Asianet News MalayalamAsianet News Malayalam

'പ്രതീക്ഷകൾ നഷ്ടപ്പെട്ടതുപോലെ സംസാരിക്കുകയും, നിരാശകളും സങ്കടങ്ങളും നിറഞ്ഞ മെസ്സേജുകളും റീലുകളും കാണുക'

അമിതമായ ഉത്കണ്ഠയും ഡിപ്രഷനും ഉള്ളവരിൽ ആത്മഹത്യാ പ്രവണത കൂടുതലായിരിക്കും. ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രതിസന്ധികളുടെ ഭാഗമായി അമിതമായ ടെൻഷൻ നിരാശയോ വന്നു കഴിഞ്ഞാൽ ഇനി ഞാൻ ജീവിച്ചിട്ടു കാര്യമില്ല എന്ന് തീരുമാനത്തിലേക്ക് എത്തിപ്പെടും. ഇതുപോലെ ജോലി നഷ്ടം, കടം എന്നിവയും വന്നുചേരുന്നതോടെ അവർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കും.

know the warning signs of suicide
Author
First Published Sep 13, 2024, 8:43 PM IST | Last Updated Sep 13, 2024, 8:47 PM IST

ആത്മഹത്യ ചെയ്യാൻ പോകുന്നതിനു മുൻപ് ഒരു വ്യക്തി അറിഞ്ഞോ അറിയാതെയോ നമുക്ക്  തരുന്ന 12 ലക്ഷണങ്ങളുണ്ട് . എന്തൊക്കെയാണ് ആ ലക്ഷണങ്ങളെന്ന് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം...

ആത്മഹത്യ ചെയ്യുന്നവരുടെയും ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ എണ്ണം വർഷംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. പ്രതിദിനം 30 ഓളം ആത്മഹത്യകളും 500-ലധികം ആത്മഹത്യ ശ്രമങ്ങളും നടക്കുന്നുണ്ട്. ഓരോ നാല്പത് സെക്കന്റിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 

ജീവിതത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ, മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ മൂലമാണ് പലരും ആത്മഹത്യ ചെയ്യണമെന്ന് തീരുമാനത്തിൽ എത്തുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം പരീക്ഷയിൽ ഉണ്ടാകുന്ന പരാജയങ്ങളും, നിരാശകളും, കുടുംബ പ്രശ്നങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങൾ ലഭിക്കാത്തത് മൂലം ഉണ്ടാകുന്ന ഒരു നിമിഷത്തെ ദേഷ്യമോ വാശിയുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. 

ഒരു വ്യക്തിയോ കുടുംബമോ ആത്മഹത്യ ചെയ്തു എന്നു കേൾക്കുമ്പോൾ  പലരും പറയുന്നത് എൻ്റെ അടുത്തൽ നിന്നും അവർ പോകുമ്പോൾ മരണത്തെ കുറിച്ചു പറഞ്ഞിരുന്നു എന്ന്, ചിലർ പറയും ഇടക്കിടെ പറയാറുണ്ടായിരുന്നു, എന്നാലും ഇങ്ങനെ ചെയ്യുമെന്നു ഒരിക്കലും കരുതിയില്ല.

ഒന്നോർത്തു നോക്കു ആ മരണത്തിനു നമ്മൾ കൂടി ഉത്തരവാദികളല്ലേ?  അവരുടെ പ്രശ്നങ്ങൾ എന്തെന്ന് അറിയുന്നതിന് വേണ്ടി കുറച്ച് സമയം നീക്കി വച്ചിരുന്നെങ്കിലോ ആത്മഹത്യ ചെയ്യാൻ പോകുന്ന അവരെ തടയാമായിരുന്നില്ലേ?. ആത്മഹത്യാ ചിന്തയുമായി നടക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇവരെ രക്ഷിക്കാമായിരുന്നു. 

ആത്മഹത്യ ചെയ്യാൻ പോകുന്നതിനു മുൻപ് ഒരു വ്യക്തി അറിഞ്ഞോ അറിയാതെയോ നമുക്ക്  തരുന്ന 12 ലക്ഷണങ്ങളുണ്ട് .  ഈ ലക്ഷണങ്ങൾ ആരെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ മാനസികാരോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കുവാൻ ശ്രമിക്കുക. 

1) അമിതമായ ദുഃഖമോ സന്തോഷമോ പ്രകടിപ്പിക്കുക

നിങ്ങളുടെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും അമിതമായി സന്തോഷമോ ദുഃഖമോ ഇടക്കാലം കൊണ്ട് പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്ക് മാനസികമായി എന്തൊക്കെയോ ബുദ്ധിമുട്ടുകൾ അലട്ടുന്നതായി തിരിച്ചറിയണം. ഒരുപക്ഷേ കുടുംബപരമായിട്ടോ വ്യക്തികൾ തമ്മിലോ ആരോഗ്യ സംബന്ധമായിട്ടോ ജോലിസംബന്ധമായ പ്രശ്നങ്ങളോ ആയിരിക്കാം. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്തി അവരുടെ പ്രശ്നങ്ങൾ മറ്റുള്ള വ്യക്തികളുയി ഷെയർ ചെയ്യാതിരിക്കുകയും ആത്മഹത്യ എന്ന തീരുമാനം എടുക്കുകയും ചെയ്താൽ അവർ അമിതമായി സന്തോഷിക്കുന്നതായി കാണാം. കയ്യിലുള്ള സമ്പാദ്യമെല്ലാം സന്തോഷങ്ങൾക്ക് വേണ്ടി ഉപയോഗിക്കും, സുഹൃത്തുക്കൾക്ക് ട്രീറ്റ് നൽകുകയും, കടങ്ങളെല്ലാം കൊടുത്തു തീർക്കും ചെയ്യും. എന്നാൽ ചില വ്യക്തികൾ ഇനി കുറച്ചു ദിവസം മാത്രമേ ബാക്കിയുള്ളു  എന്ന് ചിന്തയിൽ വളരെ ദുഃഖത്തോടു കൂടി ജീവിക്കുന്നതായും കാണാറുണ്ട്.  ഇത്തരത്തിൽ ചിലരിൽ കാണുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്താതെ കൂടെ നിർത്താൻ കഴിയും 

2) ലഹരിയുടെ അമിത ഉപയോഗം

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ അനുഭവപ്പെടുമ്പോൾ താൽക്കാലിക ആശ്വാസമായി പലരും മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. എന്നാൽ ഇത്തരം ലഹരിവസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അയാൾക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസ്സിലാക്കുക. തുടർന്ന് ഇത്തരം വ്യക്തികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് കണ്ടെത്തി പരിഹരിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ഒരുപക്ഷേ അയാളുടെ ജീവിതം നഷ്ടപ്പെടാൻ കാരണമായേക്കാം.

3) അമിതമായ ഉത്കണ്ഠയും ഡിപ്രഷനും

അമിതമായ ഉത്കണ്ഠയും ഡിപ്രഷനും ഉള്ളവരിൽ ആത്മഹത്യാ പ്രവണത കൂടുതലായിരിക്കും. ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രതിസന്ധികളുടെ ഭാഗമായി അമിതമായ ടെൻഷൻ നിരാശയോ വന്നു കഴിഞ്ഞാൽ ഇനി ഞാൻ ജീവിച്ചിട്ടു കാര്യമില്ല എന്ന് തീരുമാനത്തിലേക്ക് എത്തിപ്പെടും. ഇതുപോലെ ജോലി നഷ്ടം, കടം എന്നിവയും വന്നുചേരുന്നതോടെ അവർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കും.

4) ആത്മഹത്യയെക്കുറിച്ചുള്ള നിരന്തരമായ സംസാരം

നിത്യജീവിതത്തിൽ ആത്മഹത്യ എന്ന വാക്ക് പൊതുവേ നമ്മൾ ഉപയോഗിക്കാറില്ല. എന്നാൽ ആരെങ്കിലും തമാശരൂപണയും അല്ലാതെയും ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ. ആത്മഹത്യ ചെയ്യുന്നതായി സ്വപ്നം കാണുകയോ, മരണത്തിനു ശേഷമുണ്ടാകുന്ന മാറ്റങ്ങളെ  കുറിച്ച് പറയുന്നുണ്ടെങ്കിൽ  അതിനർത്ഥം അവരുടെ മനസ്സിനകത്ത് എന്തൊക്കെയോ വിഷമങ്ങൾ ഉള്ളതിന്റെ ലക്ഷണമാണ്. ഈ ഘട്ടത്തിൽ ഒന്ന് തുറന്നു സംസാരിച്ചാൽ അവരെ ഇത്തരം തീരുമാനങ്ങളിൽ നിന്നും മാറ്റിയെടുക്കുവാൻ കഴിയും. 

5) പ്രതീക്ഷകൾ നഷ്ടപ്പെട്ടതു പോലെയുള്ള സംസാരങ്ങൾ

പ്രതീക്ഷകൾ നഷ്ടപ്പെട്ടതുപോലെ സംസാരിക്കുകയും,  നിരാശകളും സങ്കടങ്ങളും നിറഞ്ഞ മെസ്സേജുകളും റീലുകളും വാട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ നമ്മൾ കമൻറ് ചെയ്യുക പതിവാണെങ്കിലും എന്താണ് അവരുടെ പ്രശ്നമെന്നറിയാൻ പലപ്പോഴും ശ്രമിക്കാറില്ല. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളിൽ ആരിലെങ്കിലും മെസ്സേജുകളിലും പ്രൊഫൈൽ പിക്ചറുകളിലും ഇത്തരത്തിൽ മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ അവരുടെ പ്രശ്നം എന്താണെന്ന് അറിയാൻ ശ്രമിക്കേണ്ടതാണ്.  

6) പെട്ടുപോയി എന്ന തോന്നൽ

വിവാഹം കഴിഞ്ഞവരിലാണ് ഇത്തരം ചിന്തകൾ കൂടുതലായി കാണാറുള്ളത്. വിവാഹാനന്തരം ഞാൻ ആഗ്രഹിച്ചത് പോലെയുള്ള പാർട്ണറെ കിട്ടിയില്ല, എന്നെ ആരും ശ്രദ്ധിക്കുന്നില്ല, ഞാൻ പറയുന്നതിന് ആരും വില കൊടുക്കുന്നില്ല, എൻ്റെ പാർട്ണർക്ക് എന്നെ സംശയമാണ്, എല്ലാവർക്കും സ്വർണവും പണവും മാത്രം മതി, ഈ വീട്ടിൽ ഞാൻ ഒരു അധികപ്പറ്റാണ് എല്ലാവരും കൂടി എന്റെ ജീവിതം ഇങ്ങനെയാക്കി തുടങ്ങിയ ചിന്തകളാണ് ആത്മഹത്യ ചെയ്യണമെന്ന തീരുമാനത്തിലേക്ക് പലരെയും എത്തിക്കുന്നത്.  വിവാഹം മാത്രമല്ല ജോലിയിലും സംഭവിക്കുന്ന അപ്രതീക്ഷിതമായ പരാജയങ്ങളും പ്രതിസന്ധികളും ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട് .

7) ഒറ്റയ്ക്ക് ഇരിക്കുകയും അമിതമായി ചിന്തിക്കുകയും ചെയ്യുക

മനസ്സിനകത്ത് വിഷമങ്ങളും സങ്കടങ്ങളും പ്രയാസങ്ങളും  പ്രതീക്ഷകളും നഷ്ടപ്പെട്ടത് പോലെയുള്ള തോന്നലുകൾ ഉണ്ടാകുമ്പോൾ എല്ലായിടത്തു നിന്നും ഉൾവലിഞ്ഞ് റൂമിനകത്ത് മാത്രമായി ഒതുങ്ങിയിരിക്കും. ജോലി സ്ഥലത്താണെങ്കിൽ ജോലി കൃത്യതയോടെ ചെയ്യുകയും എന്നാൽ മറ്റാരുമായി അധികം സംസാരിക്കാതെ എപ്പോഴും വേറെ ഏതോ ഒരു ലോകത്ത് എന്നപോലെ ചിന്തിച്ചു നിൽക്കുന്നതും കാണാൻ കഴിയും. ഇതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികളോ സുഹൃത്തുക്കളോ നിങ്ങളോടൊപ്പം ജോലി ചെയ്യുന്നവരോ ഒപ്പം താമസിക്കുന്നവരോ ആയിക്കോട്ടെ കുറച്ചു ദിവസങ്ങളായി അവരിൽ ഇത്തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക അത് ആത്മഹത്യയുടെ ലക്ഷണങ്ങൾ ആവാം.

8. അമിതമായ ദേഷ്യം

ഒരു വ്യക്തി സാധാരണയിൽ കവിഞ്ഞ് ദേഷ്യം പ്രകടിപ്പിക്കുന്നത് ഒരുപക്ഷേ ഡിപ്രഷൻൻ്റെയോ ബൈപോളാർ ഡിസോഡറിൻ്റെയോ ലക്ഷണമാകാം. അത്തരത്തിൽ ഒരു പരിധിയിൽ കൂടുതൽ ദേഷ്യം അടക്കി വയ്ക്കാൻ കഴിയാതെ വരുന്ന സമയത്താണ് ചിലർ ആത്മഹത്യ ചെയ്യുന്നത്.

9) അനാവശ്യ റിസ്ക്കുകൾ ഏറ്റെടുക്കൽ

ഇൻഷുറൻസ് ലഭിക്കുന്നതിനുവേണ്ടി ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ച വ്യക്തികൾ മുൻപ് പേടി മൂലം ചെയ്യാതിരുന്ന പലതരത്തിലുള്ള അപകടകരമായ ജോലികൾ സ്വയം ഏറ്റെടുക്കാറുണ്ട്. പ്രത്യേകിച്ച് ജോലി ചെയ്യുന്ന സ്ഥലത്തും ഡ്രൈവ് ചെയ്യുന്ന നേരത്തും വേഗത കൂട്ടിയും അപകടകരമാം വിധത്തിലും പതിവില്ലാതെ ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിൽ അവരെ നിരീക്ഷിക്കുക.

10) അമിതമായ ഉറക്കം അല്ലെങ്കിൽ ഉറക്കമില്ലായ്മ

മാനസികമായി പലതരത്തിലുള്ള വിഷമതകൾ വരുമ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരിൽ കാണുന്ന ഒരു ലക്ഷണമാണ് അമിതമായ ഉറക്കവും അല്ലെങ്കിൽ ഉറക്കമില്ലായ്മയും. ഇനി കുറച്ചു ദിവസം മാത്രമാണ് ജീവിതം ഉള്ളൂ എന്നത് മനസ്സിൽ ഉറപ്പിച്ചു പരമാവധി മറ്റുള്ളവരിൽ നിന്നും അകന്നു മാറി നല്ലതുപോലെ കിടന്നുറങ്ങാൻ ചിലർ ശ്രമിക്കും. മറ്റു ചിലരാകട്ടെ ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണുള്ളത് എന്ന് വേവലാതിയിൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തും.

11) അമിതമായ വിശപ്പും വിശപ്പില്ലായ്മയും

ചില വ്യക്തികൾ ഇനി ചുരുക്കം ദിവസങ്ങൾ മാത്രമേയുള്ളൂ എന്ന ചിന്തയിൽ ആഗ്രഹിച്ച ഭക്ഷണങ്ങൾ ആഗ്രഹിച്ച സ്ഥലങ്ങളിൽ പോയി വയറു നിറയെ കഴിച്ചു കൊണ്ടിരിക്കും. തനിച്ചു പോവുകയും സുഹൃത്തുക്കളുമൊത്ത് ഒത്തുകൂടുകയും അങ്ങനെ ആ സന്ദർഭങ്ങളെ അവർ സന്തോഷകരമാക്കി മാറ്റും. എന്നാൽ ചിലർ ആത്മഹത്യയെ  പേടിയോടെ സമീപിക്കുമ്പോൾ വിശപ്പ് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തും.

12) എങ്ങനെ എളുപ്പത്തിൽ മരിക്കാം

വേദന ഇല്ലാതെ എങ്ങനെ വേഗത്തിൽ മരിക്കാമെന്ന് യൂ ടൂബിലോ ഗൂഗിളിലോ ഇടക്കിടെ സെർച്ച് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കഴിയും വേഗത്തിൽ മാനസികാരോഗ്യം വിദഗ്ധരുടെ സഹായത്തോടുകൂടി അവരെ ജീവിതത്തിൽ തിരിച്ചു കൊണ്ടുവരേണ്ടതാണ്. 

12 ലക്ഷണങ്ങളാണ് ഒരു വ്യക്തി ആത്മഹത്യ ചെയ്യണമെന്ന് മനസ്സുമായി  ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് കാണിച്ചു നൽകുന്നതു. അതുകൊണ്ട് ഈ ലക്ഷണങ്ങൾ കാണുന്ന സമയത്ത് അവരെ ചേർത്തുപിടിച്ച് കുറച്ചു സമയം അവർക്ക് വേണ്ടി മാറ്റിവയ്ക്കുകയും തുറന്നു സംസാരിച്ചു അവരുടെ മനസ്സ് അറിയുവാൻ ശ്രമിച്ചാൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കഴിയുന്നതാണ്. 

ഓർക്കുക മറ്റുള്ളവർക്ക് വേണ്ടി നിങ്ങൾ മാറ്റിവയ്ക്കുന്ന കുറച്ചു സമയം ഒരു ജീവൻ തന്നെ രക്ഷിച്ചേക്കാം....

അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം

 

Latest Videos
Follow Us:
Download App:
  • android
  • ios