Death During Sex : ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹോട്ടല്‍മുറിയില്‍ 61കാരൻ മരിച്ചു

നാല്‍പതുകാരിയായ സ്ത്രീയോടൊത്ത് രാവിലെ പത്ത് മണിയോടെയാണ് ഇദ്ദേഹം കുര്‍ളയിലെ ഹോട്ടലില്‍ മുറിയെടുത്തത്. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ റിസപ്ഷനിലേക്ക് യുവതി ഫോണ്‍ ചെയ്യുകയായിരുന്നു

man died during sex and here is something you should know about death during sex

ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കെയോ ( Sexual Relation ), ഇതിന് ശേഷമോ മരണം സംഭവിക്കുന്ന സംഭവങ്ങള്‍ ( Death During Sex) നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. വലിയ തോതിലുള്ള ആശങ്ക ഇത്തരം വാര്‍ത്തകള്‍ പലരിലും ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്കണ്ഠയുള്ളവരിലാണ് ഈ ആശങ്ക ഏറെയും കാണുന്നത്. ഇങ്ങനെയുള്ള ആശങ്കകള്‍ പിന്നീട് ലൈംഗികജീവിതത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യാറുണ്ട്. 

ഇന്ന് മുംബൈയില്‍ നിന്ന് പുറത്തുവന്നൊരു വാര്‍ത്ത ഇതുപോലെ ഏറെ പേര്‍ സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവച്ചിരുന്നു. ഹോട്ടല്‍ മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കെ 61കാരന്‍ കുഴഞ്ഞുവീണ് മരിച്ചുവെന്നതാണ് വാര്‍ത്ത. നാല്‍പതുകാരിയായ സ്ത്രീയോടൊത്ത് രാവിലെ പത്ത് മണിയോടെയാണ് ഇദ്ദേഹം കുര്‍ളയിലെ ഹോട്ടലില്‍ മുറിയെടുത്തത്. 

അല്‍പസമയം കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ റിസപ്ഷനിലേക്ക് യുവതി ഫോണ്‍ ചെയ്യുകയായിരുന്നു. കൂടെയുള്ളയാള്‍ക്ക് അനക്കമില്ലെന്നും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ഇവരെത്തി രോഗിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പേ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

സ്ത്രീയെ ചോദ്യം ചെയ്തതില്‍ നിന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത് എന്ന് വ്യക്തമായിട്ടുണ്ട്. ലൈംഗിക ബന്ധത്തിനിടെ ഇദ്ദേഹം മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അപ്പോഴേക്ക് കുഴഞ്ഞുവീണുവെന്നുമാണ് ഇവരുടെ മൊഴി. 

ലൈംഗികബന്ധത്തിനിടെ മരണം...

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ മരണം സംഭവിക്കുന്നത് സിനിമകളിലും മറ്റും നാം ഏറെ കണ്ടിരിക്കാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വാര്‍ത്തകളിലൂടെയും വായിക്കുകയും അറിയുകയും ചെയ്തിരിക്കാം. എന്നാല്‍ ഇത് അപൂര്‍വമായ അവസ്ഥയാണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 

ഹൃദ്രോഗമുള്ളവരാണ് പ്രധാനമായും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഹൃദയാഘാതം പോലെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ലൈംഗികബന്ധത്തിനിടെയുള്ള മരണങ്ങളില്‍ ഏറിയ പങ്കും വരുന്നത്. ഇക്കാര്യങ്ങള്‍ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ വിശദീകരിച്ചുനല്‍കാറുണ്ട്. 

സെക്സിനിടെ മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, രക്തസമ്മര്‍ദ്ദത്തില്‍ പെടുന്നനെ വരുന്ന വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാമാണ് പ്രധാനമായും ഇത്തരത്തിലുള്ള മരണങ്ങളിലേക്ക് നയിക്കുന്നത്. 

പുരുഷന്മാര്‍ കൂടുതല്‍ ശ്രദ്ധിക്കുക...

ലൈംഗികബന്ധത്തിനിടെ മരണം സംഭവിക്കുന്നതില്‍ സ്ത്രീകളെക്കാള്‍ അപകടസാധ്യതകള്‍ പുരുഷന്മാര്‍ക്കാണ് ഉള്ളതെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇതും അധികവും ഹൃദയാഘാതം തന്നെയാണ് വില്ലനായി വരുന്നത്. 

പ്രായത്തിന്‍റെ കാര്യത്തിലും എപ്പോഴും ഉറപ്പ് പറയാന്‍ സാധിക്കുകയില്ല. അമ്പത് വയസിന് താഴെയുള്ളവരിലും ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും ഇത് സാധാരണഗതിയില്‍ സംഭവിക്കുന്ന ഒന്നല്ല. വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് ഇതിന് സാധ്യതയുള്ളത്. അതുകൊണ്ട് തന്നെ അനാവശ്യമായ ആശങ്ക ഇതെച്ചൊല്ലി വേണ്ട. അതുപോലെ തന്നെ ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍, മറ്റ് മരുന്നുകള്‍ (ഉദ്ധാരണത്തിന് അടക്കം) ഉപയോഗിക്കുന്നവര്‍, ബിപിയുള്ളവര്‍ എല്ലാം ലൈംഗികജീവിതത്തെ കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ഡോക്ടറോട് തുറന്ന് സംസാരിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. 

Also Read:-  സുഖകരമായ ലൈംഗികജീവിതത്തിന് ഒഴിവാക്കേണ്ട ചിലത്...

Latest Videos
Follow Us:
Download App:
  • android
  • ios