'മൂഡ് ഡിസോര്‍ഡര്‍' മുതല്‍ ഹൃദ്രോഗം വരെ; ദിവസവും ശ്രദ്ധിക്കേണ്ടൊരു കാര്യം...

ദിവസവും മുതിര്‍ന്ന ഒരാള്‍ എട്ട് മണിക്കൂര്‍ ഉറക്കമെങ്കിലും ഉറപ്പിക്കേണ്ടതുണ്ട്. തുടര്‍ച്ചയായാണ് ഇത്രയും നേരത്തെ ഉറക്കം കിട്ടേണ്ടത്. അതുപോലെ തന്നെ ഇടയ്ക്കിടെ ഉറക്കം മുറിയുന്നതും വലിയ പ്രശ്നമാണ്

lack of sleep may lead you to heart related problems

നിത്യജീവിതത്തില്‍ പല കാര്യങ്ങളും നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ഇതില്‍ ഉറക്കം സംബന്ധിച്ച ചിലതാണിനി പങ്കുവയ്ക്കുന്നത്.

ദിവസവും മുതിര്‍ന്ന ഒരാള്‍ എട്ട് മണിക്കൂര്‍ ഉറക്കമെങ്കിലും ഉറപ്പിക്കേണ്ടതുണ്ട്. തുടര്‍ച്ചയായാണ് ഇത്രയും നേരത്തെ ഉറക്കം കിട്ടേണ്ടത്. അതുപോലെ തന്നെ ഇടയ്ക്കിടെ ഉറക്കം മുറിയുന്നതും വലിയ പ്രശ്നമാണ്. ഇങ്ങനെ ഉറക്കം നേരാംവണ്ണം ലഭിക്കാത്തത് പതിവാകുന്നുവെങ്കില്‍ പല പ്രശ്നങ്ങളും നമ്മെ പിടികൂടാം. അത്തരത്തില്‍ ബാധിച്ചേക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ച് അറിയാം...

ഒന്ന്...

മൂഡ് ഡിസോര്‍ഡര്‍ അഥവാ പെട്ടെന്ന് മാറിമറിയുന്ന മാനസികാവസ്ഥയാണ് ഇതിന്‍റെ ഒരു പാര്‍ശ്വഫലം. എളുപ്പത്തില്‍ അസ്വസ്ഥരാവുക, ദേഷ്യം വരികയെല്ലാം ഉറക്കം ശരിയായില്ലെങ്കില്‍ സംഭവിക്കും. ദീര്‍ഘകാലത്തേക്ക് ഉറക്കപ്രശ്നമുള്ളവരിലാണെങ്കില്‍ ഇതിന്‍റെ ഭാഗമായി വിഷാദരോഗം പിടിപെടാം. ഉറക്കം ശരിയാകാതിരിക്കുമ്പോള്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിലേക്കെല്ലാം നയിക്കുന്നത്. 

രണ്ട്...

പതിവായി ഉറക്കം ശരിയാകാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകളേറെയാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകള്‍ക്കെല്ലാം സാധ്യത കൂടുതലാണ്. 

മൂന്ന്...

ഉറക്കം ശരിയല്ലെങ്കില്‍ അത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഓര്‍മ്മശക്തി കുറയുക, ശ്രദ്ധ കുറയുക, ചിന്താശേഷി കുറയുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം നേരിടാം. ജോലികള്‍ ചെയ്തുതീര്‍ക്കാൻ സാധിക്കാതെ വരിക, എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടാല്‍ അത് പരിഹരിക്കാൻ കഴിയാതെ വരിക, വികാരങ്ങള്‍ നിയന്ത്രിക്കാൻ സാധിക്കാതിരിക്കുകയെല്ലാം ഇങ്ങനെ സംഭവിക്കാം. 

നാല്...

പതിവായി ഉറക്കപ്രശ്നം നേരിടുന്നവരില്‍ അമിതവണ്ണവും ഉണ്ടാകാം. ഇതും ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നാണ് സംഭവിക്കുന്നത്. 

അഞ്ച്...

രോഗപ്രതിരോധ ശേഷി കുറയുന്നതും ഉറക്കപ്രശ്നങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ്. ഇതോടെ ഇടയ്ക്കിടെ അസുഖങ്ങള്‍ പിടിപെടുന്നത് പതിവാകാം. 

ആറ്...

ഒരുപാട് പ്രാധാന്യമുള്ള മറ്റൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ മൂലം ബിപി ഉയരുന്നത്. ദിവസവും ഉറക്കം കൃത്യമായി ലഭിക്കുന്നില്ല എങ്കില്‍ അത് ക്രമേണ ബിപി വ്യതിയാനത്തിന് കാരണമാകും. ചിലരിലാണെങ്കില്‍ പെട്ടെന്ന് ബിപി വ്യതിയാനം സംഭവിക്കുകയും ഇത് അനുബന്ധപ്രശ്നങ്ങളിലേക്ക് പോവുകയും ചെയ്യാം.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ഉറക്കപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാൻ ശ്രമിക്കണം. ജീവിതരീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പരിഹരിക്കാവുന്നതാണെങ്കില്‍ അങ്ങനെയും, ഡോക്ടറെ കാണേണ്ടതാണെങ്കില്‍ അങ്ങനെയും പരിഹരിക്കണം. 

Also Read:- ഉറക്കമുണര്‍ന്ന ശേഷം ക്ഷീണം അനുഭവപ്പെടാറുണ്ടോ? വീണ്ടും കിടക്കാൻ തോന്നാറുണ്ടോ?

Latest Videos
Follow Us:
Download App:
  • android
  • ios