മൂത്രത്തില്‍ രക്തം, എന്നാല്‍ വേദനയുമില്ല; നിസാരമാക്കരുത് ഈ ലക്ഷണങ്ങള്‍...
നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രയാസങ്ങളെ ഒരിക്കലും വച്ചുകൊണ്ടിരിക്കരുത്. ഒരുപക്ഷേ വളരെ ലളിതമായ പരിശോധനകളിലൂടെ തന്നെ എന്താണ് നമ്മളെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനും വൈകാതെ തന്നെ ചികിത്സ ആരംഭിക്കാനും കഴിഞ്ഞാല്‍ ഭാവിയില്‍ ഒരുപാട് സങ്കീര്‍ണതകളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കും.
നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാറുണ്ട്. എന്നാലിതില്‍ പല പ്രശ്നങ്ങള്‍ക്കും സമയബന്ധിതമായി പരിശോധന നടത്തുന്നതിനോ പരിഹാരം കാണുന്നതിനോ ചികിത്സയെടുക്കുന്നതിനോ തയ്യാറാകുന്നവര്‍ വളരെ കുറവാണ്.
ഇത്തരത്തില്‍ നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രയാസങ്ങളെ ഒരിക്കലും വച്ചുകൊണ്ടിരിക്കരുത്. ഒരുപക്ഷേ വളരെ ലളിതമായ പരിശോധനകളിലൂടെ തന്നെ എന്താണ് നമ്മളെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനും വൈകാതെ തന്നെ ചികിത്സ ആരംഭിക്കാനും കഴിഞ്ഞാല്‍ ഭാവിയില്‍ ഒരുപാട് സങ്കീര്‍ണതകളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കും.
അത്തരത്തില്‍ മൂത്രാശയ അണുബാധയും മൂത്രാശയ ക്യാൻസറും തിരിച്ചറിയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. പലരും മൂത്രാശയ ക്യാൻസറിന്‍റെ ലക്ഷണങ്ങളെ മൂത്രാശയ അണുബാധയായി മനസിലാക്കുകയും, നിസാരമാക്കി കണ്ട് ചികിത്സ വൈകിപ്പിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയൊരു പിഴവ് സംഭവിക്കാതിരിക്കാൻ എന്തെല്ലാമാണ് നമുക്ക് ചെയ്യാനാവുകയെന്നതാണ് ഇനി പങ്കുവയ്ക്കുന്നത്. ഇതിന് ആദ്യമായി മൂത്രാശയ ക്യാൻസറിന്‍റെ ലക്ഷണമായി വരുന്ന പ്രശ്നങ്ങള്‍ മനസിലാക്കണം.
മൂത്രാശയ ക്യാൻസര്‍ ലക്ഷണങ്ങള്‍...
മൂത്രാശയ ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണമാണ് മൂത്രത്തില്‍ രക്തം. ഒന്നുകില്‍ ചെറിയ കട്ടയായി, അല്ലെങ്കില്‍ ഒഴുകിയത് പോലെ തന്നെയുള്ള പരുവത്തില്‍ രക്തം കാണാം. അത് മൂത്രമൊഴിച്ച് തുടക്കത്തിലോ- അല്ലെങ്കില്‍ തീരുമ്പോഴോ ആയിരിക്കും അധികവും വരിക.
ഇനി, ചില കേസുകളില്‍ മൂത്രത്തിലെ രക്തം നമുക്ക് കാണാൻ സാധിക്കില്ല. പക്ഷേ പരിശോധനയില്‍ മൂത്രത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടി സാധിക്കും.
ക്യാൻസറിലാണെങ്കില്‍ മൂത്രത്തില്‍ രക്തം പോയാലും വേദന അനുഭവപ്പെടണമെന്നില്ല. ഇക്കാര്യം പ്രത്യേകം ഓര്‍ക്കുക. അതേസമയം മൂത്രമൊഴിക്കുമ്പോഴും മൂത്രമൊഴിക്കാതിരിക്കുന്ന സമയത്തുമൊക്കെ അകത്ത് വേദനയും എരിച്ചിലും അനുഭവപ്പെടുകയും ചെയ്യാം.
ഇടവിട്ട് മൂത്രശങ്ക, മൂത്രമൊഴിക്കാൻ മുട്ടിയാലും അത് അനിയന്ത്രിതമാം വിധം അസഹനീയമായി മാറുക, മൂത്രം പിടിച്ചുവയ്ക്കാനേ കഴിയാത്ത അവസ്ഥ - ഒപ്പം വേദനയും എരിച്ചിലും, രാത്രിയില്‍ ഇടവിട്ട് മൂത്രശങ്ക, മൂത്രമൊഴിക്കാൻ മുട്ടിയിട്ടും മൂത്രമൊഴിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ, നടുവില്‍ താഴ്ഭാഗത്തായി ഒരു ശത്ത് മാത്രം വേദന എന്നിവയെല്ലാം ക്യാൻസര്‍ ലക്ഷണമായി വരുന്ന പ്രശ്നങ്ങളാണ്. ഇവയില്‍ പല പ്രശ്നങ്ങളും മൂത്രാശയ അണുബാധയുടെയും ലക്ഷണങ്ങളായി വരാറുണ്ട്. അങ്ങനെയെങ്കില്‍ എങ്ങനെ മൂത്രാശയ അണുബാധയെയും മൂത്രാശയ ക്യാൻസറിനെയും വേര്‍തിരിച്ചറിയാം?
മൂത്രാശയ അണുബാധയും മൂത്രാശയ ക്യാൻസറും...
മൂത്രാശയ അണുബാധയുടെയും ക്യാൻസറിന്‍റെയും ലക്ഷണങ്ങള്‍ പരസ്പരം തെറ്റിപ്പോകാമെന്ന് സൂചിപ്പിച്ചുവല്ലോ. മൂത്രത്തില്‍ രക്തം വേദന, എരിച്ചില്‍, ഇടവിട്ട് മൂത്രശങ്ക എന്നുതുടങ്ങി പല ലക്ഷണങ്ങളും മൂത്രാശയ അണുബാധയിലും ക്യാൻസറിലും ഒന്നാണ്.
നിര്‍ബന്ധമായും ആശുപത്രിയിലെത്തി പരിശോധന നടത്തുക എന്നതാണ് ഇവ തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള ഏകമാര്‍ഗം. കാരണം ഒരിക്കലും ഈ രോഗങ്ങള്‍ സ്വന്തമായി നിര്‍ണയിക്കരുത്. തെറ്റാണെങ്കില്‍ അത് ഭാവിയിലുണ്ടാക്കുന്ന സങ്കീര്‍ണതകളൊന്ന് ഓര്‍ത്താല്‍ മതി. വളരെ ലളിതമായ മൂത്ര പരിശോധനയിലൂടെ തന്നെ ചിലതെല്ലാം വ്യക്തമാകും. സംശയമുള്ള സാഹചര്യത്തില്‍ മറ്റ് പരിശോധനകള്‍ ഡോക്ടര്‍ തന്നെ പറയും. മൂത്രാശയ ക്യാൻസറും സമയത്തിന് ചികിത്സയെടുക്കാൻ സാധിച്ചാല്‍ ഒരു പേടിയും വയ്ക്കേണ്ടതില്ലാത്ത രോഗം തന്നെയാണ്. ധൈര്യമായി ചികിത്സയിലേക്ക് കടക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്.
Also Read:- ബിപിയും പ്രമേഹവും ഉള്ളവര്‍ ചെറുപയര്‍ നിര്‍ബന്ധമായും കഴിക്കുക; കാരണം അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-