പത്ത് മടങ്ങ് ശക്തി കൂടുതലുള്ള പുതിയ കൊറോണ വൈറസ് മലേഷ്യയില്‍...

ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളില്‍ നിന്ന് കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പ്രധാനമായും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം ഒരുപക്ഷേ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമായേക്കാം. എന്നാല്‍ ശാസ്ത്രീയമായി എത്തരത്തിലാണ് വൈറസിന് മാറ്റം സംഭവിക്കുന്നത്, എന്തെല്ലാം ഘടകങ്ങളാണ് ഇതില്‍ പങ്ക് വഹിക്കുന്നത് എന്നുതുടങ്ങിയ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചൂണ്ടിക്കാണിക്കാനാകൂ

new coronavirus found in malaysia which is ten times more infectious

ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന രോഗകാരി, നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ പത്ത് മടങ്ങ് കൂടുതല്‍ ശക്തമായ രൂപത്തിലുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

നിലവിലെ സാഹചര്യത്തില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത തന്നെയാണിത്. നേരത്തേ ചില രാജ്യങ്ങളില്‍ 'D614G' എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തില്‍ പെടുന്ന വൈറസിനെ തന്നെയാണ് കഴിഞ്ഞ ദിവസം മലേഷ്യയിലും കണ്ടെത്തിയിരിക്കുന്നത്. 

മലേഷ്യയില്‍ ആരോഗ്യവകുപ്പ് മേധാവിയായ നൂര്‍ ഹിഷാം അബ്ദുള്ള നേരിട്ട് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 കേസുകളില്‍ മൂന്ന് കേസുകളിലാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 

രോഗത്തിന്റെ തീവ്രത മാത്രമല്ല മറ്റുള്ളവരിലേക്ക് പടര്‍ന്നുപിടിക്കുന്നതിന്റെ വേഗതയും വര്‍ധിപ്പിക്കാന്‍ പുതിയ കൊറോണ വൈറസിന് ആവുമെന്നാണ് പ്രമുഖ സാംക്രമികരോഗ വിദഗ്ധനും യുഎസിലെ വൈറ്റ് ഹൗസ്- കൊറോണ ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ. ആന്റണി ഫൗച്ചി ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ ഇതിനെതിരെ കൂടുതല്‍ ജാഗരൂകരാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളില്‍ നിന്ന് കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പ്രധാനമായും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം ഒരുപക്ഷേ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമായേക്കാം. എന്നാല്‍ ശാസ്ത്രീയമായി എത്തരത്തിലാണ് വൈറസിന് മാറ്റം സംഭവിക്കുന്നത്, എന്തെല്ലാം ഘടകങ്ങളാണ് ഇതില്‍ പങ്ക് വഹിക്കുന്നത് എന്നുതുടങ്ങിയ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചൂണ്ടിക്കാണിക്കാനാകൂ. 

ഫിലിപ്പീന്‍സില്‍ നിന്ന് വന്ന ഒരാളില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ സംഘത്തിലും പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പ് മേദാവിയുടെ നിര്‍ദേശം. കൂടുതല്‍ പേരിലേക്ക് പുതിയ വൈറസ് പകരാതിരിക്കണമെങ്കില്‍ ചെയിന്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറയുന്നു. 

നിലവില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന വാക്‌സിനുകള്‍ക്കോ, പരീക്ഷണഘട്ടത്തിലിരിക്കുന്ന വാക്‌സിനുകള്‍ക്കോ പുതിയ വൈറസിനെ ചെറുക്കാനാകില്ലെന്ന വാദവും ഇതോടൊപ്പം ശക്തമാകുന്നുണ്ട്. അത്തരത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് വൈറസ് വിധേയമായിക്കൊണ്ടിരിക്കുന്നത് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Also Read:- ലോകത്ത് കൊവിഡ് രോഗികള്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു; പ്രതിദിന രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിൽ...

Latest Videos
Follow Us:
Download App:
  • android
  • ios