ബിപി കൂടുന്നതിലേക്ക് നയിക്കുന്ന, അധികമാരും അറിയാത്തൊരു പ്രശ്നം...
ശരീരത്തില്‍ പൊട്ടാസ്യം കുറയുന്നത് അത്ര സാധാരണഗതിയില്‍ വലിയ പ്രശ്നമായി ഉയര്‍ന്നുവരാറോ തിരിച്ചറിയപ്പെടാറോ ഇല്ല എന്നതാണ് സത്യം. എന്നാല്‍ ചില ലക്ഷണങ്ങള്‍ പൊട്ടാസ്യം കുറയുമ്പോള്‍ ശരീരം കാണിക്കും. മലബന്ധം, നെഞ്ചിടിപ്പില്‍ വ്യതിയാനം, തളര്‍ച്ച, പേശികള്‍ക്ക് കേടുപാട്, പേശികളില്‍ ബലക്കുറവും വേദനയും, വിറയല്‍- മരവിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇതിന്‍റെ ലക്ഷണമായി വരിക.
ബിപി അഥവാ രക്തസമ്മര്‍ദ്ദം കൂടുന്നത് ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളിയാണെന്നത് ഏവര്‍ക്കുമറിയാം. പ്രധാനമായും ഹൃദയത്തെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിക്കുക. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ ഭീഷണിയിലാകുന്ന അവസ്ഥകളിലേക്ക് എല്ലാം ഹൈ ബിപി നയിക്കാം.
അതിനാല്‍ തന്നെ ബിപി പ്രശ്നമുള്ളവര്‍ പലവിധത്തിലുള്ള ജീവിതശൈലീ മാര്‍ഗങ്ങളിലൂടെ ഇതിനെ നിയന്ത്രിച്ച് മുന്നോട്ട് പോയേ തീരൂ. ഇതിന് എങ്ങനെയെല്ലാമാണ് ബിപി ഉയരുക, എന്തെല്ലാം കാരണങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കാം എന്നെല്ലാം അറിഞ്ഞിരിക്കണം.
ഇവിടെയിപ്പോള്‍ ബിപി കൂടുന്നതിന് കാരണമാകുന്ന, അധികമാര്‍ക്കുമറിയാത്തൊരു പ്രശ്നത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഘടകങ്ങള്‍ ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള പോഷകങ്ങളെല്ലാം ഇത്തരത്തില്‍ ഏറെ ആവശ്യമാണ്. ഇക്കൂട്ടത്തില്‍ പൊട്ടാസ്യം എന്ന ധാതുവില്‍ കുറവ് സംഭവിക്കുന്നത് ബിപി കൂടുന്നതിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതെക്കുറിച്ചാണിനി വിശദീകരിക്കുന്നത്.
പൊട്ടാസ്യം- നെഞ്ചിടിപ്പ് 'നോര്‍മല്‍' ആക്കി വയ്ക്കുന്നതിനും, പേശികളും നാഡികളും നന്നായി പ്രവര്‍ത്തിക്കുന്നതിനും, പ്രോട്ടീൻ ഉത്പാദനത്തിനും, കാര്‍ബോഹൈഡ്രേറ്റ് മാറ്റി ഉപയോഗപ്രദമാക്കിയെടുക്കുന്നതിനുമെല്ലാം ആവശ്യമായി വരുന്ന ഘടകമാണ്. ഇതിനെല്ലാം പുറമെ ശരീരത്തിലെ സോഡിയം നില നിയന്ത്രിക്കുന്നതിലും പൊട്ടാസ്യത്തിന് പങ്കുണ്ട്. നമുക്കറിയാം, സോഡിയം - ബിപി ഉയരുന്നതിലേക്ക് നയിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ബിപിയുള്ളവര്‍ അധികം ഉപ്പ് കഴിക്കരുതെന്നോ, ഉപ്പ് ഒഴിവാക്കണമെന്നോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
പൊട്ടാസ്യം- രക്തക്കുഴലുകളുടെ ഭിത്തികളെ 'റിലാക്സ്' ചെയ്യിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴിയും ബിപി കുറയാൻ സഹായിക്കുന്നു. പേശീവേദന - അസ്വസ്ഥത എന്നിവയും ഇതിലൂടെ കുറയുന്നു.
ശരീരത്തില്‍ പൊട്ടാസ്യം കുറയുന്നത് അത്ര സാധാരണഗതിയില്‍ വലിയ പ്രശ്നമായി ഉയര്‍ന്നുവരാറോ തിരിച്ചറിയപ്പെടാറോ ഇല്ല എന്നതാണ് സത്യം. എന്നാല്‍ ചില ലക്ഷണങ്ങള്‍ പൊട്ടാസ്യം കുറയുമ്പോള്‍ ശരീരം കാണിക്കും. മലബന്ധം, നെഞ്ചിടിപ്പില്‍ വ്യതിയാനം, തളര്‍ച്ച, പേശികള്‍ക്ക് കേടുപാട്, പേശികളില്‍ ബലക്കുറവും വേദനയും, വിറയല്‍- മരവിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇതിന്‍റെ ലക്ഷണമായി വരിക. പൊട്ടാസ്യം കുറവ് കണ്ടെത്തുന്നതിനായി രക്തപരിശോധന നടത്താവുന്നതാണ്.
ഇലക്കറികള്‍, ബീൻസ്, നട്ട്സ്, പാലുത്പന്നങ്ങള്‍, ചൂര- ആറ്റുമീൻ, നാരുകളടങ്ങിയ പച്ചക്കറികള്‍, നേന്ത്രപ്പഴം, ഓറഞ്ച്, മുസമ്പി, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, സോയാബീൻ എന്നിവയെല്ലാം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.
Also Read:- രാവിലെ ഉണരുമ്പോള്‍ തൊണ്ട അടയുന്നതും മുഖത്ത് നീര് വന്നതുപോലെ കാണുന്നതും എന്തുകൊണ്ട്?