ഓട്ടത്തിനിടെ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു ; കുട്ടികളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ
ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുപ്പം മുതല്‍ ഉള്ളവരില്‍ രക്തത്തിന്റെ ഒഴുക്ക് കുറയാനും ഇത് ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനും കാരണമാകുന്നു.
ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിൽ ഓട്ടത്തിനിടെ 14കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വാർത്ത അറിഞ്ഞതാണ്. സ്‌കൂളിൽ കായികമേളയ്ക്കായുള്ള പരിശീലത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലെ സ്‌കൂൾ മൈതാനത്ത് പരിശീലിക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മൈതാനത്ത് രണ്ട് റൗണ്ട് ഓടിയതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ 25 ദിവസത്തിനിടെ അലിഗഢിൽ മൂന്ന് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ലോധി നഗറിൽ കളിക്കുന്നതിനിടെ എട്ടുവയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. യുവാക്കൾക്കിടയിലും നിരവധി ഹൃദയാഘാത കേസുകൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ
ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊഗ്നീഷ്യൽ ഹാർട്ട് ഡിഫക്ട്‌സ് ഉള്ള കുട്ടികളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറയുന്നു. ഇത്തരം അവസ്ഥകളിൽ കുട്ടികൾ ജനിക്കുമ്പോൾ തന്നെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ കണ്ടെത്തുന്നുണ്ട്. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ചെറുപ്പം മുതൽ ഉള്ളവരിൽ രക്തത്തിന്റെ ഒഴുക്ക് കുറയാനും ഇത് ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനും കാരണമാകുന്നു.
കുട്ടകിൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ, വെള്ളത്തിൽ മുങ്ങി പോകുന്നത്, ഷോക്ക് ഏൽക്കുന്നത് എന്നിവയെല്ലാം പെട്ടെന്നുള്ള ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്നുണ്ട്. അതുപോലെ, ചില കുട്ടികൾക്ക് നേരത്തെ കണ്ടെത്താത്ത എന്തെങ്കിലും ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. ഇതും ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്നു.
കുട്ടിക്കാലം മുതലുള്ള പൊണ്ണത്തടിയും ഹൃദയാഘാത സാധ്യത കൂട്ടുന്നു. 1975-ൽ 5-19 വയസ് പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും 1% ൽ താഴെയാണ് അമിതവണ്ണമുള്ളത്. 2016 ൽ 124 ദശലക്ഷത്തിലധികം (6% പെൺകുട്ടികളും 8% ആൺകുട്ടികളും) അമിതവണ്ണമുള്ളവരായി മാറിയതായി ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.
' കുട്ടിക്കാലത്തെ പൊണ്ണത്തടി ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ധമനികൾക്കും ഹൃദ്രോഗവും തമ്മിൽ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഉള്ള കുട്ടികളെ അപേക്ഷിച്ച് ഉയർന്ന ബിഎംഐ ഉള്ളവർക്ക് മധ്യവയസ്സിൽ കാർഡിയോ വാസ്കുലർ രോഗം ബാധിക്കാനുള്ള സാധ്യത 40% കൂടുതലാണ്...' - ദില്ലിയിലെ പഞ്ചാബി ബാഗിലെ ക്ലൗഡ്‌നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് നിയോനറ്റോളജിസ്റ്റും പീഡിയാട്രീഷ്യനുമായ ഡോ. അഭിഷേക് ചോപ്ര പറയുന്നു.
നെഞ്ച് വേദന അല്ലെങ്കിൽ അസ്വസ്ഥത, എന്തെങ്കിലും ഒരു കാര്യം ചെയ്ത് കഴിയുമ്പോൾ തളർന്ന് പോകുന്നതെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണളാണ്. കൂടാതെ, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തളർച്ച, തലകറക്കം, അമിത ക്ഷീണം എന്നിവയെല്ലാം ഹൃദയാഘാത ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ ശീലമാക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക.