മദ്ധ്യപ്രദേശില്‍ നാല് ബ്ലാക്ക് ഫംഗസ് മരണം; ശ്രദ്ധിച്ചില്ലെങ്കില്‍ ജീവനെടുക്കുന്ന വില്ലനായി ബ്ലാക്ക് ഫംഗസ്
പരിക്ക് പറ്റിയ അടയാളങ്ങള്‍ പോലെയോ, കറുത്ത കല പോലെയോ പാടുകള്‍ വരിക, വീക്കം, അസഹ്യമായ വേദന എന്നിവയെല്ലാം അനുഭവപ്പെടാം. ഫംഗസ് ആക്രമണത്തില്‍ നാശമാകുന്ന കോശകലകള്‍ ശരീരത്തില്‍ നിന്ന് മാറ്റാത്തപക്ഷം അണുബാധ തലച്ചോറിലേക്ക് വരെ എത്താം. ചില കേസുകളില്‍ ഗുരുതരമായ അണുബാധ തലച്ചോറിലേക്ക് എത്താതിരിക്കാന്‍ രോഗിയുടെ മൂക്ക്, കണ്ണുകള്‍, താടിയെല്ല് വരെ നീക്കം ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
കൊവിഡ് 19 മഹാമാരി പിടിപെട്ട്, അതില്‍ നിന്ന് രക്ഷ നേടിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് ഭീഷണി ആവുകയാണ് 'മ്യൂക്കോര്‍മൈക്കോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് ബാധ. കൊവിഡ് ബാധിച്ച എല്ലാവരിലും ഇത് പിടിപെടുന്നില്ല. എന്നാല്‍ ദിനം പ്രതി ബ്ലാക്ക് ഫംഗസ് കേസുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്.
ഇന്ന് മദ്ധ്യപ്രദേശില്‍ നാല് പേര്‍ ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചു. രാജ്യത്ത് ആകെ ഇരുന്നൂറിലധികം പേര്‍ രോഗം ബാധിച്ച് മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. ഔദ്യോഗികമായി ഇതുവരെ ബ്ലാക്ക് ഫംഗസ് മരണങ്ങളുടെ കണക്കെത്തിയിട്ടില്ല.
ആകെ ഏഴായിരത്തിലധികം ബ്ലാക്ക് ഫംഗസ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ വന്നിട്ടുള്ളതെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബ്ലാക്ക് ഫംഗസ് അപകടകാരിയോ?
ഈ സമയത്തിനുള്ളില്‍ തന്നെ കുറഞ്ഞത് ഒമ്പത് സംസ്ഥാനങ്ങളെങ്കിലും ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. ആശുപത്രികളിലെയോ, വീട്ടുപരിസരങ്ങളിലെയോ അന്തരീക്ഷത്തില്‍ നിന്നാണ് ഇവ മനുഷ്യരിലെത്തുന്നത്.
മണ്ണിലും, അഴുകിത്തുടങ്ങിയ ജൈവികപദാര്‍ത്ഥങ്ങളിലുമെല്ലാമാണ് ഫംഗസ് കാണപ്പെടുന്നത്. കൊവിഡിനും മുമ്പ് നിലവിലുള്ള രോഗം തന്നെയാണിത്. എന്നാല്‍ കൊവിഡിന്റെ വരവോടെ കൂട്ടമായി രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധയുണ്ടാവുകയായിരുന്നു.
പ്രധാനമായും പ്രതിരോധശേഷി വളരെ കുറഞ്ഞവരിലാണ് ബ്ലാക്ക് ഫംഗസ് ബാധയുണ്ടാകുന്നത്. കൊവിഡ് രോഗികളിലാണെങ്കില്‍ വൈറസിനെതിരെ പ്രതിരോധവ്യവസ്ഥ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന 'സൈറ്റോകൈന്‍ സ്‌റ്റോം' എന്ന പ്രതിഭാസം മൂലമാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്.
ആദ്യഘട്ടങ്ങളില്‍ അത്ര പേടിക്കേണ്ട അസുഖമല്ലെന്ന തരത്തിലായിരുന്നു പ്രചരണമെങ്കില്‍ അപ്പോള്‍ സാഹചര്യം മാറിവരുന്ന കാഴ്ചയാണ് കാണുന്നത്. സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ അപഹരിക്കാന്‍ ബ്ലാക്ക് ഫംഗസിന് സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതാണ്ട് 54 ശതമാനം വരെ ഗുരുതരമാകാനുള്ള സാധ്യത ബ്ലാക്ക് ഫംഗസിനുണ്ടെന്നാണ് അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) വ്യക്തമാക്കുന്നത്.
ശ്വസനത്തിലൂടെയാണ് ഫംഗസ് അകത്തേക്ക് കയറുന്നത് എന്നതിനാല്‍ തന്നെ മുഖത്താണ് പ്രധാനമായും ഇതിന്റെ അനന്തരഫലങ്ങള്‍ രൂപപ്പെടുന്നത്. പരിക്ക് പറ്റിയ അടയാളങ്ങള്‍ പോലെയോ, കറുത്ത കല പോലെയോ പാടുകള്‍ വരിക, വീക്കം, അസഹ്യമായ വേദന എന്നിവയെല്ലാം അനുഭവപ്പെടാം. ഫംഗസ് ആക്രമണത്തില്‍ നാശമാകുന്ന കോശകലകള്‍ ശരീരത്തില്‍ നിന്ന് മാറ്റാത്തപക്ഷം അണുബാധ തലച്ചോറിലേക്ക് വരെ എത്താം.
ചില കേസുകളില്‍ ഗുരുതരമായ അണുബാധ തലച്ചോറിലേക്ക് എത്താതിരിക്കാന്‍ രോഗിയുടെ മൂക്ക്, കണ്ണുകള്‍, താടിയെല്ല് വരെ നീക്കം ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്തുകൊണ്ട് ഇന്ത്യയില്‍ ഭീഷണി രൂക്ഷമാകുന്നു?
പ്രമേഹരോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് സാധ്യതകളേറെയാണ്. ലോകത്ത് തന്നെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇത് ബ്ലാക്ക് ഫംഗസ് ഭീഷണി രൂക്ഷമാകാന്‍ ഒരു കാരണമാകുന്നു.
അതുപോലെ തന്നെ സ്റ്റിറോയ്ഡുകളുടെ ഉപയോഗവും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് വഴിയൊരുക്കുന്നുണ്ട്. കൊവിഡ് രോഗികളില്‍ ആന്തരീകാവയവങ്ങളെ പ്രശ്‌നത്തിലാക്കുന്ന 'സൈറ്റോകാന്‍ സ്‌റ്റോം' ഒഴിവാക്കാന്‍ സ്റ്റിറോയ്ഡുകള്‍ നല്‍കുന്നുണ്ട്. ഇതാണ് കൊവിഡ് രോഗികളില്‍ ഫംഗസ് ബാധ ഏറാന്‍ കാരണമാകുന്നത്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സ്റ്റിറോയ്ഡുകള്‍ കഴിക്കുന്നവര്‍ തന്നെ നിരവധിയാണ്. ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ സ്റ്റിറോയ്ഡുകള്‍ കഴിക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് 'പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ'യിലെ പ്രൊഫസര്‍ കെ. ശ്രീനാഥ് റെഡ്ഡി പറയുന്നത്. ആളുകള്‍ വളരെ സ്വതന്ത്രമായും അശാസ്ത്രീയമായും ആണ് സ്റ്റിറോയ്ഡുകള്‍ കഴിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതും ബ്ലാക്ക് ഫംഗസ് സാധ്യത കൂട്ടുന്നു.
ഇതിനിടെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള 'ആംഫോടെറിസിന്‍-ബി' എന്ന മരുന്നിന്റെ ദൗര്‍ലഭ്യം കൂടിവരികയാണ്. ഇന്ന് നാല് മരണം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മദ്ധ്യപ്രദേശിലും മരുന്നിന്റെ ക്ഷാമം ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഏതായാലും വരും ദിവസങ്ങളില്‍ ബ്ലാക്ക് ഫംഗസ് കൊവിഡ് കാലത്തെ അടുത്ത ഭീഷണയാകുമോ എന്ന ആശങ്ക കനക്കുന്നുവെന്ന് തന്നെ പറയാം.
Also Read:- എന്താണ് 'വെെറ്റ് ഫംഗസ്'; ആർക്കൊക്കെ പിടിപെടാം?...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona