കൊവിഡ് ഉയര്‍ത്തുന്ന മറ്റൊരു വെല്ലുവിളി; പരിഹാരം നിര്‍ദേശിച്ച് ഗവേഷകര്‍...
അലക്ഷ്യമായി ഉപേക്ഷിക്കുന്ന പിപിഇ കിറ്റ്- മാസ്‌ക്- ഗ്ലൗസ് പോലുള്ളവയില്‍ നിന്ന് രോഗവ്യാപനമുണ്ടാകുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് നാഗ്പൂരില്‍ റെയിന്‍കോട്ടാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റെടുത്ത് അണിഞ്ഞ് പുറത്തുപോയ ഒരാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത്
കൊവിഡ് 19 ഒരു ആരോഗ്യ പ്രതിസന്ധി മാത്രമായി ഒതുങ്ങുന്നില്ല. സമൂഹത്തിന്റെ ആകെ നിലനില്‍പിനെ പല തരത്തില്‍ ബാധിച്ചുവരികയാണ് കൊവിഡ്. സാമ്പത്തിക മേഖല, തൊഴില്‍ മേഖല, സാമൂഹികജീവിതം, മാനസികാരോഗ്യം എന്നിങ്ങനെ കൊവിഡ് തൊടാത്ത വിഷയങ്ങളില്ല.
ഇതിനിടെ കൊവിഡ് മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും വലിയ വെല്ലുവിളിയായി പിന്നീട് പരിണമിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രോഗവ്യാപനം തടയാനായി ആരോഗ്യപ്രവര്‍ത്തകരും പ്രൊഫഷണലുകളും ഉപയോഗിച്ച് ഒഴിവാക്കുന്ന പിപിഇ കിറ്റുകള്‍, സാധാരണക്കാര്‍ ഉള്‍പ്പെടെ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന മാസ്‌കുകളും ഗ്ലൗസുകളുമെല്ലാം ഭാവിയില്‍ വലിയ തോതില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതുപോലെ തന്നെ അലക്ഷ്യമായി ഉപേക്ഷിക്കുന്ന പിപിഇ കിറ്റ്- മാസ്‌ക്- ഗ്ലൗസ് പോലുള്ളവയില്‍ നിന്ന് രോഗവ്യാപനമുണ്ടാകുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് നാഗ്പൂരില്‍ റെയിന്‍കോട്ടാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റെടുത്ത് അണിഞ്ഞ് പുറത്തുപോയ ഒരാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത്.
ദില്ലിയില്‍, ഉപയോഗിച്ച ശേഷം അലക്ഷ്യമായി വീടിന് താഴേക്ക് പിപിഇ കിറ്റ് വലിച്ചെറിഞ്ഞ കൊവിഡ് രോഗിക്കെതിരെ പൊലീസിന് കേസ് വരെ ഫയല്‍ ചെയ്യേണ്ടി വന്നു. പലയിടങ്ങളില്‍ ഇത്തരത്തില്‍ അശ്രദ്ധമായി പിപിഇ കിറ്റുകളും മാസ്‌കുകളും ഗ്ലൗസുമെല്ലാം ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമുണ്ട്.
ഈ പ്രശ്‌നങ്ങളൊഴിവാക്കാനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്നെക്കൂട്ടി ചെറുക്കാനുമായി പിപിഇ കിറ്റുകള്‍ ഫലപ്രദമായി റീസൈക്കിള്‍ ചെയ്‌തെടുക്കാന്‍ ശാസ്ത്രീയമായ രീതി നിര്‍ദേശിക്കുകയാണ് ഡെറാഡൂണിലെ 'യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് എനര്‍ജി സ്റ്റഡീസി'ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍.
'പൈറോളിസിസ്' എന്നാണ് ഈ ശാസ്ത്രീയ രീതിയെ വിളിക്കുന്നത്. പിപിഇ കിറ്റുകള്‍ സ്വാഭാവികമായി മണ്ണിലലഞ്ഞുതീരാന്‍ വര്‍ഷങ്ങളോളം എടുക്കുമത്രേ. ഇതിലടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് അംശങ്ങളാണ് മണ്ണിലലിയുന്നതില്‍ നിന്ന് ഇവയെ തടഞ്ഞുനിര്‍ത്തുന്നത്.
അതിനാല്‍ അവയെ ശാസ്ത്രീയമായി സംസ്‌കരിച്ച് 'ബയോ ഫ്യുവല്‍' ആയി മാറ്റിയെടുക്കുകയാണ് 'പൈറോളിസിസ്' എന്ന പ്രക്രിയയിലൂടെ ചെയ്യുന്നത്. ദിവസവും ആരോഗ്പ്രവര്‍ത്തകര്‍ ഉപയോഗിച്ചൊഴിവാക്കുന്ന പിപിഇ കിറ്റുകള്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് പരിഹാരവും ആകും ഒപ്പം തന്നെ നല്ലൊരു ഊര്‍ജ്ജ സ്രോതസായി ഈ 'ബയോ ഫ്യുവല്‍' മാറുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
'നിലവില്‍ നമ്മള്‍ കൊവിഡ് എന്ന രോഗത്തെ പ്രതിരോധിക്കുന്നതില്‍ വ്യാപൃതരാണ്. എന്നാല്‍ വരും കാലത്ത് നമ്മള്‍ ഇത് മൂലം നേരിടാന്‍ പോകുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയും പാരിസ്ഥിതിക പ്രതിസന്ധിയുമാണ്. രണ്ടിനും നമ്മള്‍ ഇപ്പോള്‍ മുതല്‍ തന്നെ പരിഹാരം ചിന്തിക്കണം. അല്ലെങ്കില്‍ അത് നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത തലത്തിലേക്ക് നീങ്ങും...' പഠനത്തിന് നേതൃത്വം നല്‍കിയ സപ്ന ജെയിന്‍ പറയുന്നു.