ഈ ആറ് രോഗങ്ങള്‍ നിങ്ങളുടെ കണ്ണിന്‍റെ കാഴ്ചശക്തിയെ കവര്‍ന്നെടുക്കാം...
പ്രായാധിക്യം മൂലം പല അസുഖങ്ങളും നമ്മുടെ കണ്ണുകളെ ബാധിക്കാം. അല്ലാതെയും കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളുണ്ട്. എങ്കിലും അധികവും പ്രായം ചെല്ലുംതോറും തന്നെ കണ്ണുകള്‍ കൂടുതലും പ്രശ്നത്തിലാവുക.
നമ്മുടെ ഓരോ അവയവും നമുക്ക് പ്രധാനം തന്നെയാണ്. ഓരോന്നിനും ഓരോ രീതിയിലുള്ള ധര്‍മ്മങ്ങളാണല്ലോ ഉള്ളത്. എങ്കിലും ചില അവയവങ്ങളുടെ കാര്യത്തില്‍ നമുക്ക് കുറെക്കൂടി ഉത്കണ്ഠയുണ്ടാകാം. കണ്ണുകള്‍ ഇങ്ങനെയൊരു അവയവം തന്നെയാണ്.
പ്രായാധിക്യം മൂലം പല അസുഖങ്ങളും നമ്മുടെ കണ്ണുകളെ ബാധിക്കാം. അല്ലാതെയും കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളുണ്ട്. എങ്കിലും അധികവും പ്രായം ചെല്ലുംതോറും തന്നെ കണ്ണുകള്‍ കൂടുതലും പ്രശ്നത്തിലാവുക. ഇത്തരത്തില്‍ കണ്ണുകളുടെ കാഴ്ചശക്തിയെ തന്നെ കവര്‍ന്നെടുക്കുന്ന ആറ് രോഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
'ഡയബെറ്റിക് റെറ്റിനോപ്പതി' അഥവാ പ്രമേഹരോഗികളെ ബാധിക്കുന്ന കാഴ്ചാപ്രശ്നം ആണ് ഇതിലൊന്ന്. പ്രമേഹം അധികരിക്കുമ്പോള്‍ മാത്രമാണ് അത് കാഴ്ചയെ ബാധിക്കുന്ന അവസ്ഥയിലെത്തുന്നത്. പ്രമേഹവും, ബിപിയുണ്ടെങ്കില്‍ അതും എല്ലാം നിയന്ത്രിച്ച് മുന്നോട്ട് പോകാനായാല്‍ 'ഡയബെറ്റിക് റെറ്റിനോപ്പതി'യെ പ്രതിരോധിക്കാനാകും.
രണ്ട്...
തിമിരമാണ് കണ്ണിന്‍റെ കാഴ്ചയെ ബാധിക്കുന്ന മറ്റൊരു രോഗം. അധികവും പ്രായമായവരെ തന്നെയാണ് തിമിരം ബാധിക്കുന്നുള്ളൂ. എങ്കിലും ചെറുപ്പക്കാരിലും തിമിരം കാണാറുണ്ട്.
മൂന്ന്...
പ്രായമായവരില്‍ ഏറ്റവും സാധാരണമായി സംഭവിക്കുന്ന കാഴ്ചക്കുറവിനെ 'ഏജ്-റിലേറ്റഡ് മാക്യുലാര്‍ ഡീജനറേഷൻ' (എഎംഡി) എന്നാണ് വിളിക്കുന്നത്. 55 വയസ് കടന്നവരിലാണ് ഇതിനുള്ള സാധ്യതകള്‍ വരുന്നത്. പക്ഷേ അപൂര്‍വം സാഹചര്യങ്ങളില്‍ ചെറുപ്പക്കാരിലും എഎംഡി കാണാറുണ്ട്.
നാല്...
ഗ്ലൂക്കോമയെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് കാഴ്ചയുടെ സന്ദേശങ്ങള്‍ കൈമാറുന്ന നാഡി ബാധിക്കപ്പെടുന്ന അവസ്ഥയെന്ന് പറയാം. ഇതും ക്രമേണ കാഴ്ചയെ തന്നെയാണ് ബാധിക്കുന്നത്. ഗ്ലൂക്കോമ നേരത്തേ കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ നേടാനാകും.
അഞ്ച്...
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് കേട്ടിട്ടില്ലേ? സ്ട്രോക്കും ചിലരുടെ കാഴ്ചയെ ബാധിക്കാറുണ്ട്. കാരണം ഇത് തലച്ചോറിനെയാണ് പ്രധാനമായും ബാധിക്കുന്നത്. ഇതോടെ കാഴ്ചയും കൂട്ടത്തില്‍ ബാധിക്കപ്പെടുകയാണ്. സ്ട്രോക്കിന്‍റെ ലക്ഷണമായിത്തന്നെ കാഴ്ച മങ്ങല്‍ പോലുള്ള പ്രയാസങ്ങള്‍ കാണാറുണ്ട്.
ആറ്...
'റെറ്റിനൈറ്റിസ് പിഗ്മെന്‍റോസ' അഥവാ ജനിതകമായി കണ്ണുകളെ ബാധിക്കുന്നൊരു പ്രശ്നം. കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെയാണ് ഇത് കാര്യമായും ബാധിക്കുന്നത്. സൈഡിലുള്ള കാഴ്ച ഇല്ലാതാവുക, വെളിച്ചം കുറവുള്ളപ്പോള്‍ കാഴ്ചാപ്രശ്നം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇത് അധികവും സൃഷ്ടിക്കുന്നത്. ഇതിനുള്ള ചികിത്സയും പരിമിതമാണ്. എങ്കിലും തെറാപ്പിയും കൗണ്‍സിലിംഗും അടക്കമുള്ള ചികിത്സകള്‍ നല്‍കാറുണ്ട്.
Also Read:- കണ്ണില്‍ എന്തെങ്കിലും പരുക്ക് പറ്റിയാല്‍ വെള്ളം കൊണ്ട് കഴുകാമോ? ചെയ്യേണ്ടത് എന്തെല്ലാം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-