വണ്ണം കൂടുന്നത് ഈ രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതുകൊണ്ട്; ബോഡിഷെയിം ചെയ്തവരോട് സെലീന
ടിക്ടോക്കിലൂടെയാണ് സെലീന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നിൽ താൻ ലൂപസ് രോഗത്തിന് കഴിക്കുന്ന മരുന്നുകളാണെന്ന് പറയുകയാണ് സെലീന.
നിരവധി ആരാധകരുള്ള താരമാണ് അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ബോഡി പോസിറ്റിവിറ്റിയുടെ സന്ദേശം ലോകത്തിന് മുമ്പില്‍ എത്തിക്കാനും താരം മുന്നേട്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ വണ്ണത്തിന്‍റെ പേരില്‍ തന്നെ ബോഡിഷെയിം ചെയ്യുന്നവർക്ക് സെലീന നൽകിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ടിക്ടോക്കിലൂടെയാണ് സെലീന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നിൽ താൻ ലൂപസ് രോഗത്തിന് കഴിക്കുന്ന മരുന്നുകളാണെന്ന് പറയുകയാണ് സെലീന. താനൊരിക്കലും ഒരു മോഡൽ ആകുവാൻ പോകുന്നില്ലെന്നും തന്റെ ശരീരം ഇഷ്ടപ്പെടാത്ത ആളുകൾ മാറിപ്പോകൂ എന്നും സെലീന പറഞ്ഞു.
മരുന്ന് കഴിക്കുമ്പോൾ തന്റെ ഭാരം വർധിക്കും, അതു വളരെ സാധാരണവുമാണ്. അത് കഴിക്കാതിരിക്കുമ്പോൾ വണ്ണം കുറയുകയും ചെയ്യും. തന്നെപ്പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന യഥാർഥ കഥയറിയാതെ ബോഡിഷെയിം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറയുന്നതെന്നും സെലീന പറഞ്ഞു. ഇത്തരം കമന്റുകൾ തന്റെ മാനസികാവസ്ഥയെ ബാധിക്കുന്നതിനെക്കുറിച്ചും സെലീന പറയുന്നുണ്ട്. എല്ലാത്തിലുമുപരി തനിക്ക് തന്റെ ചികിത്സയാണ് പ്രധാനമെന്നും അതാണ് തന്നെ സഹായിക്കുന്ന ഘടകമെന്നും സെലിന കൂട്ടിച്ചേർക്കുന്നു. ഒരാളെ ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ കളിയാക്കുന്നവരിൽ തനിക്ക് വിശ്വാസമില്ലെന്നും സെലീന പറഞ്ഞു.
2014ലാണ് സെലീനയ്ക്ക് ലൂപസ് രോഗം സ്ഥിരീകരിച്ചത്. 2017-ൽ രോഗത്തിന്‍റെ ഫലമായി വൃക്കയ്ക്ക് തകരാർ വന്നതോടെ സെലീനയുടെ ആത്മാർഥ സുഹൃത്തായ ഫ്രാൻസിയ റെയ്സാണ് അവരുടെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുകയും അത് സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപസ് രോഗം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. ത്വക്ക്, സന്ധികൾ, ശ്വാസകോശം, മസ്തിഷ്‌കം, കണ്ണ്, നാഡികൾ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും രോഗം ബാധിക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍ പതുക്കെയാണ് ഈ രോഗലക്ഷണം പ്രകടമാകുന്നത്. ലക്ഷണങ്ങള്‍ വളരെ സാധാരണമായതു കൊണ്ടുതന്നെ ലൂപസ് രോഗം തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ്.
എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ആറുമാസം വരെ നീണ്ടു നില്‍ക്കാവുന്ന വിട്ടുമാറാത്ത പനി, സന്ധിവേദന, ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും രോഗലക്ഷണമാണ്. തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, മറുകുകള്‍, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, മുഖത്ത് കവളിലും മൂക്കിലുമായി ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ചുവന്ന പാടുകള്‍ ഒപ്പം വെയില്‍ അടിക്കുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമായി വരാം, വായിലുണ്ടാകുന്ന വ്രണങ്ങള്‍, അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപസ് രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: 'ശരീരം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി വസ്ത്രം ധരിച്ചതാണോ?'; ഭൂമിക്കെതിരെ വിമര്‍ശനം