കൊവിഡ് ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ; തെളിവുസഹിതം ആശുപത്രികള്‍...
രോഗപ്രതിരോധ ശേഷി ദുര്‍ബലമായവരിലാണ് രണ്ടാം തവണയും കൊവിഡ് ബാധ കണ്ടെത്തുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പൊതുവില്‍ നിരീക്ഷിക്കുന്നത്. ക്യാന്‍സര്‍, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളും ഇമ്മ്യൂണിറ്റിയെ ക്ഷയിപ്പിക്കുന്ന മറ്റ് രോഗങ്ങളും ഉള്ളവരില്‍ കൊവിഡിന്റെ രണ്ടാം വരവിനുള്ള സാധ്യത കൂടുതലാകുന്നത് അതിനാലാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു
കൊവിഡ് 19 ഒരിക്കല്‍ പിടിപെട്ടാല്‍ വീണ്ടും രോഗബാധയുണ്ടാകില്ലെന്നാണ് പൊതുവേ നമുക്കിടയില്‍ നിലനില്‍ക്കുന്ന ധാരണ. എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ ഒരറപ്പ് വിദഗ്ധര്‍ ഇതുവരേയും നല്‍കിയിരുന്നില്ല. ഇപ്പോഴിതാ രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നുവെന്ന് സ്ഥിരീകരിക്കുകയാണ് ദില്ലിയിലെ ഏതാനും ആശുപത്രികള്‍.
കഴിഞ്ഞ ഒന്നര മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ദ്വാരകയിലെ ആകാശ് ഹെല്‍ത്ത്‌കെയര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം ആദ്യം ഇത്തരത്തില്‍ രണ്ടാമതായി കൊവിഡ് ബാധിച്ചെത്തിയ രണ്ട് രോഗികളാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. ഇരുവരുടേയും രോഗം ഭേദമായി ഒന്നര മാസത്തിന് ശേഷമായിരുന്നു ഇത്. വീണ്ടും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്.
കൊവിഡ് വന്ന് ഭേദമായി രണ്ട് മാസം തികഞ്ഞ ശേഷമാണ് വീണ്ടും രോഗം ബാധിച്ച് ഒരു ക്യാന്‍സര്‍ രോഗി ആകാശ് ഹെല്‍ത്ത്‌കെയറില്‍ ചികിത്സ തേടിയെത്തിയത്. രണ്ടാം വരവില്‍ രോഗത്തെ ചെറുത്തുനില്‍ക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സമാനമായ തരത്തില്‍ തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും നഴ്‌സിന്റേയും കേസ് വിശദാംശങ്ങളും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
ഇരുവരും കൊവിഡ് രോഗത്തില്‍ നിന്ന് പരിപൂര്‍ണ്ണമായി മോചിതരായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീണ്ടും രോഗബാധയുണ്ടായി. ഇരുവരും വീണ്ടും രോഗത്തെ അതിജീവിച്ചു.
'സാധാരണഗതിയില്‍ കൊവിഡ് വന്ന് ഭേദമായവരില്‍ ശരാശരി 40 ദിവസം വരെയെല്ലാം വൈറസ് ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് വ്യക്തമാക്കുന്ന പഠനങ്ങള്‍ നേരത്തേ വന്നിട്ടുണ്ട്. എന്നാല്‍ രണ്ടാം തവണയും രോഗം പിടിപെടുന്നത് മുമ്പ് ബാധിച്ച അതേ ഘടനയിലുള്ള വൈറസിനാല്‍ തന്നെയാകണമെന്നില്ല. ഈ സംശയമാണ് ആരോഗ്യവിദഗ്ധരില്‍ ശക്തമായിട്ടുള്ളത്. ഇക്കാര്യം ഉറപ്പിക്കണമെങ്കില്‍ കൊറോണ വൈറസിന്റെ ജനിതക മാറ്റങ്ങള്‍ സംബന്ധിച്ച് നടന്നുവരുന്ന പഠനങ്ങളുടെ ഫലം കൂടി എത്തേണ്ടതുണ്ട്. എന്തായാലും ഒരിക്കല്‍ കൊവിഡ് വന്ന് ഭേദമായവരില്‍ വീണ്ടും രോഗം വരുന്നുവെന്നത് സ്ഥിരീകരിക്കാവുന്നതാണ്...'- ദില്ലിയില്‍ സര്‍ക്കാര്‍ ഡോക്ടറായ ഡോ. ബി എല്‍ ഷെര്‍വാള്‍ പറയുന്നു.
കൊവിഡ് ബാധിച്ച് ആകാശ് ഹെല്‍ത്ത്‌കെയറില്‍ ചികിത്സയ്‌ക്കെത്തിയ 65കാരിയായ ക്യാന്‍സര്‍ രോഗിയുടെ കേസ് വിശദാംശങ്ങള്‍ ഇവിടെയുള്ള ഓങ്കോളജി വകുപ്പ് മേധാവി തന്നെ വിശദീകരിക്കുന്നു.
'കൊവിഡ് ബാധിച്ചതിനാല്‍ കീമോതെറാപ്പി ചെയ്യാനാകാത്ത അവസ്ഥയായിരുന്നു അവര്‍ക്ക്. കീമോയ്ക്ക് പകരം ചില മരുന്നുകള്‍ കൊണ്ട് അവരെ പിടിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അവരുടെ നില മോശമാവുകയായിരുന്നു. കൊവിഡ് ഭേദമായപ്പോള്‍ പിന്നീട് കീമോ ചെയ്തു. അതോടെ നേരിയ മാറ്റങ്ങള്‍ കാണുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തിന് ശേഷം അവരില്‍ വീണ്ടും കൊവിഡ് ബാധ കണ്ടെത്തി. വൈകാതെ അവരുടെ ആരോഗ്യനില മോശമാവുകയും അവര്‍ മരിക്കുകയും ചെയ്തു...'- ഡോ. ചന്ദ്രഗൗഡ പറയുന്നു.
രോഗപ്രതിരോധ ശേഷി ദുര്‍ബലമായവരിലാണ് രണ്ടാം തവണയും കൊവിഡ് ബാധ കണ്ടെത്തുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പൊതുവില്‍ നിരീക്ഷിക്കുന്നത്. ക്യാന്‍സര്‍, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളും ഇമ്മ്യൂണിറ്റിയെ ക്ഷയിപ്പിക്കുന്ന മറ്റ് രോഗങ്ങളും ഉള്ളവരില്‍ കൊവിഡിന്റെ രണ്ടാം വരവിനുള്ള സാധ്യത കൂടുതലാകുന്നത് അതിനാലാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതിരോധ ശേഷി കുറഞ്ഞവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മാസ്‌ക്, ഇടവിട്ട് കൈ വൃത്തിയാക്കല്‍ എന്നിവ പരമാവധി ചിട്ടയോടെ ഇത്തരക്കാര്‍ ചെയ്യേണ്ടതുണ്ടെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.