അറിയാം രാത്രിയില്‍ കാണുന്ന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍...
എന്തെല്ലാമാണ് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെന്നത് ഇന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഹൃദയാഘാതത്തിന്‍റെ ഭാഗമായി രോഗി രാത്രിയില്‍ കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഓരോ വര്‍ഷവും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന്, വിശേഷിച്ചും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ തുടര്‍ന്ന് പൊലിഞ്ഞുപോകുന്ന ജീവനുകളെത്രയാണ്! നമ്മുടെ അറിവിലും പരിചയത്തിലും ചുറ്റുപാടിലും തന്നെ എത്ര പേര്‍ ഹൃദയാഘാതം നേരിടുന്നു! അതിലെത്ര പേര്‍ക്ക് ജീവൻ നഷ്ടമാകുന്നു!
ഹൃദയാഘാതമെന്നത് എത്രമാത്രം ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നൊരു അവസ്ഥയാണെന്നത് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. പലപ്പോഴും നേരത്തെ ഹൃദയം പ്രശ്നത്തിലാണെന്നത് തിരിച്ചറിയാൻ സാധിക്കാത്തതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പായി ശരീരം ഇതിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെങ്കിലും പ്രകടിപ്പിക്കും.
ഈ ലക്ഷണങ്ങള്‍ എല്ലാം എല്ലാവരിലും ഒരുപോലെ വരണമെന്നില്ല. ചിലരില്‍ ഹാര്‍ട്ട് അറ്റാക്ക് വളരെ 'സൈലന്‍റ്' ആയും സംഭവിക്കാം. എങ്കില്‍പ്പോലും ഏതെങ്കിലും ലക്ഷണങ്ങള്‍ മിക്ക കേസുകളിലും കാണാമെന്നതാണ് വാസ്തവം. എന്തെല്ലാമാണ് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെന്നത് ഇന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഹൃദയാഘാതത്തിന്‍റെ ഭാഗമായി രോഗി രാത്രിയില്‍ കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
രാത്രിയില്‍ കിടക്കുമ്പോള്‍ ഹൃദയത്തിന്‍റെ പ്രശ്നം മൂലമുണ്ടാകുന്ന അസ്വസ്ഥത ശ്വാസതടസത്തിലേക്ക് നീങ്ങാം. ഹൃദയാഘാതത്തിന്‍റെ ആദ്യസൂചനകളിലൊന്ന് കൂടിയാണ് ഇങ്ങനെ ശ്വാസതടസം അനുഭവപ്പെടുന്നത്. അതിനാല്‍ അസാധാരണമായ രീതിയില്‍ രാത്രിയില്‍ ശ്വാസതടസം നേരിട്ടാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.
രണ്ട്...
ഹൃദയാഘാതത്തിന്‍റെ ഭാഗമായി അമിതമായി വിയര്‍ക്കുന്നതിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഇതും അധികവും രാത്രിയിലാണ് സംഭവിക്കുക. അതിനാല്‍ തന്നെ രാത്രിയില്‍ പതിവില്ലാത്ത വിധം അമിതമായി വിയര്‍ക്കുന്നത് കാണുകയാണെങ്കിലും ആശുപത്രിയിലെത്തി പരിശോധന നടത്തുന്നതാണ് ഉചിതം. മറ്റ് ചില ആരോഗ്യപ്രശ്നങ്ങളില്‍ കൂടി ഇതേ ലക്ഷണം കാണാമെന്നതിനാല്‍ വിയര്‍ക്കുന്നതോടെ ആശങ്കപ്പെടേണ്ടതില്ല.
മൂന്ന്...
രാത്രിയില്‍ പതിവില്ലാത്ത വിധം കുത്തിക്കുത്തി ചുമ വരുന്നതും ഹൃദയാഘാത സൂചനയാകാം. ഹൃദയം അപകടത്തിലാണെന്നതിന്‍റെ സൂചനയായി ഇങ്ങനെ രാത്രി വൈകുമ്പോള്‍ ചുമ വരാം. അതേസമയം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ അലര്‍ജിയോ മറ്റോ ഉള്ളവരിലും ഇങ്ങനെ കാണാമെന്നതിനാല്‍ പരിശോധിച്ച ശേഷം മാത്രമേ കാരണം ഉറപ്പിക്കാൻ സാധിക്കൂ.
നാല്...
രാത്രി കിടന്ന ശേഷം അല്‍പം കഴിയുമ്പോള്‍ കാലിലും പാദങ്ങളിലും മറ്റും നീര് പ്രത്യക്ഷപ്പെടുന്നതും ഹൃദയാഘാത സൂചനയായി വരാറുണ്ട്. ഹൃദയം കൃത്യമായി പമ്പിംഗ് ചെയ്യാനാകാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
അഞ്ച്...
ചിലര്‍ക്ക് രാത്രിയില്‍ ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് സാധാരണമായി ഉണ്ടാകുന്നതാണ്. എന്നാല്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് മുന്നോടിയായും ചിലരില്‍ കൂര്‍ക്കംവലിയുണ്ടാകാം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ശ്വസനത്തെ തടസപ്പെടുത്തുന്നത് മൂലം ഉറക്കവും പ്രശ്നത്തിലാകുന്നുവെന്നതിന്‍റെ ലക്ഷണമാണ്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ഹൃദയാഘാതത്തില്‍ മാത്രമല്ല- നേരത്തേ സൂചിപ്പിച്ചത് പോലെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലും അസുഖങ്ങളിലുമെല്ലാം കാണാം എന്നതിനാല്‍ ഇവ കണ്ടാലും ഉടനടി ഉത്കണ്ഠപ്പെടുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. ക്ഷമയോടെ വൈദ്യസഹായം തേടുകയാണ് വേണ്ടത്.
Also Read:- ഹാര്‍ട്ട് ഫെയിലിയര്‍ വരാതെ നോക്കാം; ഇതിന് ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-