Monkeypox Disease : ജനേന്ദ്രിയത്തില്‍ കുമിളകള്‍, പനി; മങ്കിപോക്സിനെ കുറിച്ച് പുതിയ വിവരങ്ങള്‍
നിലവില്‍ 51 രാജ്യങ്ങളിലായ അയ്യായിരത്തോളം മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ കേസുമുള്ളത്. ഇതില്‍ തന്നെ യുകെ ആണ് മുന്നില്‍. 1,235 കേസുകളും യുകെയില്‍ നിന്നുള്ളതാണ്.
മങ്കിപോക്സ് രോഗത്തെ ( Monkeypox Disease ) കുറിച്ച് ഇതിനോടകം തന്നെ നിങ്ങളെല്ലാവരും കേട്ടിരിക്കും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലെത്തുകയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്ന വൈറല്‍ അണുബാധയാണിത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടെത്തപ്പെട്ടിട്ടുള്ള വൈറല്‍ ബാധയാണിത്. എന്നാലിപ്പോള്‍ വലിയ തോതിലാണ് ലോകരാജ്യങ്ങളിലാകെ മങ്കിപോക്സ് വ്യാപകമായത്.
നിലവില്‍ 51 രാജ്യങ്ങളിലായ അയ്യായിരത്തോളം മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ കേസുമുള്ളത്. ഇതില്‍ തന്നെ യുകെ ആണ് മുന്നില്‍. 1,235 കേസുകളും യുകെയില്‍ നിന്നുള്ളതാണ്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരാണെങ്കില്‍ മഹാഭൂരിപക്ഷവും പുരുഷന്മാരാണെന്നതാണ് ( Monkeypox in Men ) റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ തന്നെ മുക്കാല്‍ ഭാഗം പേരും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരാണത്രേ. ഇക്കാരണം കൊണ്ട് തന്നെ മങ്കിപോക്സിനെ ഒരു ലൈംഗികരോഗമായി കണക്കാക്കേണ്ടി വന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന പോലും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇപ്പോഴിതാ പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ്'ല്‍ വന്നൊരു പഠന റിപ്പോര്‍ട്ട് പ്രകാരം പുതുതായി വരുന്ന മങ്കിപോക്സ് കേസുകളില്‍ ജനനേന്ദ്രിയത്തിലും മലദ്വാരത്തിന് സമീപത്തുമായാണ് രോഗ ലക്ഷണമായ കുമിളകള്‍ കാര്യമായി വരുന്നത്. ഇതിനൊപ്പം പനിയും കാണുന്നു. എന്തുകൊണ്ടാണ് ജനനേന്ദ്രിയത്തിലും മലദ്വാരത്തിന് സമീപത്തും തന്നെ കുമിളകള്‍ വരുന്നത് എന്ന ചോദ്യം ലൈംഗികബന്ധത്തിലേക്കാണ് പരോക്ഷമായി നീളുന്നത്.
ഏറ്റവുമധികം മങ്കിപോക്സ് രോഗികളുള്ള യുകെയിലെ 'ചെല്‍സ ആന്‍റ് വെസ്റ്റ്മിൻസ്റ്റര്‍ ഹോസ്പിറ്റലി'ല്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത് ഇവരുടെ അടുക്കലെത്തിയ മങ്കിപോക്സ് രോഗികളില്‍ അമ്പതിലധികം പേരെങ്കിലും നേരത്തെ രോഗലക്ഷണങ്ങള്‍ കണ്ട് ലൈംഗിക രോഗങ്ങള്‍ ചികിത്സിക്കുന്ന ക്ലിനിക്കില്‍ പോയവരാണത്രേ. അവിടെ നിന്നാണ് ഇവര്‍ വീണ്ടും തങ്ങളുടെ അടുത്ത് പരിശോധനയ്ക്ക് എത്തിയതെന്നും ഇവര്‍ പറയുന്നു.
അതായത് ലൈംഗികരോഗങ്ങളുമായി ഏറെ സാമ്യം മങ്കിപോക്സ് ( Monkeypox Disease ) കാണിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ ലോകാരോഗ്യ സംഘടന മുന്നറിയപ്പ് നല്‍കിയതുപോലെ തന്നെ മങ്കിപോക്സ് ലൈംഗിക രോഗമായി തന്നെ കണക്കാക്കേണ്ടിയും വരാം.
രോഗബാധയുണ്ടായ പുരുഷന്മാരില്‍ ( Monkeypox in Men ) ധാരാളം പേര്‍ ഒന്നോ രണ്ടോ ആളുകളിലും അധികമായി രോഗബാധയുടെ തൊട്ട് മുമ്പുള്ള ആഴ്ചകളില്‍ ലൈംഗികബന്ധം പുലര്‍ത്തിയിരുന്നതായും സുരക്ഷാമാര്‍ഗങ്ങളും ഇവരില്‍ പലരും ഉപയോഗിച്ചിരുന്നില്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 94 ശതമാനം രോഗികളിലും ജനനേന്ദ്രിയത്തില്‍ ഒരു കുമിളയെങ്കിലും ഉണ്ടായിരുന്നുവെന്നും മിക്കവരുടെയും രോഗം തീവ്രമല്ലാതിരുന്നതിനാല്‍ തന്നെ ചുരുക്കം പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നതുള്ളൂ എന്നും ചെല്‍സ ആന്‍റ് വെസ്റ്റ്മിന്‍സ്റ്റര്‍ ആശുപത്രി വ്യക്തമാക്കുന്നു.
ചിക്കന്‍ പോക്സിനേതിന് സമാനമായി ദേഹത്ത് കുമിളകള്‍ വരുന്നുവെന്നതാണ് മങ്കിപോക്സിന്‍റെ പ്രത്യേകത. ഒപ്പം പനി, തളര്‍ച്ച പോലുള്ള വൈറല്‍ അണുബാധകളുടെ പൊതുലക്ഷണങ്ങളും കാണുന്നു.
Also Read:- ശുക്ലത്തില്‍ മങ്കിപോക്സ് വൈറസ് സാന്നിധ്യം; ലൈംഗികരോഗമാണെന്ന വാദം കനക്കുന്നു...