ഏഴ് മണിക്കൂറിലും കുറവാണോ നിങ്ങളുടെ ഉറക്കം?; എങ്കിലിത് കേള്‍ക്കൂ...
ഏഴ്- എട്ട് മണിക്കൂര്‍ ആണ് മുതിര്‍ന്ന ഒരു വ്യക്തി ദിവസത്തില്‍ ഉറങ്ങേണ്ട സമയം. ഇത് ഏഴ് ആയാലും മതി. പക്ഷേ അതിലും കുറവായാലോ! അത് അല്‍പം പ്രശ്നം തന്നെയെന്ന് വിദഗ്ധര്‍
മുതിര്‍ന്ന ഒരു വ്യക്തി ദിവസത്തില്‍ ഉറങ്ങേണ്ടത് ശരാശരി ഏഴ് മണിക്കൂര്‍ ആണ്. ഏഴ്- എട്ട് മണിക്കൂര്‍ ആണ് ഉറങ്ങേണ്ട സമയം. ഇത് ഏഴ് ആയാലും മതി. പക്ഷേ അതിലും കുറവായാലോ!
അത് അല്‍പം പ്രശ്നം തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് തക്കതായ കാരണങ്ങളുമുണ്ട്.
ഈ ഏഴ് മണിക്കൂര്‍ ഉറക്കത്തിലാണ് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നത്. കോശങ്ങള്‍ അവരുടെ കേടുപാടുകള്‍ പരിഹരിച്ച് സ്വയം പുനരുജ്ജീവിപ്പിക്കുന്നു, പേശികളും അവയുടെ പ്രയാസങ്ങളെ അതിജീവിച്ച് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു. തലച്ചോര്‍ ആവശ്യത്തിന് വിശ്രമം നേടി 'റീഫ്രഷ്' ആകുന്നു. ഇത് ഓര്‍മ്മ- ശ്രദ്ധ - പ്രശ്ന പരിഹാരം എന്നിങ്ങനെയുള്ള, നിത്യജീവിതത്തില്‍ ഏറ്റവും പ്രധാനമായി വേണ്ട കാര്യങ്ങളില്‍ മൂര്‍ച്ച വരുത്തുന്നു.
ഹോര്‍മോണ്‍ ബാലൻസ് തെറ്റാതെ ശരീരം കൊണ്ടുപോകുന്നതും ഇതിലൂടെ പലവിധ ശാരീരികധര്‍മ്മങ്ങളും ക്രമത്തോടെ പോകുന്നതും ഉറക്കത്തിന്‍റെ സഹായത്തോടെയാണ്.
ഉറക്കം ഏഴ് മണിക്കൂറില്‍ താഴെയാകുന്നതോടെ ഇത്രയും കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ തന്നെ നമ്മുടെ ജീവിതം എത്രത്തോളം പ്രയാസഭരിതമായി എന്നതിനെ കുറിച്ച് ഇനി നിങ്ങള്‍ക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. എങ്കിലും ദിവസവും ഏഴ് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങിയാല്‍ നിങ്ങള്‍ക്ക് സംഭവിക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ച് അല്‍പം കൂടി മനസിലാക്കൂ...
ജോലിയും പഠനവും...
ഉറക്കം ആവശ്യമായത്ര കിട്ടാത്തപക്ഷം തളര്‍ച്ച നിങ്ങളെ മുഴുവൻ സമയവും പിടികൂടുന്നു. ഒപ്പം നിങ്ങളുടെ ഉത്പാദനക്ഷമതയും കുറയുന്നു. ഇത് ജോലി ചെയ്യുന്നവരെയും പഠിക്കുന്നവരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണ്. ഉന്മേഷമില്ലായ്മയാണെങ്കില്‍ ദിവസം മുഴുവൻ ചെയ്യുന്ന കാര്യങ്ങളിലെല്ലാം പ്രതിഫലിക്കാം. ശ്രദ്ധയില്ലായ്മ, താല്‍പര്യമില്ലായ്മ, മുൻകോപം എല്ലാം ഇങ്ങനെ വരാം. ഇതെല്ലാം നിങ്ങളെ ആകെ തന്നെ തകര്‍ക്കുന്ന കാര്യങ്ങളാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ.
ശരീരവണ്ണം...
രാത്രിയില്‍ പതിവായി ഏഴ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നതെങ്കില്‍ ഇവരില്‍ ശരീരഭാരം കൂടാനുള്ള സാധ്യത വളരെയുണ്ട്. ഉറക്കം പോരാതെ വരുമ്പോള്‍ അതുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇത്തരത്തില്‍ വണ്ണം കൂടുന്നതിന് കാരണമായി വരുന്നത്.
അസുഖങ്ങള്‍...
ഉറക്കം പതിവായി മുഴുവനായി എടുക്കുന്നില്ലെങ്കില്‍ അത് ക്രമേണ നമ്മുടെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കും. പ്രതിരോധശേഷി കുറഞ്ഞുവരുന്നതിന് അനുസരിച്ച് നമുക്ക് പലവിധരോഗങ്ങളും പതിവായി വരാം.
മാനസികാരോഗ്യപ്രശ്നങ്ങള്‍...
പതിവായി ആവശ്യമുള്ളത്രയും ഉറക്കം ലഭിച്ചില്ലെങ്കില്‍ നമ്മള്‍ നേരിട്ടേക്കാവുന്ന വലിയൊരു പ്രതിസന്ധിയാണ് വിവിധ മാനസികാരോഗ്യപ്രശ്നങ്ങള്‍. ഒന്നാമതായി ഉറക്കം പൂര്‍ത്തിയായില്ലെങ്കില്‍ അത് തലച്ചോറിന്‍റെ ആകെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. ഓര്‍മ്മ, ചിന്താശേഷി, ശ്രദ്ധ, വ്യക്തത, പഠനശേഷി എന്നിവയെല്ലാം ബാധിക്കപ്പെടുകയാണ്. ഇതുതന്നെ വ്യക്തിയെ വലിയ രീതിയില്‍ ബാധിക്കും.
ഇതിന് പുറമെ അസ്വസ്ഥത, മുൻകോപം, മൂഡ് ഡിസോര്‍ഡര്‍, ഉത്കണ്ഠ, സ്ട്രെസ് എന്നിങ്ങനെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളും നേരിടാം. വിഷാദരോഗത്തിനും ഉറക്കമില്ലായ്മ കാരണമായി വരാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ വ്യക്തിയെ ആകെ തകര്‍ക്കുന്നതിലേക്ക് തന്നെ നയിക്കാം.
Also Read:- പ്രമേഹമുള്ളവര്‍ ഈ അഞ്ച് അസുഖങ്ങളെ കൂടി ശ്രദ്ധിക്കുക...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-