ആത്മവിശ്വാസം കുറഞ്ഞ് വരുന്നുണ്ടോ? കാരണങ്ങൾ ഇതാകാം
ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ആത്മവിശ്വാസം കുറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകും. അതിനാൽ സ്വയം അംഗീകരിക്കാനും നെഗറ്റീവ് ചിന്തകളെ ഇല്ലാതെയാക്കാനും ഉള്ള പരിശീലനം അവർക്ക് ആവശ്യമാണ്.
ആത്മവിശ്വാസമുളള ഒരാള്‍ക്ക് ഏത് മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. മാത്രമല്ല വെല്ലുവിളികളെ സധൈര്യം നേരിടാനും സാധിക്കും. ഇന്ന് പലരിലും കണ്ട് വരുന് പ്രശ്നമാണ് ആത്മവിശ്വാസക്കുറവ്. പല കാരണങ്ങൾ കൊണ്ട് ആത്മവിശ്വാസം കുറയാം. ആത്മവിശ്വാസം കുറയുന്നതിന്റെ ചില കാരണങ്ങളെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതിയ ലേഖനം.
ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾവരെ എല്ലാ പ്രായക്കാരിലും ആത്മവിശ്വാസം കുറഞ്ഞ അവസ്ഥ കണ്ടുവരാറുണ്ട്. പലരിലും ചെറിയ പ്രായം മുതലേ ഈ ബുദ്ധിമുട്ട് രൂപപ്പെട്ടു വരാൻ ഇടയുണ്ട്. ആത്മവിശ്വാസം കുറഞ്ഞുപോകാൻ ഇടയാക്കുന്ന ചില സാഹചര്യങ്ങൾ പരിശോധിക്കാം.
മാതാപിതാക്കളുടെയും മുതിർന്നവരുടെയും സമീപനം
പലപ്പോഴും കുട്ടികൾ മുതിർന്നവർ പറയുന്നതിനെപ്പറ്റി അമിതമായി ചിന്തിക്കില്ല, അവരതു മറന്നുപോകും എന്നൊക്കെ നമ്മൾ കരുതാറുണ്ട്. പക്ഷേ ചെറുപ്പകാലത്തെ ചില മോശം അനുഭവങ്ങൾ ജീവിതകാലം മുഴുവൻ ഒരു വ്യക്തിയെ ബാധിക്കുന്ന അവസ്ഥ നമുക്കു കാണാൻ കഴിയും.
ഉദാ: പഠനകാര്യത്തിൽ എപ്പോഴും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്ന കുട്ടിയുടെ ആത്മവിശ്വാസം കുറഞ്ഞുപോകാൻ സാധ്യതയുണ്ട്. എന്തുകൊണ്ടാണ് കുട്ടി പഠനത്തിൽ പിന്നോക്കമാകുന്നത് എന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കി അതു പരിഹരിക്കാൻ ശ്രമിക്കാതെ കുട്ടിയെ നാം എപ്പോഴും കുറ്റപ്പെടുത്തുന്നത് ദോഷകരമായി ബാധിക്കും.
ചിലപ്പോൾ കുട്ടിക്ക് പഠനവൈകല്യമോ, ശ്രദ്ധക്കുറവോ ഉണ്ടാകാം. അല്ലെങ്കിൽ കുട്ടിയെ ആരെങ്കിലും വിഷമിപ്പിക്കുകയോ, സ്കൂളിൽ മറ്റുകുട്ടികൾ കുട്ടിയെ കളിയാക്കുകയോ, ആരെങ്കിലും ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടാകും. കുട്ടിക്ക് ഒപ്പമിരുന്ന് എന്താണ് പ്രശ്നമെന്ന് ചോദിച്ചറിയണം. കുട്ടികൾ നമ്മളോടു തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം.
എന്നാൽ ചെറുപ്പം മുതലേ ഇങ്ങനെയുള്ള കേറിങ് സാഹചര്യങ്ങൾ ഇല്ലാതെപോകുന്ന വ്യക്തികൾ മുന്നോട്ടുള്ള ജീവിതത്തിൽ പൊതുവെ നിസ്സാരം എന്ന് തോന്നുന്ന സാഹചര്യങ്ങളിൽപോലും ആത്മവിശ്വാസമില്ലായ്മ അനുഭവിക്കുന്നതായി പറയാറുണ്ട്. ഉദാ: ഒരു കടയിൽ പോകാൻ പേടി. അവിടെ പൈസ കൈകാര്യം ചെയ്യുമ്പോൾ തെറ്റിപോകുമോ, ഞാൻ പറയുന്നത് അവർക്കു ശരിയായി മനസ്സിലാകുമോ എന്നൊക്കെ ചിന്തിച്ച് അത്തരം സാഹചര്യങ്ങളെ ഒഴിവാക്കുന്നവർ ഉണ്ട്. എപ്പോഴും കുറ്റപ്പെടുത്തൽ മാത്രം കേട്ടുവളർന്നതുകൊണ്ടാകാം താൻ എല്ലാ അർത്ഥത്തിലും ഒരു പരാജയമാണെന്നു ചിന്തിക്കുകയും സ്വന്തം കഴിവുകൾ നിസ്സാരമാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നത്.
കളിയാക്കലുകൾക്കു ഇരയാവുക
ഒപ്പം പഠിക്കുന്ന കുട്ടികളുടെ കളിയാക്കലുകൾക്കു നിരന്തരം ഇരയാകേണ്ടി വന്ന വ്യക്തികളുടെ മുന്നോട്ടുള്ള ജീവിതത്തിലും എങ്ങനെ ഇത്തരം സാഹചര്യങ്ങളെ നേരിടണം എന്ന സംശയം ഉണ്ടായിരിക്കും. ‘നോ’ പറയേണ്ടിയിടത്തതു പറയാൻ 'Assertivness Training' പോലെയുള്ള മനഃശാസ്ത്ര പരിശീലനങ്ങൾ പ്രയോജനകരമാണ്. സ്വന്തം വില മനസ്സിലാക്കാൻ അവരെ പ്രേരിപ്പിക്കണം. ഈ ലോകത്തിൽ ഞാൻ ഒഴികെ മറ്റെല്ലാ വ്യക്തികളും മികച്ചവരാണ് എന്ന ആഴത്തിലുള്ള വിശ്വാസം അവരെ ബാധിക്കാൻ സാധ്യതയുണ്ട്. യാഥാർത്യബോധത്തോടെ ചിന്തിക്കാൻ അവരെ സഹായിക്കണം.
എപ്പോഴും പെർഫെക്റ്റ് ആയിരിക്കണം എന്ന ചിന്ത
ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. പക്ഷേ ഞാൻ എന്റെ പെരുമാറ്റത്തിലും സംസാരത്തിലും ചിന്തകളിലും ഒക്കെ പെർഫെക്റ്റ് ആയിരിക്കണം എന്ന് നിർബന്ധം കാണിക്കുന്നത് മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും. കുറവുകളെ അംഗീകരിക്കാൻ കഴിയാതെവരുന്നതും ആത്മവിശ്വാസം കുറയാൻ കാരണമാകും. സ്വയം പ്രചോദനം നൽകുന്ന രീതി വളർത്തിയെടുക്കാൻ ശ്രമിക്കണം.
ആത്മസന്ദേഹം (self doubt)
ഞാൻ പ്ലാൻ ചെയ്തപോലെ ആയിത്തീരാൻ എനിക്ക് പറ്റുമോ? എനിക്ക് ശരിയായ രീതിയിൽ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുമോ? എനിക്ക് ഞാൻ ആഗ്രഹിച്ചത് നേടിയെടുക്കാൻ കഴിയുമോ? ഇങ്ങനെയുള്ള സംശയങ്ങൾ ചെയ്യേണ്ട കാര്യങ്ങളിൽ ഉള്ള ശ്രദ്ധ കുറയ്ക്കും. പ്ലാൻ എങ്ങനെ പ്രയോഗത്തിൽ വരുത്താം എന്ന ചിന്തയാണ് ആവശ്യമെന്നിരിക്കെ സ്വന്തം കുറവുകളിലേക്ക് അമിത ശ്രദ്ധ കൊടുക്കുന്നത് ദോഷകരമായി ബാധിക്കും.
ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ആത്മവിശ്വാസം കുറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകും. അതിനാൽ സ്വയം അംഗീകരിക്കാനും നെഗറ്റീവ് ചിന്തകളെ ഇല്ലാതെയാക്കാനും ഉള്ള പരിശീലനം അവർക്ക് ആവശ്യമാണ്. CBT എന്ന മനഃശാസ്ത്ര ചികിത്സ ചിന്തകളെ നിയന്തിക്കാൻ സഹായിക്കും.
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
പങ്കാളി സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളാണോ?