‍ അത് ആരോഗ്യത്തിന് പലവിധത്തിലുമുള്ള ഗുണങ്ങളേകും. ഇത്തരത്തില്‍ പതിവായി കുരുമുളക് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കുരുമുളക് പതിവായി കഴിക്കുന്നത് നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ദഹനം കുറയുമ്പോഴുണ്ടാകുന്ന ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, മലബന്ധം പോലുള്ള പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് കുരുമുളക് സഹായകമാണ്. ഇതിന് പുറമെ ഭക്ഷണത്തില്‍ നിന്ന് അവശ്യം വേണ്ട പോഷകങ്ങള്‍ സ്വീകരിക്കുന്നതിന് ശരീരത്തെ സഹായിക്കാനും കുരുമുളകിന് കഴിയും.
രണ്ട്...
കുരുമുളകിലുള്ള ആന്‍റി-ഓക്സിഡന്‍റ് സ്, വൈറ്റമിൻ-സി, വൈറ്റമിൻ -എ, ഫ്ളേവനോയിഡ്സ്, കരോട്ടിനോയിഡ്സ് എന്നിവ പല അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയുമെല്ലാം ചെറുക്കാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും കുരുമുളകിന് സാധിക്കും.
മൂന്ന്...
സന്ധിവാതം, ആസ്ത്മ, ചില ത്വക്ക് രോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കുന്നതിനും കുരുമുളക് പ്രയോജനപ്രദമാണ്. കുരുമുളകിലുള്ള പിപ്പെറിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
നാല്...
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം കുരുമുളക് ചേര്‍ക്കാവുന്നതാണ്. ഇത് അവരുടെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക്- പ്രത്യേകിച്ച് ഭക്ഷണത്തിലൂടെയുള്ള ശ്രമങ്ങള്‍ക്ക് വേഗത പകരും. ദഹനം വേഗത്തിലാക്കുന്നത് വഴിയും, കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നത് വഴിയും, കലോറിയെ പെട്ടെന്ന് എരിയിച്ച് കളയുന്നത് വഴിയുമെല്ലാം വണ്ണം കുറയ്ക്കാൻ കുരുമുളക് സഹായിക്കും.
അഞ്ച്...
ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കുരുമുളക് സഹായപ്രദമാണ്. എങ്ങനെയെന്നാല്‍ ശ്വാസകോശത്തെ പ്രശ്നത്തിലാക്കുന്ന ചുമ, തൊണ്ടയടപ്പ്, മൂക്കടപ്പ്, സൈനസൈറ്റിസ് പോലുള്ള അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനും കുരുമുളക് സഹായിക്കുന്നു. ബാക്ടീരിയ പോലുള്ള രോഗകാരികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കുരുമുളകിന്‍റെ കഴിവാണ് ഇവിടെ സഹായകമാകുന്നത്.
ആറ്...
ചില പഠനങ്ങള്‍ പറയുന്നത് കുരുമുളക് തലച്ചോറിന്‍റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു എന്നാണ്. സെറട്ടോണിൻ, ഡോപമിൻ തുടങ്ങിയ നമുക്ക് പോസിറ്റീവായി വരുന്ന കെമിക്കലുകളുടെ ഉത്പാദനം കൂട്ടാൻ കുരുമുളക് സഹായിക്കുമത്രേ. ഇതോടെ നമ്മുടെ മാനസികാവസ്ഥയും മെച്ചപ്പെടുന്നു. കൂട്ടത്തില്‍ പതിയെ തലച്ചോറിന്‍റെ പ്രവര്‍ത്തനവും മെച്ചപ്പെടുന്നു.
Also Read:- മോണ രോഗം ചികിത്സിച്ചില്ലെങ്കില്‍ അത് ഭാവിയിലുണ്ടാക്കുന്ന മറ്റ് രോഗങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-