Covid 19 : കൊവിഡിന് ശേഷം ഏറ്റവുമധികം പേരില്‍ ദീര്‍ഘകാലത്തേക്ക് കാണുന്ന 4 പ്രശ്നങ്ങള്‍

കൊവിഡ് 19 ബാധിക്കപ്പെടുന്ന സമയത്ത് മാത്രമല്ല അതിന്‍റെ വിഷമതകള്‍ രോഗികള്‍ നേരിടുന്നത്. കൊവിഡില്‍ നിന്ന് മുക്തി നേടിയ ശേഷവും ദീര്‍ഘകാലത്തേക്ക് ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്.

long covid symptoms which lasts for a long time

കൊവിഡ് 19 രോഗത്തോടുള്ള നിരന്ത പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India ) ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളവും ( Covid 19 Kerala )  ജാഗ്രതയില്‍ തന്നെയാണ്. 

ഇന്ത്യയില്‍ കൊവിഡ് ( Covid 19 India ) നാലാം തരംഗം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് മൂന്ന് മാസത്തിനിടെ ആദ്യമായി പ്രതിദിന കൊവിഡ് കണക്കുകള്‍ നാലായിരം കടക്കുന്നത്. കൂടെ കൊവിഡ് മരണങ്ങളിലും വര്‍ധനവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിനൊപ്പം തന്നെ ( Covid 19 Kerala ) മഹാരാഷ്ട്രയും കൊവിഡ് കണക്കുകളിൽ മുന്നിലാണ്. 

കൊവിഡ് 19 ബാധിക്കപ്പെടുന്ന സമയത്ത് മാത്രമല്ല അതിന്‍റെ വിഷമതകള്‍ രോഗികള്‍ നേരിടുന്നത്. കൊവിഡില്‍ നിന്ന് മുക്തി നേടിയ ശേഷവും ദീര്‍ഘകാലത്തേക്ക് ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ലോംഗ് കൊവിഡ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ആഴ്ചകള്‍ തുടങ്ങി മാസങ്ങളോളവും വര്‍ഷങ്ങളോളവും വരെ ഈ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ തുടരാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തില്‍ കൊവിഡിന് ശേഷം ഏറ്റവുമധികം പേരില്‍ ദീര്‍ഘകാലത്തേക്ക് കണ്ടുവരുന്ന നാല് പ്രശ്നങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വൈറല്‍ രോഗങ്ങളിലെല്ലാം ലക്ഷണമായി വരുന്ന ഒന്നാണ് തളര്‍ച്ച. കൊവിഡ് ലക്ഷണമായും ഇത് വരുന്നുണ്ട്. എന്നാല്‍ കൊവിഡിന് ശേഷവും ദീര്‍ഘകാലത്തേക്ക് ഇത് നീണ്ടുനില്‍ക്കാം. ശരീരം ഒന്നും ചെയ്യാന്‍ സാധിക്കാത്ത വിധം തളര്‍ന്നുപോകുന്ന അവസ്ഥ. എപ്പോഴും കിടക്കണമെന്ന തോന്നല്‍, നിത്യജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഉന്മേഷമില്ലായ്മ, കാര്യങ്ങള്‍ മനസിലാക്കുന്നതിനും ചിന്തിക്കുന്നതിനും ഓര്‍ക്കുന്നതിനുമെല്ലാം പരിമിത എന്നിവയെല്ലാം ഇതില്‍ വരുന്നു. 

രണ്ട്...

കൊവിഡിന് ശേഷം ഉറക്കം പ്രശ്നമായെന്ന് പരാതിപ്പെടുന്ന ധാരാളം പേരുണ്ട്. പലര്‍ക്കും ഇത് തങ്ങളുടെ മാത്രം തോന്നലാണെന്ന തെറ്റിദ്ധാരണയും ഉണ്ട്. ഇത് തോന്നലാണെന്ന് ചിന്തിക്കേണ്ടതില്ല. കൊവിഡിന് ശേഷം ലോംഗ് കൊവിഡില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നൊരു പ്രശ്നം തന്നെയാണ് ഉറക്കപ്രശ്നങ്ങള്‍. ഉറക്കം ലഭിക്കാതിരിക്കുന്ന അവസ്ഥ, ഉറക്കം ലഭിച്ചാല്‍ തന്നെ അത് ആഴത്തിലുള്ളത് ആകാതിരിക്കുക, ഇടയ്ക്ക് ഞെട്ടിയെഴുന്നേല്‍ക്കുക, അത്തരത്തില്‍ ഉറക്കം മുറിയുക - ഇവയെല്ലാം കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് കണ്ടേക്കാം. 

മൂന്ന്...

കൊവിഡ് 19 പല അവയവങ്ങളെയും ബാധിക്കുന്നതായി നാം കണ്ടു. എങ്കിലും ശ്വാസകോശം ബാധിക്കപ്പെടുന്നത് അല്‍പം കാര്യമായ രീതിയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കൊവിഡിന് ശേഷം ശ്വാസതടസം നേരിടുന്നവര്‍ നിരവധിയാണ്. ഈ പ്രശ്നവും ചിലപ്പോള്‍ വലിയ സമയത്തേക്ക് നീണ്ടുനില്‍ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണഗതിയില്‍ നടക്കുന്ന അത്രയും ദൂരം നടക്കാന്‍ സാധിക്കാതെ വരിക, വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരിക, പൊക്കത്തിലേക്ക് കയറാന്‍ സാധിക്കാതെ വരിക, നിത്യജീവിതത്തിലെ മറ്റ് ജോലികള്‍ ചെയ്യുമ്പോള്‍ ക്ഷീണവും കിതപ്പും അനുഭവപ്പെടുകയെല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കുന്നു. 

നാല്...

കൊവിഡ് 19 ശരീരത്തെ മാത്രമല്ല, മനസിനെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് നമുക്ക് അറിയാം. അത്തരത്തില്‍ ലോംഗ് കൊവിഡിന്‍റെ ഭാഗമായി വിഷാദരോഗം, ഉത്കണ്ഠ എന്നിവ കൂടുതല്‍ പേരില്‍ കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ അടുത്തിടെ നടന്നൊരു പഠനവും ഇക്കാര്യം അടിവരയിട്ട് ഉറപ്പിച്ചിരുന്നു. 

ഈ രീതിയില്‍ ലോംഗ് കൊവിഡ് പ്രശ്നങ്ങള്‍ നിത്യജീവിതത്തെ അലട്ടുന്ന രീതിയിലേക്ക് മാറിയാല്‍ അതിന് പരിഹാരം കാണാന്‍ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ഉറക്കപ്രശ്നം, വിഷാദം, ഉത്കണ്ഠ, ശ്വാസതടസം എന്നിവയ്ക്കെല്ലാം ചികിത്സ തേടാം. ഒപ്പം ഡയറ്റും ജീവിതരീതിയും മെച്ചപ്പെടുത്തിക്കൊണ്ട് ക്ഷീണവും തളര്‍ച്ചയും അതിജീവിക്കാം. 

Also Read:- ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മറ്റൊരു തരംഗത്തിന് സാധ്യതയോ?

Latest Videos
Follow Us:
Download App:
  • android
  • ios