ഇന്ന്‌ ദേശീയ 'ഡോക്ടേഴ്‌സ്‌ ദിനം'; ജീവന്‍റെ കാവലാളുകള്‍ക്ക് നന്ദി !

‘കൊവിഡ്‌ മരണം കുറയ്‌ക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ. 

july 1 national doctor s day

ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ.  ബി. സി  റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം.  

കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ  സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ചാണ്  ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്. 

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഡോക്ടര്‍മാരെ നാം എത്ര അഭിനന്ദിച്ചാലും മതി വരില്ല. രാജ്യത്ത് ഡോക്ടർമാരുൾപ്പടെയുള്ള  എത്രയോ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപെട്ടു. രാജ്യത്ത് ഇതിനോടകം ജീവന്‍ നഷ്ടമായത് 57 ഡോക്ടര്‍മാര്‍ക്കാണ്. ‘കൊവിഡ്‌ മരണം കുറയ്‌ക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും  ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം. 

കേരളത്തില്‍ കൊവിഡ് രോഗമുക്തി കൂടുന്നതിനും മരണനിരക്ക് കുറയുന്നതിനും കാരണം ഡോക്ടർമാരുടെ അക്ഷീണപ്രയത്നമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ ഈ ദിനത്തില്‍ പറയുന്നു . ഒപ്പം  കൊവിഡിനെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടർമാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 

ദിവസേന കൊവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാരുടെ കരുത്തിലാണ് നാം മുന്നോട്ട് പോകുന്നത്. മഹാമാരികള്‍ക്കെതിരെ പോരാടുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ 'നന്ദി' !

Also Read: കൊവിഡ് വ്യാപനം വേഗത്തില്‍; ലോകത്ത് കൊവിഡ് കേസുകൾ 1,0559000 കടന്നു...
 

Latest Videos
Follow Us:
Download App:
  • android
  • ios