സൗജന്യ ത്രീഡി പ്രിന്‍റഡ് കൃത്രിമ കൈകാലുകളുമായി കിംസ്ഹെൽത്ത്
ത്രീഡി പ്രിന്‍റിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള ദക്ഷിണേന്ത്യയിലെ ആദ്യ നിർമ്മാണകേന്ദ്രം കിംസ്ഹെൽത്ത് ലിംബ് സെന്‍ററിൽ ആരംഭിക്കും; ജാപ്പനീസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.
സൗജന്യ ത്രീഡി പ്രിന്‍റഡ് കൃത്രിമ കൈകാലുകളുമായി കിംസ്ഹെൽത്ത് ലിമ്പ് സെന്‍റർ. ഇതിനായി കിംസ്ഹെൽത്തും പ്രശസ്ത ജാപ്പനീസ് ത്രീഡി പ്രിന്‍റിംഗ് കമ്പനിയായ ഇൻസ്റ്റാലിംബും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്.
ആവശ്യക്കാർക്ക് അനായാസേന ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെടാനാവുന്ന തരത്തിലായിരിക്കും ത്രീഡി പ്രിന്‍റഡ് കൃത്രിമ കൈകാലുകളുടെ രൂപകൽപ്പന. സമൂഹത്തിന്‍റെ ഉന്നമനത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ കിംസ്ഹെൽത്ത് പ്രതിജ്ഞാബദ്ധരാണെന്നും ഇൻസ്റ്റാലിംബുമായുള്ള ഈ സഹകരണം ഇതിലേക്ക് കൂടുതൽ ഊർജ്ജം നൽകുന്നതാണെന്നും കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.
ദിവ്യാംഗരുടെ പുനരധിവാസത്തിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരത്തിലൊരു പ്രവർത്തനവുമായി മുന്നോട്ട് വന്ന കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ ആൻഡ് സിഎസ്ആർ, സിഇഓ രശ്മി ആയിഷയെയും ലിംബ് സെന്റർ ഓപ്പറേഷൻസ് മാനേജറും ചീഫ് പ്രോസ്റ്റെറ്റിസ്റ്റ് ആൻഡ് ഓർത്തോട്ടിസ്റ്റുമായ കരൺദീപ് സിംഗിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഇതിനോടകം തന്നെ കേരളത്തിലും, തമിഴ്‌നാട്ടിലും, വിവിധ രാജ്യങ്ങളിൽ നിന്നുമായി രണ്ടായിരത്തിലധികം ആളുകൾ കിംസ്ഹെൽത്ത് ലിംബ് സെന്റർ നൽകുന്ന സൗജന്യ കൃത്രിമ കൈകാലുകളുടെ ഗുണഭോക്താക്കളാണ്. ഈ സഹകരണത്തിലൂടെ, അത്യാധുനിക 3D പ്രിന്റിംഗ് സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും ഉപയോഗിച്ച് കൃത്രിമ കൈകാലുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ലക്ഷ്യമിടുന്നു. കിംസ്ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി രാജൻ, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. നിത .ജെ, എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
ആരോഗ്യരംഗത്തെ ഈ സഹകരണം മേഖലയിലെ ശ്രദ്ധേയമായ പുരോഗതിയെ സൂചിപ്പിക്കുന്നതാണെന്ന് ഇൻസ്റ്റാലിമ്പ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറും എംഡിയുമായ ഷോയിച്ചിറോ അദാച്ചി അഭിപ്രായപ്പെട്ടു. കൃത്രിമകൈകാലുകൾ ആവശ്യമായ വ്യക്തികളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനോടൊപ്പം മെഡിക്കൽ സാങ്കേതികവിദ്യയുടെ പുരോഗതിക്കും മേഖലയിലെ മാനുഷിക ശ്രമങ്ങളെയും ശക്തപ്പെടുത്താൻ ഈ സഹകരണം ലക്ഷ്യമിടുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കാം - 7593001461