'കല്യാണവും വേണ്ട കുട്ടികളും വേണ്ട'; നാരായണ മൂർത്തിയുടെ 70 മണിക്കൂർ ജോലി നിര്‍ദേശത്തോട് പ്രതികരിച്ച് ഡോക്ടർ
ദീർഘനേരം ജോലി ചെയ്യുന്നത് യുവാക്കളിൽ ഹൃദയാഘാതത്തിന് കാരണമാകുമെന്നും ഇത് സാധാരണ കാര്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ബംഗളൂരു: ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണമെന്ന നിർദേശം ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ചിരുന്നു. ഇത് വലിയ ചർച്ചകള്‍ക്കാണ് കാരണമായത്. ദേശീയ തൊഴിൽ സംസ്കാരം ഉയർത്താനും ആഗോളതലത്തിൽ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിർദേശം നാരായണ മൂര്‍ത്തി മുന്നോട്ട് വെച്ചത്.
അതേസമയം, നാരായണ മൂര്‍ത്തിക്ക് ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റ് ദീപക് കൃഷ്ണമൂർത്തി. നീണ്ട മണിക്കൂറുകളോളം ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. ദീർഘനേരം ജോലി ചെയ്യുന്നത് യുവാക്കളിൽ ഹൃദയാഘാതത്തിന് കാരണമാകുമെന്നും ഇത് സാധാരണ കാര്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
''ദിവസത്തിൽ 24 മണിക്കൂറാണ് ഉള്ളത്. ആഴ്ചയിൽ ആറ് ദിവസം എന്ന നിലയില്‍ ജോലി ചെയ്യുകയാണെങ്കിൽ പ്രതിദിനം 12 മണിക്കൂർ വരും തൊഴില്‍ സമയം. ശേഷിക്കുന്ന 12 മണിക്കൂറില്‍ എട്ട് മണിക്കൂർ ഉറക്കം ആവശ്യമാണ്. ബാക്കി നാല് മണിക്കൂർ ആണ് ഉണ്ടാവുക. ബംഗളൂരു പോലൊരു നഗരത്തിൽ രണ്ട് മണിക്കൂർ റോഡിൽ കളയണം. പിന്നെ രണ്ട് മണിക്കൂറാണ് ശേഷിക്കുന്നത്. ദിനചര്യകള്‍ ചെയ്ത് കുറെ സമയം പോകും. കൂട്ടുകൂടാൻ സമയമില്ല, കുടുംബത്തോട് സംസാരിക്കാൻ സമയമില്ല, വ്യായാമം ചെയ്യാൻ സമയമില്ല, വിനോദത്തിന് സമയമില്ല. ജോലി സമയത്തിന് ശേഷവും ആളുകൾ ഇമെയിലുകൾക്കും കോളുകൾക്കും ഉത്തരം നൽകുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. യുവാക്കൾക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഇനി ചിന്തിക്കുക'' - ദീപക് കൃഷ്ണമൂർത്തി കുറിച്ചു. കല്യാണവും വേണ്ട കുട്ടികളും വേണ്ട എന്നൊരു സര്‍ക്കാസം പോസ്റ്റും ഈ വിഷയത്തില്‍ ദീപക് കൃഷ്ണമൂർത്തി പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ യുവാക്കൾ കൂടുതൽ ജോലി സമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ രാജ്യം പാടുപെടുമെന്നാണ് നാരായണ മൂര്‍ത്തിയുടെ വാദം. ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദനക്ഷമതയെക്കുറിച്ചും മൂർത്തി ചൂണ്ടിക്കാണിച്ചു. ഗവൺമെന്റ് അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉൾപ്പെടെ ഇന്ത്യയുടെ പുരോഗതിക്കുള്ള മറ്റ് തടസ്സങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യ ഒരു ആഗോള മുൻനിരക്കാരനായി ഉയർന്നുവരുന്നതിന് ഈ തടസ്സങ്ങൾ നീക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.