ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന ക്യാൻസര്‍ ലക്ഷണമാണോ?
ഇങ്ങനെ തൊണ്ടവേദന നീണ്ടുപോകുന്നത് ക്യാൻസര്‍ ലക്ഷണമാണോ? ഇതില്‍ നമ്മള്‍ പേടിക്കാനുണ്ടോ? ഇക്കാര്യങ്ങളാണിനി വിശദീകരിക്കുന്നത്.
തൊണ്ടവേദനയും ജലദോഷവും ചുമയുമെല്ലാം നമുക്ക് സാധാരണഗതിയില്‍ ബാധിക്കപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. മിക്കവരും ഇതിനെയൊന്നും കാര്യമായി എടുക്കാറുമില്ല. എന്നാല്‍ ചുമയും ജലദോഷവുമൊക്കെ ദിവസങ്ങളോളം നീണ്ടുനിന്നാല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോകുന്നവരാണ് ഏറെയും.
എന്നാല്‍ തൊണ്ടവേദനയാകട്ടെ, അധികപേരും നിസാരമായേ എടുക്കാറുള്ളൂ. പക്ഷേ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന അപകടമാണെന്ന വാദവും നിങ്ങള്‍ കേട്ടിരിക്കാം. ഇത് ക്യാൻസര്‍ ലക്ഷണമാണെന്നും പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. ഇങ്ങനെ തൊണ്ടവേദന നീണ്ടുപോകുന്നത് ക്യാൻസര്‍ ലക്ഷണമാണോ? ഇതില്‍ നമ്മള്‍ പേടിക്കാനുണ്ടോ? ഇക്കാര്യങ്ങളാണിനി വിശദീകരിക്കുന്നത്.
തൊണ്ടവേദന ശ്രദ്ധിച്ചില്ലെങ്കില്‍...
തൊണ്ടവേദന ദിവസങ്ങളോളം നീണ്ടുനിന്നിട്ടും അത് ശ്രദ്ധിച്ചില്ലെങ്കില്‍ റിസ്കുകള്‍ പലതാണ്. ഒന്ന് - അത് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളുടെയോ അണുബാധകളുടെയോ ലക്ഷണമായി വരുന്നതാകാം. അങ്ങനെയെങ്കില്‍ സമയത്തിന് പരിശോധിച്ച് ചികിത്സ തേടിയില്ലെങ്കില്‍ രോഗം അറിയാതെ പോകുകയും കൂടുതല്‍ തീവ്രമാകുകയും ചെയ്യാം.
രണ്ടാമതായി നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന തുടര്‍ന്ന് അണുബാധയായി മാറാം. ഇത് പ്രതിരോധിക്കാനും സമയത്തിന് ചികിത്സ തേടിയേ പറ്റൂ.
ക്യാൻസര്‍ ലക്ഷണമാണോ?
നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന ക്യാൻസര്‍ ലക്ഷണമാണ് എന്നതാണല്ലോ ഒരു വാദം. ഈ വാദം പൂര്‍ണമായി തള്ളിക്കളയാൻ സാധിക്കില്ല. എന്നുവച്ചാല്‍ തൊണ്ടവേദന ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നത് ക്യാൻസറിന്‍റെയും ലക്ഷണമാകാം. തൊണ്ടയെ ബാധിക്കുന്ന ക്യാൻസറിന്‍റെ ലക്ഷണമായാണ് ഇത് വരിക. തൊണ്ടയില്‍ തന്നെ ലാരിംഗ്സ്, ഫാരിംഗ്സ്, ടോണ്‍സില്‍സ് എന്നീ ഭാഗങ്ങെയെല്ലാം ബാധിക്കുന്ന ക്യാൻസറിന്‍റെ ലക്ഷണമായി തൊണ്ടവേദന നീണ്ടുനില്‍ക്കാം. സമയത്തിന് രോഗം കണ്ടെത്താനായാല്‍ തീര്‍ച്ചയായും ഫലപ്രദമായ ചികിത്സയുമെടുക്കാം. എന്നാല്‍ രോഗനിര്‍ണയം വൈകുന്തിന് അനുസരിച്ച് ചികിത്സയുടെ ഫലവും കുറഞ്ഞുവരാം.
അലര്‍ജികള്‍...
തൊണ്ടവേദന നീണ്ടുനില്‍ക്കുന്നതിന്‍റെ മറ്റൊരു കാരണം അലര്‍ജിയാകാം. ചിലരില്‍ ഈ അലര്‍ജി തിരിച്ചറിഞ്ഞിട്ട് പോലുമുണ്ടാകില്ല. അലര്‍ജികള്‍ ഏതായാലും അത് തിരിച്ചറിയേണ്ടത് നിര്‍ബന്ധമാണ്. എങ്കിലേ രോഗിക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാകൂ. കാരണം പല തയ്യാറെടുപ്പുകളും അല്ലെങ്കില്‍ മുൻകരുതലുകളും അലര്‍ജികളുള്ളവര്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം എപ്പോഴും തൊണ്ടവേദന, ജലദോഷം, ചുമ, പനി പോലുള്ള പ്രയാസങ്ങള്‍ അവരെ അലട്ടിക്കൊണ്ടിരിക്കും.
ചികിത്സ വൈകിയാല്‍...
തൊണ്ടവേദന പല ആരോഗ്യപ്രശ്നങ്ങളിലേക്കും സൂചന നല്‍കുന്നതാണ്. ഇത് കൃത്യമായ പരിശോധനയിലൂടെ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ ചികിത്സ വൈകിച്ചാല്‍ അത് എന്നത്തേക്കുമായി നമ്മുടെ ശബ്ദത്തെയെല്ലാം ബാധിക്കാം. അതിനാല്‍ തൊണ്ടവേദന ദീര്‍ഘമായി നില്‍ക്കുന്നുവെങ്കില്‍ നിര്ഡബന്ധമായും വൈകാതെ ചികിത്സ തേടുക.
Also Read:- പല്ലില്‍ പോടുണ്ടെങ്കില്‍ അത് കൂടുതല്‍ പ്രശ്നമാകാതിരിക്കാൻ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-