ന്യൂജെൻ കണ്ടെത്തുന്ന ലഹരി മരുന്നുകൾ ; കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷിക്കാം
നമ്മുടെ ജീവിതത്തിൽ സന്തോഷം, സമാധാനം, വ്യക്തമായ ലക്ഷ്യങ്ങൾ, വീട്ടിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ല ബന്ധം, സഹോദരങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള നല്ല ബന്ധങ്ങൾ ഉണ്ടെങ്കിൽ ഡ്രഗ്സ് ഉപയോഗിക്കണമെന്ന ചിന്ത ഒരാളിലും ഉണ്ടാകില്ല.
കുരുന്നുകൾ കുട്ടിക്കുറ്റവാളികൾ ആകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. അവർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് നിങ്ങൾ അറിയുക. സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം.
ന്യൂജൻ കണ്ടെത്തുന്ന പല ലഹരി മരുന്നുകളുടെ പേരുകളും പഴതലമുറയ്ക്ക് കേട്ട് കേൾവി പോലും ഇല്ലാത്ത ഒന്നാണ്. മയക്കുമരുന്ന് എന്ന് കേൾക്കുമ്പോൾ കുറച്ചുനാൾ മുമ്പ് വരെ മലയാളികളുടെ മനസ്സിൽ തെളിഞ്ഞുവന്നിരുന്ന പേരുകൾ മദ്യം, സിഗരറ്റ് , പാൻ മസാല, കഞ്ചാവ് എന്നിവയായിരുന്നു. ഇതിൽ ഏറ്റവും വീര്യമേറിയ ലഹരി കഞ്ചാവ് ആയിരുന്നു. എന്നാൽ ഇന്ന് കഞ്ചാവ് പിന്തള്ളപ്പെട്ട് അതുക്കും മേലെ വേറെ ചില പേരുകൾ സ്ഥാനം പിടിച്ചു അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് എംഡിഎംഎ.
എംഡിഎംഎ ഉപയോഗിക്കുന്ന വ്യക്തികളിൽ സാധാരണ കാണുന്ന പ്രശ്നങ്ങൾ എന്തെല്ലാം? ലഹരി ഉപയോഗിക്കുന്നവർ എംഡിഎംഎയ്ക്ക് പിന്നാലെ പോകുന്നതിന്റെ രഹസ്യങ്ങൾ ഇതൊക്കെയാണ്..
കുറച്ചുനാൾ മുൻപ് വരെ മദ്യം, പുകവലി, പാൻ മസാല പോലെയുള്ള ലഹരിവസ്തുക്കളാണ് ലഹരിക്കായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ കൂടുതലായി ഉപയോഗിക്കുന്നതു സിന്തറ്റിക് ഡ്രഗ്സുകളാണ്.
ഉപയോഗിക്കുന്ന വസ്തുവിന്റെ രുചിയോ , മണമോ മറ്റുള്ളവർ മനസ്സിലാകില്ല, വളരെ എളുപ്പത്തിൽ ഉപയോഗിക്കാം. എവിടെ വേണമെങ്കിലും ഒളിപ്പിച്ചു വയ്ക്കാം, മറ്റു ലഹരികളെ അപേക്ഷിച്ച് വീര്യമേറിയത്. ആരും അറിയില്ല, വീട്ടിൽ പിടിക്കപ്പെടില്ല മാത്രവുമല്ല ഏതെങ്കിലും വിധേന പോലീസോ മറ്റോ പരിശോധിച്ചാൽ അവരെ കബളിപ്പിച്ച് ഒളിച്ചു വയ്ക്കാനും സാധിക്കും. ഇതൊക്കെ തന്നെയാണ് പലപ്പോഴും യുവാക്കൾ സിന്തറ്റിക് ഡ്രഗ്സിലേക്ക് മാറുന്നത്.
അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം
സിന്തറ്റിക് ഡ്രഗ്ഗുകളിൽ പ്രധാനികളാണ് മരിജുവാന, LSD സ്റ്റാമ്പുകൾ, MDMA പോലെയുള്ള ലഹരികൾ. ഇതിൽ കുട്ടികൾ മുതൽ യുവാക്കൾ വരെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലഹരി വസ്തുവാണ് MDMA എന്ന് നിങ്ങൾ ഇതിനോടകം കേട്ടിട്ടുണ്ടാകും.
ലഹരി ഇഷ്ടപ്പെടുന്നവർ എംഡിഎംഎ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത് കൊവിഡ് കാലഘട്ടത്തിനു ശേഷമാണ്. ഒത്തിരി പേർ എംഡിഎംഎ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതും കണ്ടെത്തി പോലീസും എക്സൈസ് വകുപ്പും അവരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ഇടക്കിടെ കണ്ടിട്ടുണ്ടാകും.
MDMA യുടെ ഉപയോഗം കൈവശം വയ്ക്കൽ വിൽപ്പന നടത്തൽ എന്നിവയ്ക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെ കഠിനതടവ് കിട്ടാവുന്ന ശിക്ഷകളാണ്. ശിക്ഷകൾ ഇത്ര കഠിനമാണ് എന്നറിഞ്ഞിട്ടും കുട്ടികൾ ഉൾപ്പെടെ യുവാക്കൾ വരെ MDMA ഉപയോഗിക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ഡ്രഗ്സ് അഥവാ ലഹരിവസ്തുക്കളെ പൊതുവേ വിളിക്കുന്ന പേരാണ് മയക്കുമരുന്നുകൾ. മയക്കുമരുന്ന് എന്ന വാക്കിൽ തന്നെ കൃത്യമായ അർത്ഥം നൽകുന്നുണ്ട്. നിങ്ങളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും ചിന്തകളെയും ആഗ്രഹങ്ങളെയും ആശകളെയും തുടങ്ങി മനസ്സിനെ വരെ മയക്കുന്ന മരുന്നുകൾ.
സാധാരണയായി ഒരു വ്യക്തിയെ മയക്കുന്നത് ഓപ്പറേഷൻ തിയേറ്ററിൽ സർജറി ചെയ്യുന്ന സമയത്തോ. എന്തെങ്കിലും കഠിനമായ വേദന അറിയാതിരിക്കാൻ വേണ്ടിയാണ് മയക്കുക എന്ന പ്രക്രിയ ഡോക്ടേഴ്സ് ചെയ്യാറുള്ളത്. ഓപ്പറേഷനു മുന്നേ അനസ്തേഷ്യ ഡോക്ടേഴ്സ് വേണ്ട അളവിൽ മരുന്ന് നൽകിയാണ് ഇത് ചെയ്യുന്നത്. എന്നാൽ ഇവിടെ ഇത്തരം ഡ്രസ്സുകൾ അളവിലേറെയായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഉപയോഗിക്കുമ്പോൾ മയങ്ങി അതിന് വശപ്പെട്ട് പോവുകയാണ്. മരുന്ന് സ്വന്തമായി ഉപയോഗിക്കുമ്പോൾ ഒരുപാട് കോംപ്ലിക്കേഷൻസ് വിളിച്ചു വരുത്തുന്നു എന്ന് ആരും മനസ്സിലാക്കുന്നില്ല.
യാതൊരുവിധ അസുഖവും ഇല്ലാത്ത ഒരു വ്യക്തി മരുന്നു കഴിക്കുമ്പോൾ ഉണ്ടാകുന്ന റിയാക്ഷനു അപ്പുറമാണ് മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത്. എന്നാൽ ആദ്യ കാലഘട്ടത്തിൽ ഇത്തരം ഡ്രസ്സുകൾ ഉപയോഗിക്കുമ്പോൾ യാതൊരു കുഴപ്പവും കാണാറില്ല . അതിനു പ്രധാന കാരണം സാധാരണ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ള വ്യക്തികൾ മാത്രമേ ഇത്തരത്തിൽ മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ശ്രമിക്കുകയുള്ളൂ എന്നതാണ്.
നമ്മുടെ ജീവിതത്തിൽ സന്തോഷം, സമാധാനം, വ്യക്തമായ ലക്ഷ്യങ്ങൾ, വീട്ടിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ല ബന്ധം, സഹോദരങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള നല്ല ബന്ധങ്ങൾ ഉണ്ടെങ്കിൽ ഡ്രഗ്സ് ഉപയോഗിക്കണമെന്ന ചിന്ത ഒരാളിലും ഉണ്ടാകില്ല. എന്നാൽ വീടുകളിൽ നിറയെ പ്രശ്നങ്ങൾ അതായത് മാതാപിതാക്കൾ തമ്മിലുള്ള വഴക്ക്, കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന വഴക്ക്, കുട്ടികളെ ശ്രദ്ധിക്കാതിരിക്കൽ, കുട്ടികളെ അവഗണിക്കൽ, ചൈൽഡ് അബ്യൂസ് തുടങ്ങി ചെറുപ്പത്തിൽ ഒരു കുട്ടിയുടെ മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോയാൽ അതു നൽകുന്ന മുറിവിൽ നിന്നും ഒളിച്ചോടുന്നതിനു വേണ്ടിയിട്ടാണ് പലരും ഡ്രഗ്സ് ഉപയോഗിക്കാൻ തുടങ്ങുന്നത്. മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ വരുന്ന സമയത്ത് അതിൽ നിന്നും രക്ഷപ്പെടാനായി ഡ്രഗ്സിനെ ആശ്രയിക്കുമ്പോൾ പ്രത്യേകിച്ച് MDMA പോലെയുള്ള മരുന്നുകൾ ഉപയോഗിച്ചു കഴിഞ്ഞാൽ ഒരു ഇലേറ്റഡ് മൂഡും അവരിൽ ഉണ്ടാകും.
കുറച്ചുനേരത്തേക്ക് നല്ലൊരു സുഖവും സന്തോഷവും ലഭിക്കും വേദനകൾ കുറയും മനസ്സിന് ശാന്തത തോന്നും ആത്മവിശ്വാസം വർദ്ധിക്കും. അത്തരത്തിൽ കോൺഫിഡൻസ് ബിൽഡ് ചെയ്യുമ്പോൾ ഇത്തരത്തിൽ ഒരു വസ്തുക്കൾ ഇനിയും വീണ്ടും ഉപയോഗിക്കണമെന്ന് തോന്നി തുടങ്ങും.
ഒരു ഗ്രാം എംഡിഎംഎയ്ക്ക് 3000 രൂപ മുതൽ 5000 രൂപയും ഡിമാൻഡ് അനുസരിച്ച് അതിലേറെയുമാണ് വിൽപ്പനക്കാർ ഈടാക്കുന്നത്. ഇത്തരമൊരു തുക ഒരു വിദ്യാർത്ഥിക്ക് ലഭിക്കണമെങ്കിൽ വീട്ടിൽനിന്നും ആരുമറിയാതെ പണം എടുക്കേണ്ടിവരും. അതിന് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴിയും മറ്റും പണം മോഷ്ടിക്കാൻ തുടങ്ങും. പിടിക്കപ്പെടുമ്പോൾ മറ്റിടങ്ങളിൽ നിന്നും പണം മോഷ്ടിക്കും. ഒരു പരിധി കഴിഞ്ഞു ലഹരിക്ക് അടിമപ്പെട്ടുമ്പോൾ പണം കിട്ടാതെ വന്നാൽ വീണ്ടും മരുന്നുകൾ വാങ്ങാനായി അതിന്റെ ക്യാരിയേഴ്സ് ആയി മാറുകയും ചെയ്യാറുണ്ട് .
അങ്ങനെ ആരും അറിയാതെ തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രവർത്തി നിയമപാലകർ കണ്ടെത്തി പിടികൂടിയാൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്ന് ചിന്ത ഇവരിൽ ഉണ്ടാകാറില്ല. മയക്കുമരുന്ന് അവരുടെ ചിന്തകളെ തന്നെ നശിപ്പിച്ചിട്ടുണ്ടാവും.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശിക്ഷ നൽകിയാൽ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങും നല്ല ഭാവി ഇല്ലാതയാകും യുവാക്കൾ ആണെങ്കിൽ ജോലികൾ നഷ്ടപ്പെടും സർക്കാർ ജോലി എന്നത് കയ്യെത്തും ദൂരത്താകും. പിന്നീട് ശീലങ്ങൾ മാറും ജീവിതശൈലികൾ മാറും സമൂഹത്തിൽ വീട്ടിലും ആർക്കും വേണ്ടാത്ത വ്യക്തിയായി തീരും.
വീട്ടുകാരും പോലീസും നാട്ടുകാരോ സുഹൃത്തുക്കളോ ആരും അറിയാതെ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്നാൽ മൂന്നുവർഷത്തിൽ കൂടുതൽ നിങ്ങൾക്ക് അതു തുടരാൻ കഴിയില്ല. തീർച്ചയായും നിങ്ങൾക്ക് മൂന്നു വർഷത്തിനുള്ളിൽ ജീവഹാനി വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ലഹരി ഉപയോഗം കാരണം ശരീരത്തിലെ കാൽസ്യം കണ്ടെന്റ് കുറയുന്നു ഇമ്മ്യൂണിറ്റിയെ ബാധിക്കുന്നു ചിലർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ പിടിപെടുന്നു.
ഒന്നോർക്കുക മാരകമായ ലഹരി വസ്തുക്കൾ ഉപയോഗം മൂന്നുവർഷത്തിനുള്ളിൽ തന്നെ ജീവനടുക്കാം എന്നാണ് പഠനങ്ങൾ പറയുന്നത് . താൽക്കാലിക സന്തോഷത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന ലഹരി ഉപയോഗം ജീവന് തന്നെ ഭീഷണിയായി മാറുമ്പോൾ ഇത്തരം വസ്തുക്കൾ ഇനി ഉപയോഗിക്കണമോ എന്ന് കുട്ടികളും യുവാക്കളും മുതിർന്നവരും തീരുമാനം എടുക്കുക, നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ആ ജീവിതത്തിൽ നിന്നും ഒളിച്ചോടരുത് പകരം അതിനെ നേരിടാനായി പഠിക്കുക. ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സ്നേഹമോ പരിചരണമോ നിങ്ങളുടെ വീട്ടിൽ നിന്നും കിട്ടിയില്ല എന്ന് വന്നേക്കാം അത്തരം തോന്നൽ നിങ്ങളിൽ ഉണ്ടെങ്കിൽ വിദ്യാർത്ഥികളെ നിങ്ങളുടെ സ്കൂളുകളിലെ സ്കൂൾ കൗൺസലർമാരോടോ നിങ്ങളുമായി അടുപ്പമുള്ള അധ്യാപകരോടും സുഹൃത്തുക്കളോടും നിങ്ങളുടെ പ്രശ്നങ്ങൾ ഷെയർ ചെയ്യുക.
അവർ നിങ്ങളുടെ വീട്ടുകാരെ കാണുകയും അവരോട് കാര്യങ്ങൾ സംസാരിക്കുകയും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനായി ശ്രമിക്കുകയും അത് സാധ്യമാവുകയും ചെയ്യും, ഇവരോടെല്ലാം പറയാൻ നിങ്ങൾക്ക് മടിയാണെങ്കിൽ ഒരു മനശാസ്ത്ര വിദഗ്ധനെ കാണുക. സംസ്ഥാനത്തെ എല്ലാ ഗവൺമെൻറ് ഹോസ്പിറ്റലുകളിലും സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്. അവരുമായി നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെച്ചാൽ നിങ്ങളെ അലട്ടുന്ന കാര്യങ്ങളെ എങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞുതരും.
പൊതുവേ ഡ്രഗ്സ്സ് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും അതിലേക്ക് എത്തിപ്പെടുന്നത് കൂട്ടുകെട്ടുകളിലൂടെയാണ്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് ചൊല്ലെങ്കിലും ഇവിടെ ചങ്ങാതിമാർ തന്നെയാണ് പലപ്പോഴും ദുരന്തത്തിലേക്ക് പലരെയും കൊണ്ടെത്തിക്കാറുള്ളത്.
ചിലരെ വലിയ തുക വാഗ്ദാനം ചെയ്തു ക്യാരിയേഴ്സ് ആക്കി മാറ്റുകയാണ് പിന്നീട് അവരെ അതിന്റെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും അടിമകളാക്കി തീർക്കുകയുമാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു സുഹൃത്ത് നിങ്ങളോട് ഡ്രസ്സ് ഉപയോഗിക്കാൻ പറയുകയാണെങ്കിൽ അല്ലെങ്കിൽ അത് മറ്റൊരാൾക്ക് കൊണ്ടെത്തിക്കാൻ പറയുകയാണെങ്കിൽ ഒന്ന് ഓർക്കുക അയാൾ നല്ലൊരു സുഹൃത്തല്ല മറിച്ച് ശത്രുവാണ് എന്ന്. നിങ്ങളുടെ നല്ല ഭാവി ആ വ്യക്തി ആഗ്രഹിക്കുന്നില്ല താല്പര്യങ്ങൾക്ക് വേണ്ടിയാണ് ആ വ്യക്തി നിങ്ങളോട് കൂട്ടുകൂടുന്നതെന്ന് തിരിച്ചറിയുക. കൂടാതെ ഡ്രഗ്സിന്റെ ഉപയോഗത്തിൽ നിന്നും സ്വയം പിന്തിരിഞ്ഞു പോരുക.
ഒന്നോർക്കുക ലഹരി നമ്മുടെ ജീവിതത്തിന് ആവശ്യമാണ് അത് ആവശ്യത്തിനും അതിലേറെയും ആക്കാം.എന്നാലത് നിങ്ങളുടെ ജീവിതത്തിലൂടെ കണ്ടെത്തുന്ന ലഹരിയായിരിക്കണം എന്നുമാത്രം ' നിങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, പാഷൻ, കുടുംബം, ലക്ഷ്യങ്ങൾ, താല്പര്യങ്ങൾ. കലാകായികപരമായിട്ടുള്ള കഴിവുകൾ എന്നിവയായിരിക്കണം നിങ്ങളുടെ ലഹരി.
പ്രശ്നങ്ങളിലൂടെ കടന്നുപോകാത്ത ഒരു മനുഷ്യനുമില്ല, എന്നാൽ എല്ലാവരും അതിൽ നിന്നും രക്ഷപ്പെടാനായി ഡ്രഗ്സ്സുകളെ ആശ്രയിക്കാറില്ല. അതിനെ എങ്ങനെ മറികടക്കാം എന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. മയക്കുമരുന്നുകൾക്ക് താൽക്കാലികമായി മാത്രമേ നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് സന്തോഷിക്കുവാൻ വേണ്ടി നിങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയാൽ എന്നന്നേക്കുമായി നിങ്ങൾ മയങ്ങിപ്പോകും. മാരകമായ മയക്ക് മരുന്ന് ഉപയോഗം നിങ്ങളുടെ ജീവൻ വരെ എടുക്കുമെന്ന് മനസ്സിലാക്കുക.
കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ