കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ എച്ച്‌ഐവിക്കെതിരായ ആന്റിബോഡി; പരീക്ഷണം നിര്‍ത്തിവച്ചു
അപ്രതീക്ഷിതമായ പ്രതിപ്രര്‍ത്തനം നടന്നതോടെ രണ്ടാംഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമുള്ള പരീക്ഷണങ്ങള്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്. ആദ്യഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ തുടര്‍ന്നും രേഖപ്പെടുത്തും. വാക്‌സിന്‍ എത്തരത്തിലാണ് പ്രതികരിക്കുന്നതെന്ന് മനസിലാക്കുന്നതിനാണ് ഇത്
കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെയും പരീക്ഷണം നടത്തുന്നതിന്റെയും തിരക്കിലാണ് മിക്ക രാജ്യങ്ങളും. ഇതിനിടെ പല വാക്‌സിനുകളെ ചൊല്ലിയും നിരവധി പരാതികളും ആരോപണങ്ങളുമുയര്‍ന്നിരുന്നു.
ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവിലായി പ്രതിസന്ധിയിലായിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ വികസിപ്പിച്ചെടുത്ത v451 കൊവിഡ് വാക്‌സിന്‍. ആദ്യഘട്ട പരീക്ഷണത്തിനിടെ, പരീക്ഷണത്തില്‍ പങ്കെടുത്ത പലരിലും എച്ച്‌ഐവിക്കെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടതോടെയാണ് വാക്‌സിന്‍ പരീക്ഷണം പ്രതിസന്ധിയിലായിരിക്കുന്നത്.
എച്ച്‌ഐവിക്കെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടെങ്കിലും ആരിലും എച്ച്‌ഐവി അണുബാധയില്ലെന്നും ഇത്തരത്തിലുള്ള 'ഇമ്മ്യൂണിറ്റി' സംബന്ധമായ മാറ്റങ്ങള്‍ വരാമെന്ന് നേരത്തേ പരീക്ഷണത്തില്‍ പങ്കെടുക്കുന്നവരെ അറിയിച്ചിരുന്നുവെന്നും വാക്‌സിന്‍ നിര്‍മ്മാതാക്കളായ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയും സിഎസ്എല്‍ എന്ന ബയോടെക് കമ്പനിയും അറിയിച്ചു.
ഏതായാലും അപ്രതീക്ഷിതമായ പ്രതിപ്രര്‍ത്തനം നടന്നതോടെ രണ്ടാംഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമുള്ള പരീക്ഷണങ്ങള്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്. ആദ്യഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ തുടര്‍ന്നും രേഖപ്പെടുത്തും. വാക്‌സിന്‍ എത്തരത്തിലാണ് പ്രതികരിക്കുന്നതെന്ന് മനസിലാക്കുന്നതിനാണ് ഇത്. നിലവില്‍ ആരും സുരക്ഷാഭീഷണി നേരിടുന്നില്ലെന്നും അത്തരത്തിലുള്ള ഭയം വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Also Read:-ഫൈസർ വാക്സിൻ; അലർജി പ്രശ്നമുള്ളവർക്ക് മുന്നറിയിപ്പുമായി യുകെ...