നാല്‍പതുകളില്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നം ; ഇത് പരിഹരിക്കാൻ വഴിയുണ്ട്....
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വേര്‍തിരിച്ചെടുത്ത്, കലോറി ഉപയോഗപ്പെടുത്തി, ഊര്‍ജ്ജമുത്പാദിപ്പിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രവര്‍ത്തനം തന്നെയാണ് മന്ദഗതിയിലാകുന്നത്
മുപ്പതുകളില്‍ തന്നെ നാം ആരോഗ്യകാര്യങ്ങളില്‍ അല്‍പംകൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം മുപ്പതുകളിലെത്തുമ്പോള്‍ ആരോഗ്യം പല രീതിയിലുള്ള തിരിച്ചടികളും നേരിടാൻ തുടങ്ങും. പ്രത്യേകിച്ച് എല്ലിന്‍റെ ബലക്ഷയം പോലുള്ള കാര്യങ്ങളിലാണ് നാം കൂടുതലും ശ്രദ്ധ നല്‍കേണ്ടത്.
നാല്‍പതുകളിലേക്ക് കടക്കുമ്പോഴാകട്ടെ നമ്മുടെ ആകെ ആരോഗ്യത്തില്‍ തന്നെ ശ്രദ്ധ നല്‍കണം. വിശേഷിച്ചും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതും, കലോറി എരിച്ചുകളയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് നാല്‍പതുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്.
കാരണം ഈ പ്രവര്‍ത്തനങ്ങളെല്ലാം നാല്‍പതുകളാകുമ്പോഴേക്ക് വേഗത കുറയാൻ തുടങ്ങും. അതായത് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വേര്‍തിരിച്ചെടുത്ത്, കലോറി ഉപയോഗപ്പെടുത്തി, ഊര്‍ജ്ജമുത്പാദിപ്പിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രവര്‍ത്തനം തന്നെയാണ് മന്ദഗതിയിലാകുന്നത്. ഇത് ആകെ ആരോഗ്യത്തെയും സ്വാധീനിക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം മെച്ചപ്പെടുത്തുന്നതിന് നാല്‍പതുകളിലെത്തി നില്‍ക്കുന്നവര്‍ ചെയ്യേണ്ട ചിലതാണിനി പങ്കുവയ്ക്കുന്നത്.
സ്ട്രെങ്ത് ട്രെയിനിംഗ്...
സ്ട്രെങ്ത് ട്രെയിനിംഗ് ആണ് നാല്‍പതുകളില്‍ ആരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യാവുന്ന ഒന്ന്. ആഴ്ചയില്‍ രണ്ടോ മൂന്നോ സ്ട്രെങ്ത് ട്രെയിനിംഗ് സെഷനെങ്കിലും എടുക്കുക. അതേസമയം ബോഡി ബില്‍ഡിംഗ് അല്ല നിങ്ങളുടെ ലക്ഷ്യമെന്നുകൂടി മനസിലാക്കി അതിന് അനുസരിച്ച് മാത്രം സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യുക.
ഭക്ഷണം...
നാല്‍പതുകളില്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്ന് ഭക്ഷണത്തിന് സമയക്രമം പാലിക്കുകയെന്നതാണ്. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ ഇടയ്ക്കുള്ള സ്നാക്സ് എല്ലാത്തിനും സമയം ക്രമീകരിക്കുക. ദിവസവും ഈ സമയക്രമം പാലിക്കാൻ പരമാവധി ശ്രമിക്കുകയും വേണം. അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്. ഇത് ആരോഗ്യത്തിന് തിരിച്ചടി നല്‍കും.
അതുപോലെ അല്‍പം സ്പൈസസ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം കൂടുതല്‍ കലോറി എരിച്ചുകളയാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്താൻ ശ്രദ്ധിക്കാം. എന്നാല്‍ അമിതമാകാതെയും നോക്കണം.
വെള്ളം...
ഭക്ഷണത്തിനൊപ്പം തന്നെ വെള്ളം കുടിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ദിവസത്തില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 8-10 ഗ്ലാസ് വരെ വെള്ളമാണ് മുതിര്‍ന്ന ഒരാള്‍ കുടിക്കേണ്ടത്. വ്യായാമം ചെയ്യുമ്പോള്‍ അതിന് മുമ്പും ശേഷവും വെള്ളം കുടിക്കല്‍ നിര്‍ബന്ധമാണ്. ശീതളപാനീയങ്ങളും മറ്റ് കുപ്പി പാനീയങ്ങളും ഒഴിവാക്കി ഹെര്‍ബല്‍ ചായകള്‍, ആരോഗ്യകരമായ പാനീയങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക.
ഉറക്കം...
ഉറക്കം ആരോഗ്യത്തിന്‍റെ താക്കോല്‍ ആണെന്ന് തന്നെ പറയാം. അത്രയും പ്രധാനമാണ് ഉറക്കം. രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമായും കിട്ടണം. ഇത് ആഴത്തിലുള്ളതും മുറിയാത്തതും ആയിരിക്കണം. എന്തെങ്കിലും വിധത്തിലുള്ള ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ നിര്‍ബന്ധമായും സമയബന്ധിതമായി ഇത് പരിഹരിക്കണം.
സ്ട്രെസ്...
മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും ഒരുപോലെ സ്വാധീനിക്കുന്നതാണ്. സ്ട്രെസ് കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കൂടുന്നു. ഇത് ആരോഗ്യത്തിന് പലവിധത്തിലും തിരിച്ചടിയാകുന്നു. അതിനാല്‍ പതിവായി അനുഭവിക്കുന്നുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാനുള്ള പ്രതിവിധികള്‍ തേടേണ്ടതാണ്.
Also Read:- കഴുത്തിന് പിന്നില്‍ ഇങ്ങനെ മുഴയുണ്ടോ? അറിയാം ഇതെക്കുറിച്ച് കൂടുതലായി...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-