പോഷകാഹാരം, ധാരാളം വെള്ളം, ആന്റിബയോട്ടിക് വേണ്ട; എച്ച് എം പി വൈറസിനെ നേരിടാന്‍ നിര്‍ദേശവുമായി എയിംസ് മുൻ ഡോക്ടർ
ഇതുവരെ, ഏഴ് എച്ച്എംപിവി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3 മാസം മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് എല്ലാ കേസുകളും കണ്ടെത്തിയത്.
ദില്ലി: ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഹ്യൂമൻ മെറ്റാന്യുമോവൈറസിനെ (എച്ച് എം പി വി) നേരിടുന്നതിൽ ആന്റിബയോട്ടിക്കിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും നന്നായി വെള്ളം കുടിക്കുന്നതും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും പ്രതിരോധിത്തിന് സഹായകരമാകുമെന്നും മുൻ എയിംസ് ഡോക്ടർ രൺദീപ് ഗുലേറിയ. ഈ വൈറസ് പുതിയതായി കണ്ടെത്തിയതല്ല. കുറെ കാലമായി ഇവിടെയുള്ളവയാണിത്. സാധാരണയായി ചെറിയ രീതിയിലുള്ള രോഗബാധയ്ക്ക് മാത്രമെ ഇവ കാരണമാകൂ. എങ്കിലും പ്രായമായവരിലും ചെറിയ കുട്ടികളിലും മറ്റ് അസുഖങ്ങളുള്ളവരിലും ഇത് ന്യുമോണിയ പോലുള്ള സങ്കീർണതയിലേക്ക് നയിച്ചേക്കാം. ശ്വാസതടസ്സംമൂലമുള്ള ആശുപത്രിവാസത്തിനും വൈറസ് ബാധ കാരണമാകാമെന്നും അദ്ദേഹം കൂട്ടിചേർത്തു.
രോഗലക്ഷണങ്ങൾക്കു മാത്രമാണ് സാധാരണഗതിയിൽ ചികിത്സയുള്ളത്. പനിയുണ്ടായാൽ അതിന് മരുന്ന് കഴിച്ച്, ആവശ്യത്തിന് വെള്ളം കുടിച്ചും പോഷകാഹാരങ്ങൾ കഴിച്ചും രോഗത്തെ നേരിടാവുന്നതാണ്. അണുബാധ പടരുന്നത് തടയാൻ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാെമെന്നും അദ്ദേഹം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതുവരെ, ഏഴ് എച്ച്എംപിവി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3 മാസം മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് എല്ലാ കേസുകളും കണ്ടെത്തിയത്. എങ്കിലും ഇൻഫ്ലുവൻസ പോലെ ഡ്രോപ്ലെറ്റ് അണുബാധയായതിനാൽ ഇത് ആർക്കും വന്നേക്കാമെന്നും ഡോക്ടർ പറഞ്ഞു.
രോഗലക്ഷണങ്ങൾക്കാണ് പ്രധാനമായും ചികിത്സ നൽകുന്നത്. പനിയും ശരീരവേദനയും കുറയ്ക്കാൻ അതിന് മരുന്നു നൽകും. രോഗലക്ഷണങ്ങൽ കണ്ടാൽ മരുന്ന് കഴിക്കേണ്ടത് ആവശ്യമാണ്. ചുമ, ജലദോഷം പോലുള്ള മറ്റേതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ, അവയ്ക്കും മരുന്ന് കഴിക്കാം. ഇത് ഒരു വൈറൽ അണുബാധയായതിനാൽ തന്നെ ആൻറിബയോട്ടിക്കുകൾക്ക് ഇതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും അണുബാധ പടർന്നു പിടിക്കുന്നത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.