8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ച സംഭവം; ഉയരുന്ന സംശയങ്ങള്‍...

തീരെ ചെറിയ കുട്ടികളിലെ ഹൃദയാഘാതമാണ് നമുക്ക് ഒട്ടും ഉള്‍ക്കൊള്ളാൻ സാധിക്കാത്തത്. പലരും ഇത് അവിശ്വസിക്കുക കൂടി ചെയ്യും. ഇപ്പോഴിതാ കോട്ടയത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട വാര്‍ത്തയിലും ഇതുപോലെ ഒരു വിഭാഗം പേര്‍ സംശയം പ്രകടിപ്പിക്കുന്നു. 

know the symptoms of heart attack in children hyp

ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണവും അത്തരം കേസുകളും ദിനംപ്രതിയെന്നോണം നാം കാണുന്നതും കേള്‍ക്കുന്നതുമാണ്. ആരോഗ്യപ്രശ്നങ്ങളേതുമില്ലാത്ത വ്യക്തികളെ ഹൃദയാഘാതവും അതെത്തുടര്‍ന്നുള്ള മരണവും  കവരുമ്പോള്‍ അത് തീര്‍ച്ചയായും നമുക്ക് ആഘാതമാകാറുമുണ്ട്. അതുപോലെ പ്രായം കുറഞ്ഞവരിലെ ഹൃദയാഘാതവും നമ്മളില്‍ ഞെട്ടലുണ്ടാക്കാറുണ്ട്.

നിലവില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാത കേസുകള്‍ ആഗോളതലത്തില്‍ തന്നെ കൂടിവരുന്നതായാണ് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മോശം ജീവിതശൈലികളുടെ ഭാഗമായാണ് അധികവും ഇത്തരത്തിലുള്ള കേസുകളുയരുന്നതെന്ന് ഡോക്ടര്‍മാരും വിശദീകരിക്കുന്നു. 

എന്നാല്‍ തീരെ ചെറിയ കുട്ടികളിലെ ഹൃദയാഘാതമാണ് നമുക്ക് ഒട്ടും ഉള്‍ക്കൊള്ളാൻ സാധിക്കാത്തത്. പലരും ഇത് അവിശ്വസിക്കുക കൂടി ചെയ്യും. ഇപ്പോഴിതാ കോട്ടയത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട വാര്‍ത്തയിലും ഇതുപോലെ ഒരു വിഭാഗം പേര്‍ സംശയം പ്രകടിപ്പിക്കുന്നു. 

ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞിന്‍റെ മരണം സംഭവിച്ചതെന്ന പരാതിയുമായി നേരത്തെ തന്നെ കുഞ്ഞിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഡോസ് കൂടിയ മരുന്ന് നല്‍കിയ ശേഷം കുഞ്ഞിന്‍റെ ആരോഗ്യാവസ്ഥ കൃത്യമായി നിരീക്ഷിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാഹചര്യമുണ്ടായതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ സംഭവത്തില്‍ നിജസ്ഥിതി അറിയണമെങ്കില്‍ തീര്‍ച്ചയായും അന്വേഷണഫലം പുറത്തുവരേണ്ടി വരും. 

അതേസമയം ഇത്രയും ചെറിയ കുട്ടികളില്‍ ഹൃദയാഘാതം സംഭവിക്കുമോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. തീര്‍ച്ചയായും സംഭവിക്കും എന്നാണ് ഈ സംശയത്തിനുള്ള ഉത്തരം. എന്നാലിത് വളരെ അപൂര്‍വമാണെന്ന് മനസിലാക്കണം. യുവാക്കളില്‍ ജീവിതശൈലികള്‍ മോശമാകുന്നതിന് പിന്നാലെയാണ് ഹൃദയാഘാത സാധ്യതയുണ്ടാകുന്നത് എങ്കില്‍ ഇത്രയും ചെറിയ കുട്ടികളില്‍ പൂര്‍ണമായും മെഡിക്കല്‍- അല്ലെങ്കില്‍ ആരോഗ്യപരമായ കാരണങ്ങളാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. 

കുഞ്ഞുങ്ങളിലെ ഹൃദയാഘാതം...

അധികവും 'കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസ്' (ജനിക്കുമ്പോള്‍ തന്നെ ഹൃദയം ബാധിക്കപ്പെട്ടിരിക്കും), 'റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്', 'കവാസാക്കി രോഗം', 'ചെസ്റ്റ് ട്രോമ' (എന്തെങ്കിലും പരുക്കിനെ തുടര്‍ന്ന് സംഭവിക്കുന്നത്) എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചെറിയ കുട്ടികളില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.

അതായത് ഒന്നുകില്‍ ജന്മനാ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകണം. അതല്ലെങ്കില്‍ ജനനത്തിന് ശേഷം അങ്ങനെയുള്ള പ്രശ്നങ്ങള്‍ വരണം. അതുമല്ലെങ്കില്‍ മറ്റ് അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ പരുക്കുകളോ ഹൃദയത്തെ ബാധിക്കുംവിധത്തിലേക്ക് മാറണം. ഇങ്ങനെയെല്ലാമാണ് കുഞ്ഞുങ്ങളില്‍ ഹൃദയാഘാതം സംഭവിക്കുക. 

ലക്ഷണങ്ങള്‍...

മുതിര്‍ന്നവര്‍ക്കാകുമ്പോള്‍ ഏത് രോഗാവസ്ഥ ആയാലും അതിന്‍റെ അനുബന്ധ ബുദ്ധിമുട്ടുകളെ കുറിച്ച് പറയാനും പ്രകടിപ്പിക്കാനുമെല്ലാം കഴിയും. എന്നാല്‍ തീരെ ചെറിയ കുഞ്ഞുങ്ങളാകുമ്പോള്‍ ഇതിനൊന്നും മാര്‍ഗങ്ങളില്ല. നെഞ്ചുവേദനയും കുട്ടികളില്‍ അപൂര്‍മായി കാണുന്ന ഹൃദയാഘാത ലക്ഷണമാണ്. അധികവും എക്സ്-റേ, ഇസിജി തുടങ്ങിയ ചില രീതികളിലൂടെയാണ് ഡോക്ടര്‍മാര്‍ക്ക് കുഞ്ഞുങ്ങളിലെ ഹൃദയാഘാതം കണ്ടെത്താനാവുക. 

എങ്കിലും കുഞ്ഞുങ്ങളില്‍ ഹൃദയാഘാതം സംഭവിക്കുകയാണെങ്കില്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണാം. പാല്‍ കുടിക്കാതിരിക്കുക, അസ്വസ്ഥത, വയറിളക്കം, അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി, ചര്‍മ്മം വിളര്‍ത്തിരിക്കുക, പെട്ടെന്ന് പെട്ടെന്ന് ശ്വാസമെടുത്ത് കൊണ്ടിരിക്കുക, ഒന്നിലും ശ്രദ്ധയുറപ്പിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് തീരെ ചെറിയ കുഞ്ഞുങ്ങളില്‍ കാണുക.

അല്‍പം കൂടി മുതിര്‍ന്ന കുഞ്ഞുങ്ങളാണെങ്കില്‍ തളര്‍ച്ച, വിശപ്പില്ലായ്മ, വിളര്‍ച്ച, പെട്ടെന്ന് ശ്വാസമെടുക്കല്‍, ബിപി കുറയുക, പള്‍സ് കുറയുക, നെഞ്ചിടിപ്പില്‍ വ്യത്യാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണുക.

ഓര്‍ക്കുക, കുട്ടികളില്‍ ഹൃദയാഘാതം വളരെ അപൂര്‍വ്വമായേ സംഭവിക്കൂ. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളാണെങ്കില്‍ അല്‍പം കരുതല്‍ ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്ന് മാത്രം. അല്ലാത്തപക്ഷം ഇത് മാതാപിതാക്കള്‍ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല.

Also Read:- ഹാര്‍ട്ട് അറ്റാക്കും ഈ അസുഖങ്ങളും തമ്മില്‍ മാറിപ്പോകാം; ഇത് ഏറെ സൂക്ഷിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios