കൊവിഡിന് ശേഷവും ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന അഞ്ച് ലക്ഷണങ്ങള്‍...

ചില കേസുകളില്‍ മാസങ്ങളോളം കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. കൊവിഡ് ലക്ഷണമായി പ്രകടമാകാറുള്ള വിഷമതകള്‍ തന്നെയാണ് മിക്കവാറും ടെസ്റ്റ് ഫലം നെഗറ്റീവായ ശേഷവും കണ്ടുവരുന്നത്. എന്നാല്‍ ഇവയില്‍ എല്ലാ ലക്ഷണവും തുടര്‍ന്ന് നിലനില്‍ക്കില്ല

know these five post covid physical problems

കൊവിഡ് 19 എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് രോഗം അതിജീവിച്ച ശേഷവും രോഗബാധിതരായ ആളുകളില്‍ കണ്ടുവരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍. ഓരോ വ്യക്തിയെയും അയാളുടെ പ്രായം, മുമ്പേയുള്ള ആരോഗ്യാവസ്ഥ, എത്രത്തോളം തീവ്രമായാണ് കൊവിഡ് ബാധിക്കപ്പെട്ടത് എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ പിടികൂടുന്നത്.

ചില കേസുകളില്‍ മാസങ്ങളോളം കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. കൊവിഡ് ലക്ഷണമായി പ്രകടമാകാറുള്ള വിഷമതകള്‍ തന്നെയാണ് മിക്കവാറും ടെസ്റ്റ് ഫലം നെഗറ്റീവായ ശേഷവും കണ്ടുവരുന്നത്. എന്നാല്‍ ഇവയില്‍ എല്ലാ ലക്ഷണവും തുടര്‍ന്ന് നിലനില്‍ക്കില്ല. ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള അഞ്ച് പ്രശ്‌നങ്ങളെ കുറിച്ചാണ് ഇന്ന് വിശദീകരിക്കുന്നത്. 

ഒന്ന്...

ചിലരില്‍ കൊവിഡ് ലക്ഷണമായി ഗന്ധവും രുചിയും നഷ്ടമാകുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഈ ലക്ഷണം രോഗം അതിജീവിച്ച ശേഷവും ഏറെക്കാലത്തേക്ക് നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഗന്ധവും രുചിയും തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളെ വൈറസ് ആക്രമിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിയുന്ന വേഗത്തില്‍ നഷ്ടമായ ഗന്ധവും രുചിയും തിരിച്ചുപിടിക്കാന്‍ ചെറിയ ചില പരിശീലനങ്ങള്‍ നടത്താവുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് ഒരു ഫിസീഷ്യന്റെ നിര്‍ദേശം ആരായാം. 

രണ്ട്...

വൈറല്‍ ഇന്‍ഫെക്ഷനുകളില്‍ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ രോഗം ഭേദമായ ശേഷവും ഏറെ നാളത്തേക്ക് ഈ തളര്‍ച്ച നീണ്ടുനില്‍ക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

know these five post covid physical problems

 

രോഗം ബാധിക്കപ്പെടുമ്പോള്‍ വൈറസിനെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന തിരക്കിലായിരിക്കും ശരീരം. ഇതാണ് തളര്‍ച്ചയ്ക്ക് ഒരു കാരണമാകുന്നത്. ഇതിന് പുറമെ രോഗ പ്രതിരോധവ്യവസ്ഥ 'സൈറ്റോകൈന്‍സ്' എന്ന പ്രോട്ടീന്‍ പുറപ്പെടുവിക്കുന്നതും ക്ഷീണത്തിലേക്ക് നയിച്ചേക്കാം. രോഗം മാറിയ ശേഷവും ഈ തളര്‍ച്ച നീണ്ടുനില്‍ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഗവേഷകര്‍ക്കായിട്ടില്ല. 

മൂന്ന്...

ഒരു ശ്വാസകോശ രോഗമായതിനാല്‍ തന്നെ ശ്വാസതടസമാണ് കൊവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായി വരിക. എന്നാല്‍ എല്ലാ രോഗികളിലും നിര്‍ബന്ധമായും ഈ ലക്ഷണം കാണണമെന്നുമില്ല. കൊവിഡിനോടനുബന്ധിച്ച് ശ്വാസതടസം ലക്ഷണമായി വന്നവരില്‍ കൊവിഡിന് ശേഷവും ഏറെ നാളത്തേക്ക് ഈ വിഷമത അനുഭവപ്പെടാം. കൊവിഡാനന്തരം കാണുന്ന മറ്റ് പ്രശ്‌നങ്ങളെ അപേക്ഷിച്ച് ഇത് അല്‍പം ഗൗരവമുള്ളതുമാണ്. 

നാല്...

കൊവിഡ് ബാധിക്കപ്പെട്ടവരില്‍ വളരെ നേരത്തേ തന്നെ രോഗം സൂചിപ്പിക്കാനായി തലവേദന പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് ഒരു സംഘം ഗവേഷകര്‍ വാദിക്കുന്നത്. അതുപോലെ തന്നെ കൊവിഡിന് ശേഷവും ഏറെ നാളത്തേക്ക് ഇതേ തലവേദന അനുഭവപ്പെടാം. പൊതുവേ നമ്മള്‍ അവഗണിച്ചുകളയുന്നൊരു ആരോഗ്യപ്രശ്‌നമാണ് തലവേദന. അത്രയും അസഹനീയമാകുമ്പോള്‍ മാത്രമാണ് തലവേദനയ്ക്കുള്ള പരിഹാരം തേടുകയോ കാരണം അന്വേഷിക്കുകയോ ചെയ്യാറ്. 

 

know these five post covid physical problems

 

കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലവേദനയ്ക്കും ആളുകള്‍ അത്ര തന്നെ ശ്രദ്ധയേ നല്‍കുന്നുള്ളൂ എന്നതാണ് സത്യം. എന്നാല്‍ ഏറെക്കാലത്തേക്ക് വലിയ രീതിയില്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്. കാരണം, നാഡികള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം മനസിലാക്കാന്‍ പരിശോധനയിലൂടെ മാത്രമേ സാധ്യമാകൂ.

അഞ്ച്...

വിവിധ തരം ശരീരവേദനകളും വൈറല്‍ അണുബാധകളില്‍ സാധാരണമാണ്. ഇത് കൊവിഡിന്റെ കാര്യത്തിലും അങ്ങനെ തന്നെ. കൊവിഡ് ലക്ഷണമായും അതുപോലെ കൊവിഡിന് ശേഷവും രോഗബാധിതരില്‍ ശരീരവേദന കണ്ടേക്കാം.

Also Read:- പുതിയ കൊവിഡ് കേസുകളില്‍ 89 ശതമാനവും 7 സംസ്ഥാനങ്ങളില്‍ നിന്ന്: കേന്ദ്ര ആരോഗ്യമന്ത്രാലയം...

Latest Videos
Follow Us:
Download App:
  • android
  • ios