നിരുത്തരവാദിത്തത്തോടെയും ജാഗ്രതയില്ലാതെയും പെരുമാറുന്നവരാണ് കൊവിഡ് വ്യാപിപ്പിക്കുന്നത്; വിമർശനവുമായി ഐസിഎംആർ
പരിശോധന വർദ്ധിപ്പിക്കുന്നത് മൂലം കൊവിഡ് പോസിറ്റീവ് രോഗികളുടെ നിരക്കിൽ കുറവ് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം മാസ്ക് ധരിക്കാത്തവരാണെന്ന വിമർശനവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. നിരുത്തരവാദപരമായി പെരുമാറുന്ന, ജാഗ്രതയില്ലാത്ത ജനങ്ങളാണ് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ കാരണം. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്കൊപ്പമുള്ള പത്രസമ്മേളനത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
പരിശോധനാ നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമേണ പരിശോധനയുടെ വിസ്തൃതി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം ഒരു മില്യൺ പരിശോധനകൾ വരെ നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ പരിശോധന വർദ്ധിപ്പിക്കുന്നത് മൂലം കൊവിഡ് പോസിറ്റീവ് രോഗികളുടെ നിരക്കിൽ കുറവ് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 60975 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 848 പേർ മരിച്ചു. 66550 കൊവിഡ് രോഗികൾ രോഗമുക്തരായി. 1524 കൊവിഡ് ടെസ്റ്റിംഗ് ലബോറട്ടറികളാണ് ഇന്ത്യയിലാകെയുള്ളത്. 3,68,27,520 പരിശോധനകളാണ് ഇതുവരെ നടത്തിയത്.