വര്‍ക്കൗട്ടിന് പോകാൻ കൂട്ടുകാരെ തേടുന്നത് നല്ലതോ? 'ഹെല്‍ത്തി' ലൈഫ്സ്റ്റൈലിന് ചില ടിപ്സ്...

ആഴ്ച മുഴുവൻ തിരക്ക് പിടിച്ച് പോകുന്നവരെ സംബന്ധിച്ച് വീക്കെൻഡ് അവധിയാകുമ്പോള്‍ വെറുതെ ഇരിക്കാനാണ് ആഗ്രഹിക്കുക, അല്ലേ? എന്നാല്‍ ഈ രീതിയും അത്ര നല്ലതല്ല.

how can we increase interest to do more workout amid busy schedules hyp

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, വിശ്രമം, ഉറക്കം, സ്ട്രെസ് ഇല്ലാത്ത ചുറ്റുപാടുകളെല്ലാം ആവശ്യമാണ്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ ഇവയില്‍ പലതും നമുക്ക് കൃത്യമായി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. 

എങ്കിലും ധാരാളം പേര്‍ ഇപ്പോള്‍ വര്‍ക്കൗട്ടിലേക്ക് ആകൃഷ്ടരാവുകയും അതിലേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് കാലം ഇതിന് നല്ലരീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും പറയാം. എന്നാല്‍ പലരും കൂട്ടുകാരെ കൂടെ കൂട്ടിയേ വര്‍ക്കൗട്ടിന് പോകൂ എന്ന് പറയാറുണ്ട്. സത്യത്തില്‍ ഇങ്ങനെ കൂട്ട് കൂടി വര്‍ക്കൗട്ടിന് പോകുന്നത് നല്ലതാണോ? അതോ മോശം ശീലമാണോ? 

'ഹെല്‍ത്തി'യായി മുന്നോട്ട് പോകാൻ വര്‍ക്കൗട്ട് അല്ലെങ്കില്‍ കായികാധ്വാനം നിര്‍ബന്ധമാണ്. തിരക്ക് പിടിച്ച ജീവിതരീതിയാണ് നിങ്ങളുടേതെങ്കില്‍ കൂടിയും നിങ്ങള്‍ക്കിത് ചെയ്യാനാകും. അതിന് നിങ്ങളെ സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. കൂട്ടത്തില്‍ കൂട്ട് കൂടി വര്‍ക്കൗട്ടിന് പോകുന്നതിനെ കുറിച്ചും വിശദീകരിക്കാം. 

കായികാധ്വാനം...

'ഹെല്‍ത്തി'യായി ഇരിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരം അത്യാവശ്യം അനങ്ങുന്നുണ്ടോയെന്ന് ഉറപ്പുവരുത്തലാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. എങ്ങനെയും ദിവസത്തില്‍ 45 മിനുറ്റ് നേരമെങ്കിലും കായികാധ്വാനത്തിന് വേണ്ടി സമയം മാറ്റിവയ്ക്കുക. 

നടത്തം, ഓട്ടം, വീട്ടില്‍ തന്നെ ചെയ്യാവുന്ന എക്സര്‍സൈസുകള്‍, നീന്തല്‍, വീട്ടിലെ ജോലികള്‍ (പറമ്പിലെ മുറ്റത്തോ ഒക്കെ ജോലി ചെയ്യുന്നത് പോലെ അത്യാവശ്യം ശരീരം അനങ്ങുന്നത്), മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം, ജിമ്മിലെ വര്‍ക്കൗട്ട് എന്നിങ്ങനെ എന്തുമാകാം ഇത്. ഏത് രീതിയാണെങ്കിലും ഇത് നിര്‍ബന്ധമാണെന്ന് മനസിലാക്കുക. 

ലഞ്ച് ബ്രേക്ക്...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് ശാരീരികമായ ഏറെ പ്രതിസന്ധികള്‍ നേരിടുന്നതെന്ന് പറഞ്ഞുവല്ലോ. അതിനാല്‍ ഇവരാണ് ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്.  ദിവസം മുഴുവൻ കസേരയിലിരുന്ന് കംപ്യൂട്ടര്‍ നോക്കി വര്‍ക്ക് ചെയ്യുന്നതാണ് നിങ്ങളുടെ ശീലമെങ്കില്‍ നിങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന സമയമാണ് ലഞ്ച് ബ്രേക്ക്. 

ഈ സമയത്ത് ഭക്ഷണശേഷം ഒന്ന് നടക്കാനോ പടികള്‍ ഇറങ്ങി കയറാനോ എല്ലാം ശ്രമിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉച്ച വരെ ഏറെക്കുറെ ഒരേ ഇരിപ്പ് ഇരുന്ന ശേഷം ഭക്ഷണം കഴിച്ച് വീണ്ടും അതേ ഇരുപ്പ് തുടരുന്നത് ദഹനത്തെ വരെ ദോഷകരമായി ബാധിക്കും. വയര്‍ കൂടാനും, ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കൂടാനും, തളര്‍ച്ച അനുഭവപ്പെടാനുമെല്ലാം ഇത് കാരണമാകും. 

ഫിറ്റ്നസ് ക്ലാസ്...

വ്യായാമത്തിനോ ജിം വര്‍ക്കൗട്ടിനോ മടി തോന്നുന്നവരാണെങ്കില്‍ അവര്‍ക്ക് ഫിറ്റ്നസുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്ക് തന്നെ ജോയിൻ ചെയ്യാവുന്നതാണ്. ഇത് വര്‍ക്കൗട്ടിനോട് കുറച്ചുകൂടി താല്‍പര്യമുണ്ടാക്കാനും വര്‍ക്കൗട്ട് നിര്‍ബന്ധമായി ചെയ്യുന്നതിലേക്കുമെല്ലാം നയിക്കുന്നു. 

സാധിക്കുന്ന ഗോളുകള്‍ മതി...

തിരക്കുപിടിച്ച ജോലിയും ജീവിതരീതിയുമാണെങ്കില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഭാരിച്ച ഗോളുകള്‍ വച്ച് മുന്നോട്ട് പോകരുത്. മറിച്ച്, കൊക്കിലൊതുങ്ങുന്ന രീതിയില്‍ ഇതിനെ ക്രമീകരിക്കുക. തീര്‍ത്തും സമാധാനത്തോടും സന്തോഷത്തോടും കൂടിയാകണം വര്‍ക്കൗട്ട് ചെയ്യേണ്ടത്. സിക്സ് പാക്ക് എന്നതോ അടുത്തുള്ളയാളുടെ ഫിറ്റ്നസ് എന്നതോ നിര്‍ബന്ധമായും ലക്ഷ്യമാക്കി വയ്ക്കരുത്. നിങ്ങളുടെ ഫിറ്റ്നസിന് മാത്രം പ്രാധാന്യം നല്‍കിയാല്‍ മതി. സമ്മര്‍ദ്ദത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് നെഗറ്റീവായോ ശരീരത്തെ സ്വാധീനിക്കൂ. 

കൂട്ട് കൂടി വര്‍ക്കൗട്ട് ചെയ്യുന്നത്...

ആദ്യമേ സൂചിപ്പിച്ചത് പോലെ വര്‍ക്കൗട്ടിന് പോകാൻ കൂട്ടുകാരെ തേടുന്നത് ഉചിതമായ രീതിയാണോ അല്ലയോ എന്ന സംശയം എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുള്ളതാണ്. സത്യത്തില്‍ വര്‍ക്കൗട്ടിന് വേണ്ടി കൂട്ടുകാരെ ഉണ്ടാക്കുന്നത് വളരെ നല്ല രീതിയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഒറ്റക്കാര്യം മാത്രം നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ക്കൗട്ടിനോട് താല്‍പര്യമുള്ളവരെ മാത്രമേ ഇതിനായി തെരഞ്ഞെടുക്കാവൂ. അല്ലാത്തപക്ഷം ഇവരുടെ നെഗറ്റീവായ സ്വാധീനം നിങ്ങളെയും മോശമായി ബാധിക്കും. 

വീക്കെൻഡുകള്‍...

ആഴ്ച മുഴുവൻ തിരക്ക് പിടിച്ച് പോകുന്നവരെ സംബന്ധിച്ച് വീക്കെൻഡ് അവധിയാകുമ്പോള്‍ വെറുതെ ഇരിക്കാനാണ് ആഗ്രഹിക്കുക, അല്ലേ? എന്നാല്‍ ഈ രീതിയും അത്ര നല്ലതല്ല. വീക്കെൻഡിലെ ഈ അലസത തുടര്‍ന്നുള്ള ദിവസങ്ങളെയും സ്വാധീനിക്കും. അതിനാല്‍ നിര്‍ബന്ധമായും വീക്കെൻഡില്‍ എന്തെങ്കിലും തരത്തിലുള്ള കായികമായ കാര്യങ്ങളില്‍ ഏര്‍പ്പെടും. കഴിയുന്നതും ആസ്വദനീയമായ എന്തെങ്കിലും തന്നെ ചെയ്യാൻ ശ്രദ്ധിക്കുക. 

Also Read:- നാവില്‍ ഈ പ്രശ്നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങളാദ്യം പരിശോധിക്കേണ്ടത്...

 

Latest Videos
Follow Us:
Download App:
  • android
  • ios