അപൂർവ്വ രോഗം, 22 വർഷം മലബന്ധം നേരിട്ട് യുവാവ്, 3 മണിക്കൂർ ശസ്ത്രക്രിയയ്ക്കൊടുവിൽ ആശ്വാസം...
കുടലിലേക്കുള്ള പേശികളില്‍ നാഡീകോശങ്ങളുടെ അഭാവം മൂലമാണ് ഈ അവസ്ഥയുണ്ടാവുന്നത്. ഇത് മൂലം കുടൽ വേണ്ട രീതിയിൽ വികസിക്കാതെ വരികയും സാധാരണ രീതിയിൽ മലവിസർജനം സാധ്യമാകാതെ വരികയും ചെയ്യും. ഈ അവസ്ഥയുള്ളവരുടെ കുടലിൽ മലം അടിഞ്ഞ് കൂടുകയും പിന്നീട് ഗുരുതരമായ അണുബാധയുണ്ടാവുകയും ചെയ്യും
ഷാങ്ഹായ്: കുടൽ ശരിയായ രീതിയിൽ വികസിക്കാത്ത അവസ്ഥ മൂലം 22 വർഷം മലബന്ധം നേരിട്ട് യുവാവ്. ഒടുവിൽ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ 13 കിലോയോളം മലമാണ് യുവാവിന്റെ കുടലിൽ നിന്ന് നീക്കിയത്. ജനിച്ചതിന് ശേഷം ഒരിക്കൽ പോലും മരുന്നുകളുടെ സഹായത്തോടെ പോലും മലവിസർജനം സാധ്യമാകാതെ വന്നതോടെയാണ് യുവാവ് ആശുപത്രിയിലെത്തുന്നത്. ചൈനയിലെ ഷാങ്ഹായിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
യുവാവിന്റെ 30 ഇഞ്ചോളം കുടൽ ശസ്ത്രക്രിയയിലൂടെ ആരോഗ്യ വിദഗ്ധൻ നീക്കം ചെയ്യുകയായിരുന്നു. ഒൻപത് മാസം ഗർഭിണിയായ സ്ത്രീയുടെ വയറിന്റെ വലുപ്പമുള്ള വയറുമായാണ് യുവാവ് ചികിത്സയ്ക്കെത്തുന്നത്. അയ്യായിരം പേരിൽ ഒരാളെ ബാധിക്കുന്ന അപൂർവ്വ അവസ്ഥയാണ് യുവാവിനുണ്ടായിരുന്നത്. ഹിർഷ് സ്പ്രൂംഗ്സ് എന്നാണ് ഈ അവസ്ഥയുടെ പേര്.
കുടലിലേക്കുള്ള പേശികളില്‍ നാഡീകോശങ്ങളുടെ അഭാവം മൂലമാണ് ഈ അവസ്ഥയുണ്ടാവുന്നത്. ഇത് മൂലം കുടൽ വേണ്ട രീതിയിൽ വികസിക്കാതെ വരികയും സാധാരണ രീതിയിൽ മലവിസർജനം സാധ്യമാകാതെ വരികയും ചെയ്യും. ഈ അവസ്ഥയുള്ളവരുടെ കുടലിൽ മലം അടിഞ്ഞ് കൂടുകയും പിന്നീട് ഗുരുതരമായ അണുബാധയുണ്ടാവുകയും ചെയ്യും.
ജനിച്ച് ആദ്യ 48 മണിക്കൂറിൽ മലവിസർജനം നടക്കാതെ വരുന്നതും വയറ് വീർക്കുന്നതും ഛർദ്ദിക്കുന്നതുമെല്ലാം ഇതിന്റെ ലക്ഷണമാണ്. ചിലരിൽ ഈ അവസ്ഥ ജനിച്ച് വർഷങ്ങൾക്ക് ശേഷവും കാണാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം