പതിവായ കാലുവേദനയും നീരും; ഇത് നിസാരമാക്കി തള്ളിക്കളയല്ലേ...
പതിവായ കാലുവേദന, പാദവേദന, നീര് (കാല്‍വണ്ണ), ചൂട്, ചര്‍മ്മത്തില്‍ വിളര്‍ച്ച, ചുവപ്പുനിറം അല്ലെങ്കില്‍ നീല നിറം എന്നിവയെല്ലാം ഡീപ് വെയിൻ ത്രോംബോസിസിന്‍റെ ലക്ഷണങ്ങളാണ്
നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നാം നേരിടാറുണ്ട്, അല്ലേ? ഇവയില്‍ മിക്ക പ്രശ്നങ്ങളെയും ആളുകള്‍ നിസാരമാക്കി തള്ളിക്കളയാറാണ് പതിവ്. എന്നാലീ ശീലം എല്ലാ സന്ദര്‍ഭങ്ങളിലും നല്ലതായിരിക്കില്ല. കാരണം പല ഗൗരവമുള്ള അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയുമെല്ലാം ലക്ഷണമായാകാം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്.
സമാനമായ രീതിയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടൊരു രോഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരുപക്ഷേ മിക്കവരും ഇതെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയുണ്ടായിരിക്കില്ല. 'ഡീപ് വെയിൻ ത്രോംബോസിസ്' എന്ന രോഗത്തെ കുറിച്ചാണ് പറയുന്നത്.
വളരെയധികം അപകടം പിടിച്ചൊരു രോഗാവസ്ഥ തന്നെയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയാണിത്. അധികവും കാലിലാണിത് കാണപ്പെടാറ്. അതുപോലെ തന്നെ സ്വകാര്യഭാഗങ്ങളിലെയും കൈകളിലെയുമെല്ലാം ഞരമ്പുകളില്‍ കാണാം.
ഞരമ്പിലൂടെ രക്തമൊഴുകുന്നതിന്‍റെ ശക്തി കുറയ്ക്കാൻ പല ഘടകങ്ങളും കാരണമാകാം. കാരണം എന്തുതന്നെ ആയാലും രക്തപ്രവാഹം മന്ദഗതിയിലാകുമ്പോഴാണ് കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകുന്നത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുക, ഒരേ നില്‍പ് നില്‍ക്കുക, ഒരേ പൊസിഷനില്‍ കിടന്നുറങ്ങുക (ദീര്‍ഘകാലം), പരുക്കുകള്‍, ശസ്ത്രക്രിയ എന്നിങ്ങനെ പല കാരണം കൊണ്ടും ഡീപ് വെയിൻ ത്രോംബോസിസ് പിടിപെടാം.
ഇത് എങ്ങനെയാണ് ഇത്രമാത്രം അപകടകാരിയാകുന്നത് എന്നുകൂടി അറിയാം. രക്തം കട്ട പിടിച്ച് കിടക്കുന്നിടത്ത് നീങ്ങി ശ്വാസകോശത്തിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാല്‍ അത് ജീവന് തന്നെ ഭീഷണിയാകും. ഇതാണ് ഡീപ് വെയിൻ ത്രോംബോസിസ് ഉള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
പതിവായ കാലുവേദന, പാദവേദന, നീര് (കാല്‍വണ്ണ), ചൂട്, ചര്‍മ്മത്തില്‍ വിളര്‍ച്ച, ചുവപ്പുനിറം അല്ലെങ്കില്‍ നീല നിറം എന്നിവയെല്ലാം ഡീപ് വെയിൻ ത്രോംബോസിസിന്‍റെ ലക്ഷണങ്ങളാണ്. അതിനാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ നിസാരമാക്കുകയേ അരുത്. പതിവായ കാലുവേദന, ഒപ്പം ഇടയ്ക്ക് നീര് വരുന്ന അവസ്ഥയും കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക. അതുപോലെ കാലില്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നതും ഇതിന്‍റെ പ്രധാനപ്പെട്ടയൊരു സൂചനയാണ്.
ശരീരം അനങ്ങി ജോലികളിലേര്‍പ്പെടുക, ദീര്‍ഘനേരം ഒരേ ഇരുപ്പോ നില്‍പോ ചെയ്യാതിരിക്കുക, വ്യായാമം പതിവാക്കുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ജീവിതരീതികളിലൂടെ മുന്നോട്ടുപോവുക, ബിപിയുണ്ടെങ്കില്‍ അത് നിയന്ത്രിക്കുക എന്നീ കാര്യങ്ങളെല്ലാം ഡീപ് വെയിൻ ത്രോംബോസിസ് പ്രതിരോധത്തിനായി ചെയ്യാവുന്ന കാര്യങ്ങളാണ്.
Also Read:- സ്ത്രീകളിലെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-