പെട്ടെന്ന് സംസാരിക്കാനും നടക്കാനും പ്രയാസം, കാഴ്ച മങ്ങല്‍; അറിയാം സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍
തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇതിന്‍റെ തീവ്രത ഓരോ രോഗിയിലും മാറിവരാം.
സ്ര്ടോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എങ്കിലും ഇത് എത്രമാത്രം ഗൗരവമുള്ളൊരു അവസ്ഥയാണെന്നതിനെ കുറിച്ച് പലര്‍ക്കും വേണ്ടത്ര അവബോധമില്ല എന്നത് സത്യമാണ്. ഹൃദയാഘാതം പോലെ തന്നെ ഒരു ഗുരുതരമായ അവസ്ഥയായി കണക്കാക്കപ്പെടുന്നതാണ് സ്ട്രോക്കും. അത്രയും ജീവന് ഭീഷണിയെന്ന് സാരം.
ഇന്ത്യയിലും സ്ട്രോക്ക് മൂലമുള്ള മരണം ഏറെ നടക്കുന്നുണ്ട്. എന്നുമാത്രമല്ല ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ രാജ്യത്തെ മരണനിരക്ക് പരിശോധിക്കുമ്പോള്‍ ഇതില്‍ ഏറ്റവുമധികം കാരണമായിരിക്കുന്നത് പോലും സ്ട്രോക്ക് ആണ്.
സ്ട്രോക്ക് സമയത്തിന് തിരിച്ചറിയാൻ അതിന്‍റെ ലക്ഷണങ്ങളെ കുറിച്ചും മറ്റ് വിശദാംശങ്ങളും ധാരാളം പേര്‍ക്ക് അറിവില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അറിവില്ലായ്മ സമയബന്ധിതമായ ചികിത്സയ്ക്കുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. അത് ജീവന് എന്തുമാത്രം ഭീഷണിയാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇതിന്‍റെ തീവ്രത ഓരോ രോഗിയിലും മാറിവരാം. എന്നാല്‍ ലക്ഷണങ്ങളില്‍ തീര്‍ച്ചയായും സമാനതകളുണ്ട്. എന്തെല്ലാമാണ് സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങള്‍?
പെട്ടെന്ന് ഉണ്ടാകുന്ന അസാധാരണമായ തളര്‍ച്ച, മരവിപ്പ്- അത് കൈകളില്‍, കാലുകളില്‍, മുഖത്ത് എല്ലാമാകാം. അധികവും ശരീരത്തിന്‍റെ ഒരു വശമാണ് സ്ട്രോക്കില്‍ ബാധിക്കപ്പെടുക. ഇതാണ് സ്ട്രോക്കിന്‍റെ ഒരു പ്രധാന സൂചനയും. മുഖത്തിന്‍റെ ഒരു വശം മാത്രം തൂങ്ങിവരുന്നതും സ്ട്രോക്കിന്‍റെ ലക്ഷണമാണ്.
രോഗിക്ക് പെട്ടെന്ന് സംസാരിക്കാൻ പ്രയാസം അനുഭവപ്പെടുന്നതും സ്ട്രോക്കില്‍ സാധാരമാണ്. സംസാരം കുഴഞ്ഞുപോവുക, വാക്കുകള്‍ ഉച്ചരിക്കാൻ പ്രയാസപ്പെടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകാം. ഇതും സ്ട്രോക്കിന്‍റെ വലിയൊരു ലക്ഷണമാണ്.
കാഴ്ച മങ്ങുന്നതാണ് സ്ട്രോക്കിന്‍റെ മറ്റൊരു ലക്ഷണം. പെട്ടെന്ന് കണ്ണ് മങ്ങാം, അല്ലെങ്കില്‍ കണ്ണിലേക്ക് ഇരുട്ട് കയറാം. ഇത് കണ്ട് കണ്ണിലോ ഒരു കണ്ണിലോ സംഭവിക്കാം.
കടുത്ത, അസഹനീയമായ തലവേദനയാണ് സ്ട്രോക്കിന്‍റെ വേറൊരു ലക്ഷണം. ഇതും പെട്ടെന്നാണ് വരിക. തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തലവേദന അനുഭവപ്പെടുന്നത്.
സ്ട്രോക്ക് വരുമ്പോള്‍ തന്നെ രോഗി കുഴഞ്ഞുവീഴാനും സാധ്യതയുണ്ട്. തലകറക്കം, നടക്കാൻ പ്രയാസം, കാര്യങ്ങള്‍ ഒന്നും വ്യക്തമാകാത്ത അവസ്ഥ - എല്ലാം സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. ശ്രദ്ധിക്കണം, ഈ ലക്ഷണങ്ങളെല്ലാം തന്നെ പെട്ടെന്നാണ് സംഭവിക്കുക. രോഗിയെ ഉടനടി ആശുപത്രിയിലെത്തിക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-