ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളില്‍ മറവി ഉണ്ടാക്കാം; ശ്രദ്ധിക്കുക...
മിക്കവരും പരാതിപ്പെടുന്ന 'മറവി' എന്ന പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ചില കാര്യങ്ങളുണ്ട്. പലര്‍ക്കും ഇതെക്കുറിച്ച് അറിവില്ലാത്തതിനാല്‍ തന്നെ ഇത് വീണ്ടും പ്രശ്നഭരിതമായി മാറാം. എന്തായാലും മറവിയിലേക്ക് നമ്മെ നയിക്കുന്ന ഏഴ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
നിത്യജീവിതത്തില്‍ നമ്മെ ബാധിക്കുന്ന ശാരീരിക- മാനസികപ്രശ്നങ്ങള്‍ പലതാണ്. എന്നാല്‍ ഇവയില്‍ പലതും നാം നിസാരമായി കണ്ടിട്ട് കാര്യമില്ല. കാരണം ഇന്ന് നാം നിസാരമായി കാണുന്ന കാര്യങ്ങളാകാം നാളെ വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നത്.
ഇത്തരത്തില്‍ മിക്കവരും പരാതിപ്പെടുന്ന 'മറവി' എന്ന പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ചില കാര്യങ്ങളുണ്ട്. പലര്‍ക്കും ഇതെക്കുറിച്ച് അറിവില്ലാത്തതിനാല്‍ തന്നെ ഇത് വീണ്ടും പ്രശ്നഭരിതമായി മാറാം. എന്തായാലും മറവിയിലേക്ക് നമ്മെ നയിക്കുന്ന ഏഴ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഉറക്കമില്ലായ്മയോ സുഖകരമായ- ആഴത്തിലുള്ള ഉറക്കം പതിവായി ലഭിക്കാത്തതോ ആണ് ഒരു കാരണം. പല വിഷയങ്ങള്‍ കൊണ്ടും ഉറക്കമില്ലായ്മയുണ്ടാകാം. അത് മാനസികപ്രശ്നങ്ങള്‍ തന്നെ ആകണമെന്നില്ല. തൈറോയ്ഡ് സംബന്ധിച്ച പ്രശ്നങ്ങളൊക്കെ ഇതിനുദാഹരണമാണ്. കാരണം ഏതാണെന്ന് കണ്ടെത്തി ഉറക്കമില്ലായ്മ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അത് മറവിയെ കൂട്ടിക്കൊണ്ടിരിക്കും.
ഇത് ജോലിയെയോ പഠനത്തെയോ ബന്ധങ്ങളെ പോലും ബാധിക്കാം. നമ്മള്‍ സുഖകരമായി മണിക്കൂറുകളോളം ഉറങ്ങുന്നതിലൂടെയാണ് തലച്ചോര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കണ്ടെത്തുന്നത്. ഉറക്കമില്ലാതാകുന്നതോടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പ്രശ്നത്തിലാകുന്നു. പ്രത്യേകിച്ച് ഓര്‍മ്മയുടേത്.
രണ്ട്...
അനാരോഗ്യകരമായ ഭക്ഷണരീതി തുടര്‍ന്നുകൊണ്ടേയിരിക്കുന്നതും ക്രമേണ മറവി കൂട്ടാം. പ്രോസസ്ഡ് ഫുഡ്സ്, മധുരം അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, ആരോഗ്യത്തിന് ദോഷകരമായി വരുന്ന കൊഴുപ്പ് എല്ലാം ഇത്തരത്തില്‍ പതിയെ തലച്ചോറിനെ ബാധിക്കാം. സമഗ്രമായ ഭക്ഷണരീതിയാണ് നല്ലത്. എല്ലാം കഴിക്കണം. മിതമായ രീതിയില്‍. കൂട്ടത്തില്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം നല്ലതുപോലെ കഴിക്കാനും ശ്രദ്ധിക്കണം.
മൂന്ന്...
പുകവലിയാണ് മറ്റൊരു വില്ലൻ. പതിവായി പുകവലിക്കുന്ന ശീലമുള്ളവരില്‍ തലച്ചോറിന്‍റെ ആരോഗ്യം ബാധിക്കപ്പെടാറുണ്ട്. ഇത് ഓര്‍മ്മക്കുറവിലേക്കും നയിക്കാം.
നാല്...
പതിവായ മദ്യപാനവും ഇതുപോലെ മറവിക്ക് കാരണമാകാറുണ്ട്. മദ്യപാനവും പതിവാകുമ്പോള്‍ തലച്ചോര്‍ ബാധിക്കപ്പെടുന്നത് മൂലമാണിങ്ങനെ സംഭവിക്കുന്നത്.
അഞ്ച്...
വളരെക്കാലമായി സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുന്നവരിലും മറവി കാണാറുണ്ട്. ജോലിസംബന്ധമായ സ്ട്രെസോ, കുടുംബത്തില്‍ നിന്നുള്ള സ്ട്രെസോ, മറ്റ് ഏതെങ്കിലും കാരണങ്ങള്‍ മൂലമുള്ള സ്ട്രെസോ ഒക്കെയാകാം വില്ലനായി വരുന്നത്. എന്തായാലും സ്ട്രെസ് അധികമാകുമ്പോള്‍ അത് ഓര്‍മ്മശക്തിയെ പ്രവര്‍ത്തിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗത്തെ ബാധിക്കുകയാണ്.
ആറ്...
ചിലരുണ്ട് ആരോടും മിണ്ടാതെയും ഇടപഴകാതെയും എപ്പോഴും വീട്ടിനകത്തോ മറ്റോ ചടഞ്ഞുകൂടിയിരിക്കുന്നവര്‍. ഇങ്ങനെ സാമൂഹികബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ലാതെ ദീര്‍ഘകാലം തുടരുന്നവരിലും ക്രമേണ മറവി ബാധിക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങളാണ് ക്രമേണ പല പല പ്രശ്നങ്ങള്‍ ആയി മാറി തലച്ചോറിനെയും ബാധിക്കുന്നത്.
ഏഴ്...
വ്യായാമമോ കായികാധ്വാനമോ ഏതുമില്ലാതെ മുഴുവൻ സമയം മടി പിടിച്ചിരിക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളം ചിലവിടുന്നരും പേടിക്കണം. കാരണം അലസമായ ഈ ജീവിതരീതി ഇവരില്‍ എളുപ്പം മറവിയെത്തിക്കാം.
Also Read:-പുരുഷന്മാര്‍ അറിയേണ്ടത്; പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമായേക്കാവുന്ന ഒന്ന്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-