കൊവിഡ് ഭേദമായ ശേഷം ദീര്‍ഘകാലത്തേക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍...

പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് വരെ കൊവിഡിന്റെ ആഘാതം പല തലങ്ങളിലായി നമ്മള്‍ നേരിടേണ്ടിവരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആരോഗ്യകാര്യങ്ങളിലും വളരെ ഗൗരവതരമായ 'ആഫ്റ്റര്‍ എഫക്ടുകള്‍' കൊറോണയുണ്ടാക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
 

know the long term impacts of covid 19

ലോകമൊട്ടാകെയും കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഏറെ വൈകാതെ കയ്യെത്തും ദൂരത്ത് വാക്‌സിനെത്തുമെന്ന പ്രതീക്ഷ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ആശങ്കപ്പെടുത്തിക്കൊണ്ട് രോഗവ്യാപനം ശക്തമായി തുടരുക തന്നെയാണ്. 

ഇതിനിടെ രോഗത്തിന്റെ ദീര്‍ഘകാല പരിണിതഫലങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും നിരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവരികയാണ്. പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് വരെ കൊവിഡിന്റെ ആഘാതം പല തലങ്ങളിലായി നമ്മള്‍ നേരിടേണ്ടിവരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

ആരോഗ്യകാര്യങ്ങളിലും വളരെ ഗൗരവതരമായ 'ആഫ്റ്റര്‍ എഫക്ടുകള്‍' കൊറോണയുണ്ടാക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ രോഗിയില്‍ കൊവിഡ് അവശേഷിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സമഗ്രമായി പറയുന്നത്. 

 

know the long term impacts of covid 19


ശ്വാസകോശത്തിന് കേടുപാടുകള്‍, ഇതുവഴി ശ്വാസതടസം, നടക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍- എന്നിവയെല്ലാമാണ് പ്രധാനമായും കൊവിഡ് ഭേദമായ ശേഷവും രോഗിയില്‍ ദീര്‍ഘനാളത്തേക്ക് കണ്ടേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍. ഇതിന് പുറമെ മാനസിക പ്രശ്‌നങ്ങള്‍ വേറെയും. 

മാസങ്ങളോളമാണ് ഇത്തരം പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുകയത്രേ. യുകെയില്‍ പതിനായിരക്കണക്കിന് കൊവിഡ് രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ ഒരു പഠനത്തില്‍ പത്തിലൊരാള്‍ക്ക് എന്ന കണക്കില്‍ രോഗം ഭേദമായ ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ കാണപ്പെട്ടു. മൂന്നാഴ്ചയാണത്രേ ഇതിന്റെ കുറഞ്ഞ കാലാവധി. 

കാര്യമായ ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവരിലാണ് ഇതിന് സാധ്യതകളേറെയും നില്‍ക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ കിംഗ്‌സ് കോളേജ് പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ പറയുന്നു. 

ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് കൊവിഡ് പ്രശ്‌നങ്ങള്‍ അവശേഷിപ്പിച്ച് പോകുമ്പോള്‍ അത് നമ്മുടെ സാമ്പത്തിക- സാമൂഹ്യ സാഹചര്യങ്ങളേയും വളരെ മോശമായ തരത്തില്‍ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരെയാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നത് എങ്കില്‍ അത് തീര്‍ച്ചയായും നമ്മുടെ ആകെ സാമ്പത്തിക രംഗത്തെ ഒന്നുകൂടി തകര്‍ത്തേക്കും- ലോകബാങ്കില്‍ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന വോള്‍ഗ ജൊനാസ് പറയുന്നു. 

 

know the long term impacts of covid 19

 

ചെറുപ്പക്കാരിലും കൊവിഡിന്റെ അനന്തരഫലങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം എളുപ്പത്തില് ഭേദമായിട്ടുണ്ടെന്നും എന്നാല്‍ പിന്നീടങ്ങോട്ടുള്ള വിഷമതകള്‍ വര്‍ധിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ രോഗം രണ്ടാമതായി വരാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ മാത്രമേ നമുക്കാവൂ. ആശങ്കപ്പെടുത്തുന്ന എത്രയോ വിഷയങ്ങളാണ് കൊവിഡ് 19നെ ചുറ്റിപ്പറ്റി ഓരോ ദിവസവും പുറത്തുവരുന്നത്. അതിനാല്‍ത്തന്നെ രോഗത്തെ നമ്മളില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്താന്‍ സാധ്യമായതെന്തും ചെയ്യാന്‍ നമുക്ക് ഒന്നിച്ച് ശ്രമിക്കാം.

Also Read:- കൊവിഡിനെതിരെ പ്ലാസ്മ തെറാപ്പി; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന...

Latest Videos
Follow Us:
Download App:
  • android
  • ios