ഫിറ്റ്നസിന് വേണ്ടി ഏതറ്റം വരെയും പോകല്ലേ; പുരുഷന്മാര്‍ അറിയേണ്ടത്...
ഫിറ്റ്നസിന് വേണ്ടി പുരുഷന്മാര്‍ വല്ലാതെ വര്‍ക്കൗട്ടിലും മറ്റ് കായികവിനോദങ്ങളിലുമെല്ലാം ഏര്‍പ്പെടുന്നത് വന്ധ്യതയിലേക്കും ലൈംഗികപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കാം. പലര്‍ക്കും ഇക്കാര്യത്തെ കുറിച്ച് വേണ്ട അറിവില്ലെന്നതാണ് സത്യം.
ഫിറ്റ്നസിനെ കുറിച്ച് ബോധ്യമുണ്ടാവുകയും അതിന് വേണ്ടി ശ്രമങ്ങള്‍ നടത്തുകയുമെല്ലാം ചെയ്യുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ ചിലര്‍ ഫിറ്റ്നസ് നേടാനായി ഏതറ്റം വരെയും പോകും- അതായത് അതികഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം കടന്നുപോയാലും ശരി- ഫിറ്റ്നസ് നേടുമെന്ന വാശിയിലായിരിക്കും. ഈ വാശി പലപ്പോഴും ആരോഗ്യത്തിന് ഗുണത്തിന് പകരം ദോഷമായി വരാം.
പുരുഷന്മാരില്‍ ഇത്തരത്തില്‍ ഫിറ്റ്നസിന് വേണ്ടി വല്ലാതെ വര്‍ക്കൗട്ടിലും മറ്റ് കായികവിനോദങ്ങളിലുമെല്ലാം ഏര്‍പ്പെടുന്നത് വന്ധ്യതയിലേക്കും ലൈംഗികപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കാം. പലര്‍ക്കും ഇക്കാര്യത്തെ കുറിച്ച് വേണ്ട അറിവില്ലെന്നതാണ് സത്യം.
ടെസ്റ്റോസ്റ്റെറോണ്‍...
പുരുഷലൈംഗിക ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റെറോണില്‍ കുറവ് സംഭവിക്കാൻ കഠിനമായ ചില വര്‍ക്കൗട്ടുകള്‍- വെയിറ്റ് ലിഫ്റ്റിംഗ് പോലുള്ളവ കാരണമാകാം. ടെസ്റ്റോസ്റ്റെറോണ്‍ കുറയുന്നത് ബീജോത്പാദനത്തെയും പ്രത്യുത്പാദനശേഷിയെയും എല്ലാം ബാധിക്കാം. വെയിറ്റ് ലിഫ്റ്റിംഗ് അടക്കമുള്ള വര്‍ക്കൗട്ടുകള്‍ ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം എന്നല്ല, മറിച്ച് ചിലരില്‍ ഇതിനുള്ള സാധ്യത വരാമെന്നാണ് പറയുന്നത്.
ഈസ്ട്രജൻ...
ചിലര്‍ പ്രോട്ടീൻ സപ്ലിമെന്‍റ്സ്, അല്ലെങ്കില്‍ സ്റ്റിറോയ്ഡ്സ് എല്ലാം ഫിറ്റ്നസ് ലക്ഷ്യത്തില്‍ ഉപയോഗിക്കാറുണ്ട്. ഇതെല്ലാം ബീജോത്പാദനം, വൃഷണത്തിന്‍റെ ആരോഗ്യം, ഉദ്ധാരണം എന്നിവയെ എല്ലാം ദോഷമായി ബാധിക്കുന്ന നിലയിലേക്ക് വരാം. അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം വലിയ ശ്രദ്ധ പുലര്‍ത്തണം. പലരിലും സപ്ലിമെന്‍റ്സ് എടുക്കുമ്പോള്‍ ഈസ്ട്രജൻ എന്ന ഹോര്‍മോണ്‍ (സ്ത്രീകളുടെ ഹോര്‍മോണ്‍) കൂടിവരും. ഈ അവസ്ഥ വന്ധ്യത- ലൈംഗികപ്രശ്നങ്ങള്‍ എന്നിവയിലേക്കെല്ലാം പുരുഷന്മാരെ നയിക്കാം.
ചൂട്...
അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നത്, സൈക്ലിംഗ്, മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം എല്ലാം പുരുഷന്മാരില്‍ സ്വകാര്യഭാഗത്ത് അമിതമായി ചൂട് തട്ടുന്നതിന് കാരണമാകുന്നു. ഇതും പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കാം. ബീജോത്പാദനം പോലുള്ള കാര്യങ്ങളെയാണ് അധികമായും ഇത് ബാധിക്കുന്നത്.
ഡിഎൻഎ തകരാര്‍...
അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നത് ബീജകോശങ്ങളിലെ ഡിഎൻഎ ഘടനയെ തന്നെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് വന്ധ്യതയിലേക്കും അതുപോലെ തന്നെ ഗര്‍ഭാധരണം സംഭവിച്ചാലും ഗര്‍ഭം അലസുന്നതിലേക്കുമെല്ലാം നയിക്കാമത്രേ.
ഹോര്‍മോണ്‍ ബാലൻസ്...
കഠിനമായ വര്‍ക്കൗട്ട് പുരുഷന്മാരില്‍ കാര്യമായ ഹോര്‍മോണ്‍ ബാലൻസ് പ്രശ്നങ്ങളുണ്ടാക്കാം. ഇത് പ്രത്യുത്പാദന വ്യവസ്ഥയെ ആകെയും ബാധിക്കാം. ഇതിന് പുറകെ ലൈംഗികജീവിതവും പങ്കാളിയുമായുള്ള ബന്ധവുമെല്ലാം ബാധിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കാം.
ചെയ്യാവുന്നത്...
ഫിറ്റ്നസ് എന്ന് പറയുന്നത് ആരോഗ്യകരമായ അവസ്ഥയെ സൂചിപ്പിക്കുന്നതാണ്. ഇതിന് മണിക്കൂറുകളുടെ വര്‍ക്കൗട്ടോ കഠിനമായ ഡയറ്റോ ഒന്നും ആവശ്യമില്ല. അടിസ്ഥാനപരമായി എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന ആരോഗ്യകരമായ ഭക്ഷണരീതി, ദിവസത്തില്‍ 40 മിനുറ്റോ ഒരു മണിക്കൂറോ നീളുന്ന വര്‍ക്കൗട്ട്, 7-8 മണിക്കൂര്‍ ഉറക്കം, ആവശ്യത്തിന് വെള്ളം, സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷം ഇത്രയും കാര്യങ്ങളുറപ്പിച്ചാല്‍ മതി.
ഇതിലധികം ലക്ഷ്യം വച്ച് ശരീസൗന്ദര്യത്തിനായി കഠിനമായ വര്‍ക്കൗട്ടിലേക്കോ ഡയറ്റിലേക്കോ തിരിയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആരോഗ്യവിദഗ്ധരെ സമീപിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടത് നിര്‍ബന്ധമാണ്. അതല്ലാതെ സ്വന്തം താല്‍പര്യാര്‍ത്ഥം മൂന്ന് മാസത്തിലോ ആറ് മാസത്തിലോ ശരീരം ആകെ മാറ്റിമറിക്കാമെന്ന ലക്ഷ്യത്തോടെ ഇറങ്ങിപ്പുറപ്പെടുന്നത് ഒരുപക്ഷേ ഗുണത്തിന് പകരം ദോഷമായിരിക്കും ഉണ്ടാക്കുന്നത്.
Also Read:- വണ്ണം പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ട ടെസ്റ്റ്....
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-