ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫോണിലേക്ക് 2018 ൽ എത്തിയ ഒരു കോൾ; ശേഷം ആശങ്ക, ഭീതി! അന്ന് ജയിച്ചു, ഇന്നും ജയിക്കും

നിപ വൈറസ് വീണ്ടും ആശങ്കയുയർത്തുമ്പോൾ നാല് വർഷങ്ങൾക്കുമുമ്പുള്ള കേരളത്തിന്റെ ആദ്യ നിപ അനുഭവത്തെക്കുറിച്ച് ഓർക്കാതിരിക്കാനാകില്ല. ഇന്ന് നമുക്ക് ഈ പേരും രോഗവും അത്ര അപരിചിതമല്ല. പക്ഷേ 2018 ൽ....

kerala Nipah history 2018 details and 2023 new cases in kozhikode Nipah virus in Kerala updates news asd

2018 കണ്ണൂര്‍ ബര്‍ണ്ണശേരിയിലെ ഇ കെ നായനാര്‍ സ്മാരക അക്കാദമിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ. പെട്ടന്ന് ഫോണിലേക്ക് പേരാമ്പ്ര എം എൽ എയും മന്ത്രിയുമായിരുന്ന ടി പി രാമകൃഷ്ണന്റെ വിളിയെത്തി. കേരളത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു കാര്യമായിരുന്നു ആ ഫോൺ കോൾ പറ‌ഞ്ഞുവച്ചത്. അന്ന് മുതൽ രണ്ട് മാസക്കാലം നിപയെന്ന വലിയ വെല്ലുവിളിയായിരുന്നു പിന്നീട് കേരളം നേരിട്ട് വിജയിച്ചത്.

നിപ വൈറസ് വീണ്ടും ആശങ്കയുയർത്തുമ്പോൾ നാല് വർഷങ്ങൾക്കുമുമ്പുള്ള കേരളത്തിന്റെ ആദ്യ നിപ അനുഭവത്തെക്കുറിച്ച് ഓർക്കാതിരിക്കാനാകില്ല. ഇന്ന് നമുക്ക് ഈ പേരും രോഗവും അത്ര അപരിചിതമല്ല. അതുകൊണ്ടുതന്നെ ആവശ്യമായ മുൻകരുതലുകളും ജാഗ്രതയും നടപടികളുമെല്ലാം കൂടുതൽ എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്നുണ്ട് എന്നത് ചെറിയ ആശ്വാസമല്ല തരുന്നത്. പക്ഷേ 2018 ൽ ഇതായിരുന്നില്ല സ്ഥിതി. തീർത്തും അപരിചിതമായ ഒരു രോഗത്തെയാണ് അന്ന് നമ്മൾ നേരിട്ടത്. പോരാടിയാണ് കേരളം അന്ന് ജയിച്ചത്. ഇന്നിപ്പോൾ മറ്റൊരു നിപ കാലത്ത് തീർച്ചയായും കേരളം ആ പോരാട്ടത്തെ ധൈര്യപൂർവം ഓർക്കേണ്ടതുണ്ട്.

2018 മേയിലായിരുന്നു കോഴിക്കോട് പേരാമ്പ്രയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഹമ്മദ് സാബിത്ത് എന്ന യുവാവായിരുന്നു ആദ്യ ഇര. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനിയും തലവേദനയും ശരീര വേദനയുമടക്കമുള്ള രോഗലക്ഷണങ്ങളോടെ പ്രവേശിക്കപ്പെട്ട സാബിത്, മെയ് അഞ്ചിന് തലച്ചോറില്‍ അണുബാധയുണ്ടായി മരണപ്പെട്ടു. ദിവസങ്ങൾക്കിപ്പുറം മേയ് 18 ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹിനും സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ഇവരുടെ പിതാവും ബന്ധുവും രോഗബാധിതരായി.

നിപ ജാ​ഗ്രത: ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി; 706 പേർ സമ്പർക്കപ്പട്ടികയിൽ, 13 പേർ നിരീക്ഷണത്തില്‍

ആദ്യ ഘട്ടത്തിൽ എൻസിഫിലൈറ്റിസ് (encephalitis) ആണെന്നാണ് ഡോക്ടർമാർ കരുതിയത്. പക്ഷേ ഒരു കുടുംബത്തിലെ ഒന്നിലധികം പേർക്ക് ഒരേസമയം രോഗബാധയുണ്ടായതും രോഗികളുടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളും എൻസിഫിലൈറ്റിസിൽ കാണാത്ത തരം ലക്ഷണങ്ങളും എല്ലാമായതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവതരമാണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. പലതരം വൈറസുകളെ വിശകലനം ചെയ്ത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം വൈറസുകളെ കണ്ടെത്തിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ ഇത് നിപ വൈറസ് ആകാമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. കൂട്ടത്തിലെ ഒരു ഡോക്ടർക്ക് തോന്നിയ സംശയമായിരുന്നു അതിനു പിന്നിൽ. മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളുടെ കോണിൽ ചെറിയൊരു കോളത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു പാഠഭാഗം അന്ന് അങ്ങനെ ആദ്യമായി കേരളത്തിന് ആശങ്കയായി മാറി.

പക്ഷേ ഇക്കാര്യം ഉറപ്പിക്കണമെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമായിരുന്നു. അങ്ങനെ രോഗികളുടെ സ്രവം നിപ വൈറസ്, വെസ്റ്റ് നൈൽ വൈറസ് (west nile virus) തുടങ്ങിയ പരിശോധനകൾക്കായി മണിപ്പാലിലേക്കയച്ചു. സംശയങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് നിപ പരിശോധനാഫലം പോസിറ്റീവ് ആയി. കൂടുതൽ വ്യക്തതക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലും നിപ തന്നെയാണെന്ന അരക്കിട്ട് ഉറപ്പിച്ചു. ആശങ്ക പട‍ർത്തി ആ വൈറസ് നിപയാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക് നീങ്ങി.

അപ്പോഴേക്കും കേരളം നേരിട്ട വെല്ലുവിളിയായ രോഗബാധയേറ്റവരുടെ എണ്ണം കുടി. സാബിത്തിനെ പരിചരിച്ചിരുന്ന നഴ്സ് ലിനി അടക്കമുള്ളവർ ചികിത്സയിലുമായി.
ഈ രോഗത്തിന്റെ ചികിത്സയ്ക്ക് എവിടെയും പ്രോട്ടോകോള്‍ ഇല്ലാത്തതിനാൽ ആഫ്രിക്കയിൽ പടർന്നുപിടിച്ച എബോളയുടെ പ്രോട്ടോക്കോള്‍ പരിശോധിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം 'നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍' എന്ന എം ജഷീനയുടെ പുസ്തകത്തിൽ ശൈലജ ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രോഗ ബാതിതരുടെയും സമ്പർക്കമുള്ളവരുടെയും എണ്ണം കൂടിയതോടെ പുതിയ രീതികളും വാക്കുകളും നിയന്ത്രണങ്ങളും കേരളം ആദ്യമായി കണ്ടു, കേട്ടു. സമ്പർക്കപ്പട്ടിക, റൂട്ട് മാപ്പ്, കണ്ടെയിൻമെന്‍റ് സോൺ എന്നീ വാക്കുകളെല്ലാം ആദ്യമായി മലയാളികൾ കേട്ടത് നിപക്കാലത്തായിരുന്നു. പിന്നീട് കൊവിഡ് കാലത്ത് ഈ വാക്കുകളൊക്കെ നമുക്ക് സുപരിചിതവുമായി. മാസ്കുകൾ മുഖത്തിന്‍റെ ഭാഗമായി മാറിയ മനുഷ്യരുടെ കുട്ടങ്ങളെയും കോഴിക്കോട് അന്ന് നമ്മൾ കണ്ടു. റോഡുകളും പൊതുഗതാഗതങ്ങളുമെല്ലാം ആളും ആരവവുമില്ലാതെ ഒഴിഞ്ഞുകിടന്ന ദിവസങ്ങൾ. ഭയവും ആശങ്കയും നിഴലിക്കുന്ന കണ്ണുകൾ മാത്രം പുറത്തുകാണുന്ന മനുഷ്യർ. എല്ലാവർക്കും ഒരുപാട് സംശയങ്ങൾ. ആർക്കും ഒരെത്തും പിടിയുമില്ലാത്ത അവസ്ഥ. അതിനിടയിൽ മെയ് 21 ന് ചികിത്സയിലിരുന്ന സിസ്റ്റർ ലിനി മരിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. ആരോഗ്യപ്രവർത്തകരെ പോലും ഭീതി പിടികൂടുന്ന കാലമായി അത് മാറി.

എന്നാൽ ഒരു തരം ഭീതിക്കും പിടികൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് ജീവൻ പണയം വച്ചും വൈറസിനെ തുരത്താൻ ആരോഗ്യ പ്രവർത്തകർ മുന്നിട്ടിറങ്ങിയതോടെ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ മാനത്ത് ആശ്വാസം പതിയെ പെയ്തിറങ്ങാൻ തുടങ്ങി. ഒറ്റ ദിവസത്തിൽ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡും ഐ സി യുവും സജ്ജമായി. എല്ലാവരും ഒരേ മനസാൽ നിപയെ പ്രതിരോധിച്ച് തോൽപ്പിക്കാൻ അണിനിരന്നു.  ഇതിനിടെ മെയ് 20 ന് മരിച്ച മലപ്പുറം സ്വദേശികൾക്കും നിപ തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരു ജില്ലയിലേക്കും രോഗമെത്തിയെന്നറിഞ്ഞതോടെ എങ്ങനെയാണു അവർക്ക് നിപ ബാധിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളായി പിന്നെ. കോണ്ടാക്ടുകൾ പരിശോധിച്ചതോടെ ആദ്യ നിപ  കേസായ സാബിത്തിൽനിന്നാണ് ഇവർക്ക് രോഗബാധയുണ്ടായതെന്ന് തിരിച്ചറിഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. അപ്രതീക്ഷിതമായി വിട്ടുപോയവരുടെ മുഖം പോലും ഉറ്റവർക്ക് അവസാനമായി ഒന്ന് കാണാനായില്ല. അങ്ങനെ കഴിയുമായിരുന്നില്ല. ഓരോ മരണശേഷവും സംസ്കാരം എങ്ങനെയെന്നാൽ വെല്ലുവിളിയായി മുന്നിൽനിന്നു. പല പ്രശ്നങ്ങളും പ്രതിഷേധങ്ങളും തലപൊക്കി. പക്ഷേ എല്ലാ പ്രശ്നങ്ങളെയും നന്നായിത്തന്നെ കൈകാര്യം ചെയ്യാൻ കേരളത്തിനായി.

മരുന്നുകൾ, പി പി ഇ കിറ്റുകൾ, മാസ്കുകൾ, ഐസൊലേഷൻ.. അങ്ങനെ അകലം പാലിച്ചുകൊണ്ട്, ഒറ്റക്കെട്ടായിനിന്ന് നിപയെ കേരളം തോൽപ്പിച്ചു. ഒടുവിൽ 2018 ജൂലൈ 1 ന് കേരളം നിപ വിമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് 2019 ലും 2021 ലും നിപ കേരളത്തിലെത്തിയെങ്കിലും കാര്യക്ഷമമായ രീതിയിൽ അതിനെ കൈകാര്യം ചെയ്യാനും, വ്യാപനവും മരണനിരക്കും വളരെയധികം കുറക്കാനും സാധിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം നിപ വീണ്ടുമെത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ കേരളത്തിന് മുന്നിൽ അന്നത്തെ മാതൃകകളുണ്ട്. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന തിരിച്ചറിവുണ്ട്. ഈ കാലവും കടന്നുപോകുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ കേരളം വീണ്ടുമൊരിക്കൽ കൂടി നിപയെ സമ്പൂർണമായി പരാജയപ്പെടുത്തുന്നത് കാണാനായി കാത്തിരിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios