പുരുഷന്മാരില്‍ കഷണ്ടിക്കും മുടി കൊഴിച്ചിലിനും കാരണമാകുന്നത്; ചികിത്സകള്‍...
ഇന്ന് പല ചികിത്സമാര്‍ഗങ്ങളും മുടി കൊഴിച്ചിലിനെയോ കഷണ്ടിയെയോ അതിജീവിക്കാൻ ലഭ്യമാണ്. പ്രത്യേകിച്ച് ജീവിതരീതികള്‍ മെച്ചപ്പെടുത്തിയെടുക്കുകയെന്നതാണ് ഇതില്‍ ആദ്യമേ ചെയ്യാവുന്ന കാര്യം
അനിയന്ത്രിതമാം വിധത്തില്‍ മുടി കൊഴിയുകയോ കഷണ്ടിയാവുകയോ ചെയ്യുന്ന അവസ്ഥ ഏറെയും കാണുന്നത് പുരുഷന്മാരില്‍ ആണ്. പാരമ്പര്യം, അല്ലെങ്കില്‍ ജനിതക ഘടകങ്ങളാണ് വലിയൊരു പരിധി വരെ ഇതിലേക്ക് നയിക്കുന്നത്. അതിനാല്‍ തന്നെ പൂര്‍ണമായി ഇതിനെ പ്രതിരോധിക്കാൻ നമുക്ക് മാര്‍ഗങ്ങളില്ല.
പക്ഷേ ഇന്ന് പല ചികിത്സമാര്‍ഗങ്ങളും മുടി കൊഴിച്ചിലിനെയോ കഷണ്ടിയെയോ അതിജീവിക്കാൻ ലഭ്യമാണ്. പ്രത്യേകിച്ച് ജീവിതരീതികള്‍ മെച്ചപ്പെടുത്തിയെടുക്കുകയെന്നതാണ് ഇതില്‍ ആദ്യമേ ചെയ്യാവുന്ന കാര്യം. പാരമ്പര്യം എന്ന ഘടകം മാറ്റിനിര്‍ത്തിയാല്‍ പുരുഷന്മാരില്‍ എന്തുകൊണ്ടെല്ലാം ആണ് കാര്യമായ മുടി കൊഴിച്ചില്‍, അല്ലെങ്കില്‍ കഷണ്ടി വരുന്നത്? പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. അവയിലേക്ക് ആദ്യം...
ഭക്ഷണം...
ശരീരത്തിലെ മറ്റ് ഏത് അവയവങ്ങളുടെ നിലനില്‍പിനും ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിന് വിവിധ പോഷകങ്ങള്‍ വേണമെന്നത് പോലെ തന്നെ മുടിക്കും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകണം. ഇത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം കണ്ടെത്തേണ്ടത്. എന്നാലിതിന് കഴിയുന്നില്ല എങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.
മറ്റ് ശീലങ്ങള്‍...
ഭക്ഷണം മാറ്റിവച്ചാല്‍ മറ്റ് ജീവിതരീതികള്‍ അതായത് ഉറക്കം, മദ്യപാനം- പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ എല്ലാം മുടിയുടെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ശരിയായ ഉറക്കം പതിവായി ലഭിക്കുന്നില്ലെങ്കില്‍ മുടി കൊഴിച്ചിലുണ്ടാകും. അതുപോലെ ലഹരി ഉപയോഗവും വലിയ തിരിച്ചടിയാകും.
ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍...
അമിതമായ രീതിയില്‍ ഹെയര് കെയര്‍ ഉത്പന്നങ്ങളോ സ്റ്റൈലിംഗ് ഉപകരണങ്ങളോ എല്ലാം ഉപയോഗിക്കുന്നതും ക്രമേണ മുടി കൊഴിച്ചിലിലേക്ക് നയിക്കാം. പാരമ്പര്യമായി കഷണ്ടിക്ക് സാധ്യതയുള്ളവരിലാകുമ്പോള്‍ പെട്ടെന്ന് മുടി ബാധിക്കപ്പെടുകയും ചെയ്യും.
സ്ട്രെസ്...
മുടി കൊഴിച്ചിലിലേക്ക് വലിയ അളവില്‍ നമ്മെ നയിക്കുന്ന മറ്റൊരു ഘടകമാണ് സ്ട്രെസ്. ഉറക്കപ്രശ്നങ്ങള്‍, ഭക്ഷണത്തിലെ പോരായ്കകള്‍ എന്നിവയ്ക്കെല്ലാമൊപ്പം സ്ട്രെസ് കൂടിയുണ്ടെങ്കില്‍ അത് മുടിയെയും ചര്‍മ്മത്തെയുമെല്ലാം ഏറെ ബാധിക്കും.
അണുബാധകള്‍...
സ്കാല്‍പില്‍ ആവര്‍ത്തിച്ചുവരുന്ന അണുബാധകളും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ഇതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
ചികിത്സകള്‍...
പുരുഷന്മാരിലെ മുടി കൊഴിച്ചിലിനും കഷണ്ടിക്കും നേരത്തെ സൂചിപ്പിച്ചത് പോലെ പല ചികിത്സകളും ഇന്ന് ലഭ്യമാണ്. ന്യൂട്രീഷ്യണല്‍ തെറാപ്പി, ലോ-ലെവല്‍ ലൈറ്റ് തെറാപ്പി, മെസോ തെറാപ്പി വിത്ത് മൈക്രോ നീഡിലിംഗ്, പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ, ഹെയര്‍ റെസ്റ്റൊറേഷൻ അല്ലെങ്കില്‍ ഹെയര്‍ ട്രാൻസ്പ്ലാന്‍റേഷൻ എന്നിങ്ങനെയെല്ലാം മാര്‍ഗങ്ങളുണ്ട്. ആദ്യം ജീവിതരീതികള്‍ മെച്ചപ്പെടുത്തി നോക്കാവുന്നതാണ്. ഇതിന് ശേഷം ചികിത്സകളിലേക്ക് നീങ്ങിയാല്‍ മതിയാകും.
Also Read:- മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-