ഇളയരാജയുടെ മകള്‍ മരിച്ചത് ഈ ക്യാന്‍സര്‍ മൂലം; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍...
47 വയസായിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദബാധിത ആയിരുന്ന ഭവതാരിണി. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.
പ്രശസ്ത സംഗീതസംവിധായകനായ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി അന്തരിച്ചു. ഭവതാരിണിയുടെ മരണം ഉദര അർബുദം മൂലമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 47 വയസായിരുന്നു ഭവതാരിണിക്ക്. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദബാധിത ആയിരുന്നു ഭവതാരിണി. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.
ഭവതാരിണിയുടെ ആരോഗ്യപ്രശ്‌നങ്ങൾ പിത്താശയത്തിലെ കല്ലുമായി ബന്ധപ്പെട്ടതാണെന്ന് ആദ്യം കുടുംബം കരുതിയത്. തുടക്കത്തിലെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോയതാണ് രോഗ നിര്‍ണയം വൈകിയത്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് ഉദര അർബുദം അഥവാ വയറിലെ ക്യാന്‍സര്‍ എന്ന് പറയുന്നത്. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.
ലക്ഷണങ്ങള്‍...
വയറിന്റെ മുകൾ ഭാഗത്തെ നിരന്തരമായ വേദനയാണ് ആദ്യ സൂചന. അതുപോലെ ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെല്ലിന് താഴെ വയറിന്റെ മുകൾ ഭാഗം നിറഞ്ഞതായി അനുഭവപ്പെടുക, എപ്പോഴുമുള്ള അസിഡിറ്റി, ഛർദ്ദി, എപ്പോഴുമുള്ള ദഹനക്കേട്, നെഞ്ചെരിച്ചിൽ, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.
മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഈ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ ഗാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. പകരം പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, വെളുത്തുള്ളി തുടങ്ങിയവ കഴിക്കുക. കൂടാതെ, വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...