എപ്പോഴും തളര്‍ച്ചയും മേലുവേദനയും; അറിയാം ഫൈബ്രോമയാള്‍ജിയ രോഗത്തെ കുറിച്ച്...
ഫൈബ്രോയാള്‍ജിയയുടെ പ്രധാന ലക്ഷണങ്ങള്‍ അഥവാ എന്തെല്ലാം പ്രയാസങ്ങളാണ് ഫൈബ്രോയാള്‍ജിയ സൃഷ്ടിക്കുന്നത് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ശരീരമാകെ വേദന പടരുന്ന, ശരീരത്തെ കൂടുതല്‍ 'സെൻസിറ്റീവ്' ആക്കുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ. പേശികളിലും എല്ലുകളിലുമെല്ലാമുള്ള വേദനയും തളര്‍ച്ചയും ആണ് ഫൈബ്രോയാള്‍ജിയ സൃഷ്ടിക്കുന്ന പ്രതികൂലാന്തരീക്ഷം.
ഫൈബ്രോയാള്‍ജിയയെ ഒരു രോഗമായി വിശേഷിപ്പിക്കുന്നതിലും എളുപ്പം, പല പ്രശ്നങ്ങളുടെയും ഒരു സമന്വയം ആയിട്ടാണ്. ഉറക്കം, മാനസികാരോഗ്യം, തലച്ചോറിന്‍റെ പ്രവര്‍ത്തനം എന്നിങ്ങനെ പലതുമായും ഫൈബ്രോയാള്‍ജിയ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുകൊണ്ടാണ് ഫൈബ്രോമയാള്‍ജിയ ബാധിക്കുന്നത് എന്നത് വ്യക്തമല്ല. സ്ട്രെസ്, ചില ആരോഗ്യപ്രശ്നങ്ങള്‍, ജീവിതത്തില്‍ വന്നുചേരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും ഫൈബ്രോയാള്‍ജിയയിലേക്ക് നയിക്കുന്നതായി അനുമാനിക്കപ്പെടുന്നു.
എന്തായാലും ഫൈബ്രോയാള്‍ജിയയുടെ പ്രധാന ലക്ഷണങ്ങള്‍ അഥവാ എന്തെല്ലാം പ്രയാസങ്ങളാണ് ഫൈബ്രോയാള്‍ജിയ സൃഷ്ടിക്കുന്നത് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വേദന...
ആദ്യമേ സൂചിപ്പിച്ചത് പോലെ ശരീരമാകെ പടര്‍ന്നുകിടക്കുന്ന വേദന തന്നെയാണ് ഇതിന്‍റെ ഒരു ലക്ഷണം. പല തരത്തിലുള്ള വേദനകളാണ് ഇതില്‍ അനുഭവപ്പെടുക. കുത്തിത്തുളയ്ക്കുന്നത് പോലെ, കടച്ചില്‍ പോലെ, എരിച്ചില്‍ പോലെയെല്ലാം ഇതില്‍ വേദന അനുഭവപ്പെടാം.
തളര്‍ച്ച...
ഫൈബ്രോമയാള്‍ജിയയുടെ ഒരു പ്രധാന ലക്ഷണവും അനുബന്ധ പ്രശ്നവുമായി കണക്കാക്കാവുന്നതാണ് തളര്‍ച്ചയും. അസഹ്യമായ തളര്‍ച്ചയാണ് ഫൈബ്രോമയാള്‍ജിയയുടെ ഭാഗമായി പലപ്പോഴും നേരിടുക. ഇത് നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
തലച്ചോറിന്‍റെ പ്രവര്‍ത്തനം
ഫൈബ്രോമയാള്‍ജിയയുടെ ഭാഗമായി തലച്ചോറിന്‍റെ പ്രവര്‍ത്തനവും ബാധിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് ഓര്‍മ്മക്കുറവ്, കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താൻ സാധിക്കാത്ത അവസ്ഥ, ഒരേസമയം പല ജോലികള്‍ ഒന്നിച്ച് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാം.
ഉറക്കപ്രശ്നങ്ങള്‍
ഫൈബ്രോമയാള്‍ജിയയുടെ മറ്റൊരു അനുബന്ധപ്രശ്നമാണ് ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കം ബാധിക്കപ്പെടുന്ന അവസ്ഥ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരം ബലമായി ഇരിക്കുന്ന അവസ്ഥ, വേദന എല്ലാം അനുഭവപ്പെടുകയും ചെയ്യാം.
തലവേദന
പതിവായി തലവേദന അനുഭവപ്പെടുന്നതും ഒരുപക്ഷേ ഫൈബ്രോമയാള്‍ജിയയുടെ ഭാഗമായിട്ടായിരിക്കാം.
ഐബിഎസ്
ദഹനപ്രവര്‍ത്തനങ്ങളെയെല്ലാം അട്ടിമറിച്ച്, ശരീരത്തിന്‍റെ ജൈവ ക്ലോക്ക് തെറ്റിയോടുന്ന അവസ്ഥയാണ് ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം). ഇത് മൊത്തം ദഹനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനൊപ്പം മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഐബിഎസും ഫൈബ്രോമയാള്‍ജിയയുടെ ഭാഗമായി ഉണ്ടാകാം.
സെൻസിറ്റിവിറ്റി
സ്പര്‍ശത്തിനോടും ശരീരത്തിന് മേല്‍ വരുന്ന ചെറിയ പ്രഷറിനോടും വരെ സെൻസിറ്റീവ് അഥവാ പെട്ടെന്ന് ബാധിക്കപ്പെടുന്ന അവസ്ഥയുണ്ടാകാം. അതോടൊപ്പം തന്നെ ഇടയ്ക്കിടെ മരവിപ്പ്, അതുപോലെ നേരിയ വിറയല്‍, കൈകാലുകളില്‍ സൂചി കുത്തുന്നത് പോലുള്ള അനുഭവം എല്ലാം ഫൈബ്രോമയാള്‍ജിയയുടെ ഭാഗമായി വരാം.
വിഷാദവും ഉത്കണ്ഠയും
ഫൈബ്രോമയാള്‍ജിയ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ഇതിന്‍റെ ഭാഗമായി വിഷാദരോഗം, ഉത്കണ്ഠ (ഡിപ്രഷനും ആംഗ്സൈറ്റിയും) എന്നിവ ഉണ്ടാകാം.
Also Read:- നെയ്യ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-