ജീവിതത്തിൽ എങ്ങനെ ശരിയായ തീരുമാനം എടുക്കാം?
പരാജങ്ങൾ ജീവിതത്തിൽ സംഭവിക്കുകയില്ല എന്നല്ല. പക്ഷേ മുൻപ് പരാജയപ്പെട്ടു എന്നതുകൊണ്ട് ഇനി മെച്ചപ്പെടാൻ സാധ്യമല്ല എന്ന് അർത്ഥമില്ല. ആത്മവിശ്വാസം മെച്ചപ്പെടുത്താൻ പരാജയത്തെ ഭയക്കാതെ ധൈര്യപൂർവ്വം കാര്യങ്ങളെ നേരിടാൻ തയ്യാറാവണം.
ജീവിതത്തിൽ എങ്ങനെ ശരിയായ തീരുമാനം എടുക്കാമെന്നതിനെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
പ്രിയ വർഗീസ് എഴുതുന്ന ലേഖനം.
ജീവിതത്തിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ട സാഹചര്യങ്ങളിൽ സംശയം തോന്നാറുണ്ടോ? എന്റെ തീരുമാനം ശരിയാണോ? തീരുമാനം തെറ്റായിപ്പോയാൽ എന്ത് ചെയ്യും? മറ്റുള്ളവരുടെ മുന്നിൽ ഞാൻ തോറ്റുപോകുമോ? ഇങ്ങനെ പലതരം സംശയങ്ങളും ടെൻഷനും നമ്മുടെ മനസ്സിൽ നിറയാൻ സാധ്യതയുണ്ട്.
ഒരു സുഹൃത്തിനോടോ, സമാനമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളവരോടോ ചർച്ച ചെയ്യുന്നത് ഉറപ്പായും സഹായകരമാണ്. എന്നാൽ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്ന രീതിയും ഗുണകരമാവില്ല. വിവാഹത്തെപ്പറ്റി തീരുമാനം എടുക്കുമ്പോൾ, ജോലിയിൽ മാറ്റം വേണം എന്നു ചിന്തിക്കുമ്പോൾ, വലിയ പണം മുടക്കേണ്ട സാഹചര്യം വരുമ്പോൾ, ഒരാളോട് നോ പറയേണ്ടി വരുമ്പോൾ- ഇങ്ങനെ നിരവധി സാഹചര്യങ്ങളിൽ നമ്മുടെ തീരുമാനം ശരിയാണോ എന്ന സംശയം തോന്നിയേക്കാം. ഇത്തരം ഒരവസ്ഥയെ നേരിടാൻ ഉപയോഗിക്കാവുന്ന ഒരു വഴിയാണ് നമ്മുടെ സംശയങ്ങൾക്ക് നമ്മൾ തന്നെ ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുക എന്നത്. ഇതിനെ socartic questioning എന്നാണ് പറയുന്നത്. മനഃശാസ്ത്ര ചികിത്സയായ CBT യിലെ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇത്.
ഇനി പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കാം
● എന്തൊക്കെ കരണങ്ങളാലാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്?
● ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്താൽ എന്താണ് സംഭവിക്കുക?
● ഇത് ശരിയായില്ല എങ്കിൽ മറ്റെന്തെല്ലാം പ്ലാനുകളാണ് എനിക്കുള്ളത്?
● ഞാൻ ചിന്തിക്കുന്ന കാരണങ്ങൾ ഇപ്പോഴത്തെ ബുദ്ധിമുട്ടു നേരിടാനും എന്റെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കുമോ?
എടുത്ത തീരുമാനം ശരിയാണ് എന്ന് സ്വയം ചോദ്യങ്ങൾ ചോദിച്ചു കണ്ടെത്താൻ ശ്രമിക്കാം
● എന്റെ തീരുമാനം ശരിയാണ് എന്നുള്ളതിനുള്ള വ്യക്തമായ കാരണങ്ങൾ എന്തൊക്കെയാണ്?
● ഈ തീരുമാനവുമായി ബന്ധപ്പെട്ട എന്തെക്കിലും കാര്യങ്ങൾ ഞാൻ ചിന്തിക്കാൻ വിട്ടുപോയിട്ടുണ്ടോ?
● ഈ തീരുമാനം തെറ്റാകാൻ എത്രമാത്രം സാധ്യതയുണ്ട്?
● സമാനമായ കാര്യങ്ങളിൽ മുൻപ് എടുത്ത തീരുമാനങ്ങൾ തെറ്റിപോയിട്ടുണ്ടോ?
● ഈ തീരുമാനം ഞാൻ എടുത്തുചാടി എടുക്കുന്നതല്ല എന്നുള്ളതിന്റെ കാരണങ്ങൾ എന്തൊക്കെ?
● ഈ തീരുമാനം കാരണം ഇനിയുള്ള ദിവസങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കേണ്ടി വരുമോ?
● ഈ തീരുമാനം എടുക്കാൻ ഞാൻ അമിതമായി ഭയപ്പെടേണ്ട ആവശ്യം ഉണ്ടോ?
● മുൻപ് ചില തീരുമാനങ്ങൾ തെറ്റിയതിൽ നിന്നും എന്തെല്ലാം പാഠങ്ങളാണ് ഞാൻ ഉൾക്കൊണ്ടത്?
● മുൻപ് തീരുമാനം തെറ്റി എന്നതുകൊണ്ട് ഇപ്പോൾ ഞാൻ വല്ലാതെ ഭയപ്പെട്ടു തീരുമാനം എടുക്കാതെ ഒഴിഞ്ഞു
മാറേണ്ട കാര്യമുണ്ടോ?
പരാജങ്ങൾ ജീവിതത്തിൽ സംഭവിക്കുകയില്ല എന്നല്ല. പക്ഷേ മുൻപ് പരാജയപ്പെട്ടു എന്നതുകൊണ്ട് ഇനി മെച്ചപ്പെടാൻ സാധ്യമല്ല എന്ന് അർത്ഥമില്ല. ആത്മവിശ്വാസം മെച്ചപ്പെടുത്താൻ പരാജയത്തെ ഭയക്കാതെ ധൈര്യപൂർവ്വം കാര്യങ്ങളെ നേരിടാൻ തയ്യാറാവണം. നമ്മുടെ ഒക്കെ ജീവിതത്തിലെ ഉത്തമമായ തീരുമാങ്ങൾ എടുക്കാൻ കഴിയുക നമുക്കു തന്നെയാണ്. ധൈര്യപൂർവ്വം തീരുമാനങ്ങൾ എടുക്കാൻ തുടങ്ങാം.
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
ക്ലോസ്‌ട്രോഫോബിയ യഥാർത്ഥത്തിൽ അപകടകാരിയാണോ? സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്നു