ഡെങ്കിപ്പനി മരണത്തിലേക്ക് വരെ നയിക്കുന്നത് എപ്പോള്‍? അറിയാം ലക്ഷണങ്ങള്‍...

തലവേദന, പനി, ഛര്‍ദ്ദി, കണ്ണ് വേദന, ക്ഷീണം, മേലുവേദന എന്നിവയാണ് പൊതുവില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരാറ്. പനിയോടൊപ്പം ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്

know the symptoms of  dengue hemorrhagic

ഒരിടവേളയ്ക്ക് ശേഷം മഴ കനത്തതോടെ വീണ്ടും ഡെങ്കിപ്പനിക്കുള്ള സാധ്യതകള്‍ ഏറിവരികയാണിപ്പോള്‍. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ക്ക് വളരാന്‍ ആവശ്യമായ അനുകൂല അന്തരീക്ഷം വീടുകളിലോ ചുറ്റുപാടുകളിലോ, തൊഴില്‍ സ്ഥാപനങ്ങളിലോ അതിന്റെ പരിസരത്തോ ഒന്നും സൃഷ്ടിക്കാതിരിക്കുക എന്നതാണ് ഇതിനെതിരായ ഏറ്റവും ഫലവത്തായ പ്രതിരോധം.

എങ്കില്‍ക്കൂടിയും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ നിങ്ങളെ തേടിയെത്തിയേക്കാം. സമയബന്ധിതമായി രോഗം തിരിച്ചറിയുക, ആവശ്യമായ വൈദ്യസഹായം തേടുക എന്നതാണ് ഡെങ്കു ഗുരുതരമാകാതിരിക്കാന്‍ ആകെ ചെയ്യാനുള്ളത്. 

രണ്ട് തരത്തിലാകാം ഡെങ്കു ബാധിക്കുന്നത്. ഒന്ന് അത്ര ഗൗരവമുള്ളതല്ലാത്ത അണുബാധ. എന്നാല്‍ രണ്ടാമത്തേത് സമയത്തിന് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. 'ഡെങ്കു ഹെമറേജിക്' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. 

രക്തസമ്മര്‍ദ്ദം കുത്തനെ താഴാനും അത് മരണത്തിലേക്ക് നയിക്കാനും 'ഡെങ്കു ഹെമറേജിക്' എന്ന അവസ്ഥയില്‍ സാധ്യതകളേറെയാണ്. കരളിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം, രക്തയോട്ടം തകരാറിലാവുക, മൂക്കിലൂടെ രക്തം വരിക, തീവ്രമായ പനി, ക്ഷീണം, ശ്വാസതടസം, രൂക്ഷമായ വയറുവേദന, തൊലിക്കടിയിലൂടെ ബ്ലീഡിംഗ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. 

തലവേദന, പനി, ഛര്‍ദ്ദി, കണ്ണ് വേദന, ക്ഷീണം, മേലുവേദന എന്നിവയാണ് പൊതുവില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരാറ്. പനിയോടൊപ്പം ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്. രക്ത പരിശോധനയിലൂടെയാണ് അണുബാധ തിരിച്ചറിയാനാവുക. രക്തത്തിലെ 'പ്ലേറ്റ്‌ലെറ്റ്' അളവ് കുറയുന്നുണ്ടോ എന്നറിയുന്നതിന് ഇടവിട്ടുള്ള രക്തപരിശോധനയും നടത്തേണ്ടതായി വരും. 

ഗൗരവമായ രീതിയിലുള്ള അണുബാധയാണോ ഉണ്ടായിരിക്കുന്നതെന്ന് സ്വയം മനസിലാക്കാന്‍ ആകാത്ത സാഹചര്യത്തില്‍ ഡെങ്കുവിന്റെ ഏത് ലക്ഷണം പ്രകടമായാലും ആശുപത്രിയില്‍ പോയി സമയബന്ധിതമായി ചികിത്സ തേടേണ്ടതുണ്ട്. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നത് പോലെ, ഡെങ്കിപ്പനിക്ക് പ്രത്യേകമായ ചികിത്സയോ മരുന്നുകളോ ഇല്ല. എന്നാല്‍ ഇത് ഏത് തരത്തിലാണോ ശരീരത്തെ ബാധിച്ചിരിക്കുന്നത്, ആ വിഷമതകളെ നേരിടാനുള്ള ചികിത്സകള്‍ തേടാം. അതിലൂടെ ജീവന്‍ പിടിച്ചുനിര്‍ത്താനുമാകും.

Also Read:- ഈ കൊവിഡ് കാലത്ത് ഡെങ്കിപ്പനി പിടിപെടാതെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

Latest Videos
Follow Us:
Download App:
  • android
  • ios