എച്ച്എംപിവി വെെറസ് ; പേടി വേണ്ട, കരുതലും പ്രതിരോധവും പ്രധാനം ; വിദഗ്ധർ പറയുന്നു
എച്ച്എംപിവി ഒരു പഴയ വൈറസാണ്. ഈ വെെറസ് സാധാരണയായി നേരിയ രോഗത്തിന് മാത്രമാണ് ഇടയാക്കുന്നത്. എന്നാൽ ശിശുക്കളിലും പ്രായമായവരിലും അല്ലെങ്കിൽ രോഗാവസ്ഥയുള്ളവരിലും ഇത് ന്യുമോണിയയ്ക്ക് കാരണമാകും.
മുംബൈയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് HMPV വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈ നഗരത്തിലെ പവായ് ഏരിയയിലെ ഹിരാനന്ദാനി ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സ തേടിയിരുന്നത്. കുട്ടികളെ എച്ച്എംപിവി വെെറസ് കൂടുലതായി ബാധിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
എച്ച്എംപിവി ഒരു പഴയ വൈറസാണ്. ഈ വെെറസ് സാധാരണയായി നേരിയ രോഗത്തിന് മാത്രമാണ് ഇടയാക്കുന്നത്. എന്നാൽ ശിശുക്കളിലും പ്രായമായവരിലും അല്ലെങ്കിൽ രോഗാവസ്ഥയുള്ളവരിലും ഇത് ന്യുമോണിയയ്ക്ക് കാരണമാകും. കൂടാതെ, ഇത് ശ്വസന പ്രശ്നങ്ങൾക്കും ആശുപത്രിവാസത്തിനും ഇടയാക്കും. പ്രതിരോധശേഷി കുറയുമ്പോൾ വെെറസ് അതിവേഗം പകരുന്നു. അണുബാധ പടരുന്നത് തടയാൻ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് മുൻ എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു.
എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.
എച്ച്എംപിവി വെെറസ് കൊറോണ വൈറസുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് വൈറോളജിസ്റ്റായ ഡോ. സൗമിത്രദാസ് പറഞ്ഞു. എച്ച്എംപിവി കൊറോണ വൈറസിനെപ്പോലെയല്ല. അതുകൊണ്ട് തന്നെ ആശങ്കപെടേണ്ട കാര്യമില്ലെന്നും സൗമിത്രദാസ് പറഞ്ഞു.
തണുപ്പ് കാലത്ത് കണ്ടുവരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇത് റിപ്പോർട്ട് ചെയ്യാറുണ്ട്. ജൂലെെ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് ഈ വൈറസ് ബാധ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജലദോഷം, പനി, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
'എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല': അനാവശ്യഭീതി പരത്തരുതെന്ന് ഐഎംഎ