Omicron : ഡെല്‍റ്റയെക്കാള്‍ രോഗതീവ്രത കുറവോ ഒമിക്രോണിന്?
ക്ഷീണം, സന്ധിവേദന, ജലദോഷം, തലവേദന എന്നിവയാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ, ശ്വാസകോശത്തെ കാര്യമായി ബാധിക്കുന്ന അവസ്ഥ എന്നിവയാണ് ഡെല്‍റ്റയില്‍ കണ്ടിരുന്ന അധികലക്ഷണങ്ങള്‍
കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron ). ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ കണ്ടെത്തപ്പെട്ടത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തി.
നേരത്തേ ശക്തമായ കൊവിഡ് തരംഗങ്ങള്‍ക്ക് കാരണമായ 'ഡെല്‍റ്റ' എന്ന വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയിലാണ് രോഗം പരത്തുകയെന്നതാണ് ഒമിക്രോണിന്റെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ട് തന്നെ ഇനിയുമൊരു കൊവിഡ് തരംഗത്തിന് ഒമിക്രോണ്‍ കാരണമാകുമോയെന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്ക.
അതേസമയം ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീവ്രത കുറവാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും സജീവമാണ്. ലക്ഷണങ്ങളിലും ഡെല്‍റ്റയെ താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് വ്യത്യാസങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ക്ഷീണം, സന്ധിവേദന, ജലദോഷം, തലവേദന എന്നിവയാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ, ശ്വാസകോശത്തെ കാര്യമായി ബാധിക്കുന്ന അവസ്ഥ എന്നിവയാണ് ഡെല്‍റ്റയില്‍ കണ്ടിരുന്ന അധികലക്ഷണങ്ങള്‍.
ഒമിക്രോണ്‍ ആണെങ്കില്‍ ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി തൊണ്ടയില്‍ വച്ച് തന്നെയാണ് വൈറസ് പെരുകുന്നതത്രേ. അതിനാല്‍ തന്നെ ശ്വാസകോശം ബാധിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ കുറയാമെന്നും, ഇതുവഴി കൊവിഡ് രോഗികളില്‍ കാണുന്ന ശ്വാസതടസം, അധികരിച്ച ന്യുമോണിയ പോലുള്ള പ്രശ്‌നങ്ങള്‍ ഒമിക്രോണ്‍ വകഭേദത്തില്‍ കാര്യമായി കണ്ടേക്കില്ലെന്നും ദില്ലി എയിംസില്‍ നിന്ന് അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ആധികാരികമായി ഉറപ്പിച്ച വസ്തുതയല്ലെങ്കില്‍ കൂടി അല്‍പം ആശ്വാസം പകരുന്ന വിവരങ്ങളാണിവ. കാരണം, ഡെല്‍റ്റ വകഭേദം ശക്തമായ കൊവിഡ് തരംഗം തീര്‍ത്തപ്പോള്‍ ശ്വാസതടസം നേരിട്ടും, ഓക്‌സിജന്‍ ലഭിക്കാതെയും, ന്യുമോണിയ ബാധിച്ചും ജീവന്‍ നഷ്ടമായവര്‍ നിരവധിയാണ്.
എന്നാല്‍ നിലവില്‍ ലഭ്യമായ വാക്‌സിനുകള്‍ എത്രത്തോളം ഡെല്‍റ്റയെയോ ഒമിക്രോണിനെയോ ചെറുത്തുനില്‍ക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഗവേഷകര്‍ക്ക് വ്യക്തതയായിട്ടില്ല. വാക്‌സിന്‍ നിര്‍മ്മാതാക്കളായ കമ്പനികളും ഈ വിഷയത്തില്‍ പഠനങ്ങള്‍ നടത്തിവരികയാണ്. അതുപോലെ തന്നെ ഒരിക്കല്‍ രോഗം ബാധിച്ചവരെ തന്നെ വീണ്ടും രോഗം പിടികൂടുന്നതിനുള്ള സാധ്യതകളിലും ഡെല്‍റ്റയും ഒമിക്രോണും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിനും ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.
ഏതായാലും ഒമിക്രോണ്‍ മൂലം മറ്റൊരു തരംഗമുണ്ടാകാതിരിക്കാന്‍ കൊവിഡ് പ്രതിരോധ പരിപാടികള്‍ ശക്തമാക്കുകയെന്നത് തന്നെയാണ് ഏക മാര്‍ഗം.
Also Read:- കുട്ടികളിൽ കൊവാക്സിൻ മെച്ചപ്പെട്ട പ്രതിരോധശേഷി നൽകും; ഡോ. എൻകെ അറോറ