മുഖത്തെ ചുളിവുകള്‍ കുറയ്ക്കാൻ നിങ്ങള്‍ക്ക് 'സിമ്പിള്‍' ആയി ചെയ്യാവുന്നത്...
കൊളാജെൻ ഉത്പാദനം കൂട്ടാൻ സാധിച്ചാല്‍ അത് തീര്‍ച്ചയായും ചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതൊഴിവാക്കാനോ കുറയ്ക്കാനോ സഹായിക്കും. ഇത്തരത്തില്‍ കൊളാജെൻ ഉത്പാദനം കൂട്ടാൻ നിത്യജീവിതത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍...
മുഖത്ത് ചുളിവുകളോ വരകളോ വീഴുന്നത് സ്വാഭാവികമായും പ്രായം തോന്നിക്കാൻ കാരണമാകും. ചര്‍മ്മത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ വരുന്നത് പ്രതിരോധിക്കാനായാല്‍ തന്നെ ഒരു പരിധി വരെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ സാധിക്കും. ഇത്തരത്തില്‍ മുഖത്തെ ചുളിവുകളും വരകളും കുറയ്ക്കാൻ സഹായിക്കുന്ന ചില 'സിമ്പിള്‍' ടിപ്സ് പങ്കുവയ്ക്കാം.
അതിന് മുമ്പായി എന്താണ് മുഖത്ത് ചുളിവുകളോ വരകളോ വരുന്നതിന് കാരണമാകുന്നത് എന്നത് കൂടി അറിയാം. ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്നത് കൊളാജെൻ എന്ന പ്രോട്ടീൻ ആണ്. പ്രായമേറുംതോറും കൊളാജൻ ഉത്പാദനം കുറയും. ചിലരില്‍ പ്രായമല്ലാതെ മറ്റ് ചില ഘടകങ്ങളും കൊളാജെൻ ഉത്പാദനം കുറയ്ക്കും.
കൊളാജെൻ ഉത്പാദനം കൂട്ടാൻ സാധിച്ചാല്‍ അത് തീര്‍ച്ചയായും ചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതൊഴിവാക്കാനോ കുറയ്ക്കാനോ സഹായിക്കും. ഇത്തരത്തില്‍ കൊളാജെൻ ഉത്പാദനം കൂട്ടാൻ നിത്യജീവിതത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ആണ് നേരത്തെ പറഞ്ഞ ടിപ്സ്, ഇവയിലേക്ക്...
ഒന്ന്...
ദിവസവും ധാരാളം വെള്ളം കുടിക്കണം. എട്ടോ ഒമ്പതോ ഗ്ലാസ് വെള്ളമെങ്കിലും മുതിര്‍ന്ന ഒരാള്‍ കുടിക്കുക. അമിതമായി വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം. ദിവസം മുഴുവൻ ശരീരത്തില്‍ ജലാംശം നില്‍ക്കും വിധം പലപ്പോഴായി വേണം വെള്ളം കുടിക്കാൻ. ജലാംശം കാര്യമായി അടങ്ങിയ കക്കിരി, തണ്ണിമത്തൻ, കരിക്ക് പോലുള്ള വിഭവങ്ങള്‍ കഴിക്കുകയും ആവാം. ഇത് കൊളാജെൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.
രണ്ട്...
ഡയറ്റില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റ്സ് ഉള്‍പ്പെടുത്തുകയും ആവാം. ഇതിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയാണ് വേണ്ടത്. ഇത് രക്തയോട്ടം കൂട്ടുകയും ഓക്സിജൻ കൂട്ടുകയും അതുവഴി ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയുമെല്ലാം ചെയ്യും. ഒപ്പം കൊളാജെൻ ഉത്പാദനവും കൂടും.
മൂന്ന്...
നമുക്കറിയാം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അത്യാവശ്യമായും കിട്ടേണ്ടൊരു ഘടകമാണ് വൈറ്റമിൻ സി. ഇതും അധികവും ഭക്ഷണത്തിലൂടെയാണ് ഉറപ്പിക്കേണ്ടത്. വൈറ്റമിൻ -സി ആവശ്യത്തിനുണ്ടെങ്കിലാണ് കൊളാജെൻ ഉത്പാദനവും കൃത്യമായി നടക്കുക.
നാല്...
മദ്യപിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഈ ശീലമുപേക്ഷിക്കണം. അല്ലെങ്കില്‍ വലപ്പോഴും അല്‍പം എന്ന നിലയിലേക്കെങ്കിലും മാറണം. അല്ലാത്തപക്ഷം അത് ചര്‍മ്മത്തെ ഏറെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് കൊളാജെൻ ഉത്പാദനം കുറഞ്ഞ് ചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതിനാണ് ഇത് കൂടുതലും കാരണമാവുക.
അഞ്ച്...
പലരും ആവശ്യത്തിന് പഴങ്ങളോ പച്ചക്കറികളോ കഴിക്കാതിരിക്കുന്നതും അവരുടെ ചര്‍മ്മത്തെ ബാധിക്കാറുണ്ട്. കൊളാജെൻ ഉത്പാദനം കൃത്യമായി നടക്കാൻ ഡയറ്റില്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം ഉറപ്പിക്കുക.
Also Read:- വൃക്ക അപകടത്തിലാണെന്നതിന്‍റെ സൂചനയാണ് ഈ ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-